ഷഡ്‌പദങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള ജൈവവംശമാണ് ഷഡ്‌പദങ്ങള്‍ അഥവാ പ്രാണികള്‍. ഭൂമിയില്‍ എല്ലാത്തരം ആവാസവ്യവസ്ഥകളിലും ഷഡ്‌പദങ്ങളെ കണ്ടുവരുന്നു. 9,25,000 വംശം ഷഡ്‌പദങ്ങളെ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 3,50,000 വംശം വണ്ടുകള്‍, 2,30,000 വംശം ഈച്ചകള്‍(ഉറുമ്പുകളും ചിതലുകളുമടക്കം), 1,70,000 വംശം ചിത്രശലഭങ്ങള്‍, 82,000 ഇനം മൂട്ടകള്‍, 20,000 ഇനം പുല്‍ച്ചാടികള്‍, 5000 ഇനം തുമ്പികള്‍, 2000 ഇനം തൊഴുംപ്രാണികള്‍ എന്നിങ്ങനെയാണ് ഷഡ്‌പദങ്ങളിലെ പ്രധാന വംശങ്ങളെ തിരിച്ചിരിക്കുന്നത്. 29 വിഭാഗങ്ങളിലായി(Order), 627 കുടുംബങ്ങളില്‍(Family) പടര്‍ന്നുകിടക്കുന്ന വംശമാണിത്.
ഉള്ളടക്കം |
[തിരുത്തുക] പരിണാമ ശാസ്ത്രം
മിരിയാപോഡ് വംശത്തില്‍ നിന്നും(Myriapod) മൂന്നരക്കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്ഭവിച്ചതാണ് ഷഡ്‌പദങ്ങള്‍ എന്നാണ് വിശ്വാസം. അട്ട, പഴുതാര മുതലായ ജീവികളും സമാന സ്വഭാവമുള്ളതും സമാന കാലഘട്ടത്തില്‍ ഉത്ഭവിച്ചവയുമാണ്.
[തിരുത്തുക] പ്രത്യേകതകള്‍
ഒരു മില്ലിമീറ്ററില്‍ താഴെയുള്ളവ മുതല്‍ 18 സെന്റിമീറ്റര്‍ നീളമുള്ളവയെ വരെ ഈ വംശത്തില്‍ കാണാം. ഷഡ്‌പദങ്ങളുടെ അസ്ഥികൂടം ശരീരത്തിനു പുറത്തായി സ്ഥിതിചെയ്യുന്നു(ബാഹ്യാസ്ഥികൂടം-Exoskelton). ശ്വാസനാളികളുള്ള(Trachea) ആര്‍ത്രോപോഡ(Arthropoda) വിഭാഗത്തിലാണ് ഷഡ്‌പദങ്ങള്‍ പെടുന്നത്. ആര്‍ത്രോപോഡ എന്ന വാക്കിനു പലഭാഗങ്ങള്‍ കൊണ്ടുള്ള ശരീരമുള്ള കാലുള്ള ജീവി എന്നാണ് അര്‍ത്ഥം. കോടിവര്‍ഷങ്ങള്‍കൊണ്ടു ഷഡ്‌പദങ്ങള്‍ നേടിയ ഗുണപരിവര്‍ത്തനങ്ങള്‍ ചില്ലറയല്ല, പറക്കാനുള്ള കഴിവ്, സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള കഴിവ്, ചെറിയ ശരീരം, രൂപാന്തരണം(Metamorphois), മറ്റുജീവികളില്‍നിന്നും വ്യത്യസ്തമായ പ്രജനന രീതികള്‍ എന്നിവയാണവ.
[തിരുത്തുക] ശാരീരിക പ്രത്യേകതകള്‍
ഷഡ്‌പദങ്ങളുടെ ശരീരം ശിരസ്സ്, വക്ഷസ്സ്, ഉദരഭാഗം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ശിരസ്സില്‍ വായ്‌ഭാഗങ്ങളും രണ്ടു സംയുക്ത നേത്രങ്ങളും, ശൃംഗികളും(Antenna) കാണാം, സംയുക്ത നേത്രത്തോടൊപ്പം സാധാരണ നേത്രവും ഉണ്ടാവാറുണ്ട്. വക്ഷസ്സ് മൂന്നു ഖണ്ഡങ്ങളായി ചേര്‍ന്നിരിക്കുന്നു. മൂന്നു ഖണ്ഡങ്ങളുടേയും താഴെയായി രണ്ടുകാലുകള്‍ ഇരുഭാഗത്തുമായി ഉണ്ട്. ചിറകുള്ള ഷഡ്‌പദങ്ങളില്‍ വക്ഷസ്സിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഖണ്ഡങ്ങളിലോ രണ്ടാമത്തെ ഖണ്ഡത്തില്‍മാത്രമായോ ചിറകുകള്‍ ജോടിയായി ഉണ്ടാകും. ഉദരഭാഗം പതിനൊന്നു ഖണ്ഡങ്ങളുടെ ഒത്തുചേരലാണ്. ഉദരഭാഗത്തായിരിക്കും ശ്വസനം, പ്രത്യുത്പാദനം, വിസര്‍ജ്ജനം മുതലായ ക്രിയകള്‍ക്കുള്ള ശരീരഭാഗങ്ങളുണ്ടാവുക.
രക്തചംക്രമണം സാധ്യമാക്കുന്നത് ശിരസ്സുമുതല്‍ ഉദരം വരെ നീളമുള്ള നീണ്ട കുഴല്‍ പോലുള്ള അവയവമാണ്. ഈ കുഴലിന്റെ മുന്‍ഭാഗം അയോര്‍ട്ട(Aorta) എന്നറിയപ്പെടുന്നു. പിന്‍ഭാഗം ഹൃദയത്തിന്റെ ജോലിയാണു ചെയ്യുന്നത്. ശരീരത്തിലെ എട്ടുഖണ്ഡങ്ങളില്‍ നിന്ന് പുറത്തേക്കു തുറക്കുന്ന ഓരോ ജോടി ഓസ്റ്റിയം(Ostium) എന്നറിയപ്പെടുന്ന അവയവങ്ങളുണ്ട്. ഓസ്റ്റിയങ്ങള്‍ ഹീമോസില്‍ എന്ന ശരീര അറകളിലേക്കു തുറന്നിരിക്കുന്നു. ഞരമ്പുകള്‍ ഒന്നും തന്നെയില്ലാതെയാണ് ശരീരത്തിലെ പ്രധാന ക്രിയകളെല്ലാം ഇവ ചെയ്യുന്നത്. വക്ഷസ്സില്‍ രണ്ടും ഉദരഭാഗത്ത് എട്ടും ഉള്ള ശ്വാസനാളികകള്‍ വഴിയാണ് പ്രാണികള്‍ ശ്വസിക്കുന്നത്. ഇവ ഖണ്ഡങ്ങള്‍ക്കകത്തുള്ള ശ്വാസനാളിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഇവയുടെ അസ്ഥികൂടം ശരീരത്തിനു പുറത്തു സ്ഥിതിചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത, ചെയ്റ്റിന്‍(Chitin) എന്ന രാസവസ്തുവാലാണിത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
ശരീരത്തിലെ ആറുകാലുകളും, ശൃംഗികളും മൂന്നായ് തിരിച്ചറിയാവുന്ന ശരീരവും ഷഡ്‌പദങ്ങളെ മറ്റുള്ള ജീവികളില്‍ നിന്ന് പെട്ടന്നു തിരിച്ചറിയാന്‍ സാധിക്കുന്നുവെങ്കിലും, തേള്‍, എട്ടുകാലി മുതലായ ബാഹ്യാസ്ഥികൂടവും സമാന ശരീരപ്രകൃതിയുമുള്ള ജീവികളെ ചിലപ്പോള്‍ ഷഡ്‌പദങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്.
[തിരുത്തുക] പ്രത്യുത്പാദനം
മുട്ടയായും പുഴുവായും(നിംഫ്) പിന്നീട് സമാധിദശ പിന്നിട്ട് പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ച പ്രാണിയായും മാറാനുള്ള കഴിവ് പ്രാണികളുടെ മറ്റൊരു പ്രത്യേകതയാണ്. വിവിധ ദശകളില്‍ വിവിധ ആഹാരങ്ങള്‍ സ്വീകരിക്കുന്നതുമൂലം ഒരേതരം ആഹാരത്തിന്റെ ലഭ്യത ഇവക്കു പ്രശ്നമല്ല. അനുയോജ്യ സാഹചര്യമില്ലാത്ത പക്ഷം ബീജസങ്കലനം വൈകിക്കുന്നതുമൂലം പ്രത്യുത്പാദനം നീട്ടിവെയ്ക്കാനും പ്രാണികള്‍ക്കു കഴിയുന്നു. ഇണചേര്‍ന്ന ശേഷം പുംബീജങ്ങളെ ബീജഗ്രാഹികയില്‍ ശേഖരിച്ച് അനുയോജ്യമായ സമയത്തുമാത്രം ബീജസംയോജനം നടത്തി മുട്ടകള്‍ നിക്ഷേപിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടാന്‍ ഷഡ്‌പദങ്ങള്‍ക്കുള്ള മറ്റൊരു കഴിവാണിത്.
[തിരുത്തുക] ബൌദ്ധികത
അതിശയിപ്പിക്കുന്ന ബുദ്ധിസാമര്‍ത്ഥ്യം ചിലപ്പോള്‍ പ്രാണികള്‍ പ്രകടിപ്പിക്കാറുണ്ട്. ചിലയിനം കടന്നലുകള്‍ ഇരയെ കൊല്ലാതെ അവയെ വിഷം കുത്തിവച്ച് മയക്കി കൂട്ടിലിട്ടടക്കുന്നു എന്നിട്ട് ആ ശരീരത്തില്‍ മുട്ടകളിടുന്നു. ഇങ്ങിനെ ചെയ്യുന്നതു വഴി കുഞ്ഞുങ്ങള്‍ വിരിയുമ്പോള്‍ അവക്കുള്ള ഭക്ഷണം തൊട്ടടുത്തു തന്നെ ലഭിക്കുന്നു. കൊന്നു സൂക്ഷിച്ചാല്‍ ചിലപ്പോള്‍ ഇരകള്‍ അഴുകിയോ ഉണങ്ങിയോ പോകാനുള്ള സാധ്യതയേയും മറികടക്കുന്നു. അവയില്‍ തന്നെ ചിലയിനനങ്ങള്‍ ഒരുമുട്ടക്ക് ഇത്രയെണ്ണം എന്ന കണക്കില്‍ കൃത്യമായി ഇരകളെ സൂക്ഷിക്കാറുണ്ട്. 5, 12, 24 എന്നിങ്ങനെ വ്യത്യസ്ത ജാതികള്‍ വ്യത്യസ്തയെണ്ണം ഇരകളെ സൂക്ഷിക്കുന്നു. ഷഡ്‌പദങ്ങളുടെ എണ്ണാനുള്ള കഴിവ് ശാസ്ത്രലോകത്തിനെ ഇന്നും കുഴപ്പിക്കുന്ന പ്രശ്നമാണ്. പുരുഷ ഷഡ്‌പദ കുഞ്ഞിനും സ്ത്രീ ഷഡ്‌പദ കുഞ്ഞിനും വ്യത്യസ്തയെണ്ണം ഇരകളെ എത്തിക്കുന്നവയുമുണ്ട്.
മിക്കയിനം ഷഡ്‌പദങ്ങളും കൂടുകള്‍ നിര്‍മ്മിക്കുന്നവയാണ്. ഒരു സമൂഹമായി ജീവിക്കുന്നവയും ഒറ്റക്കൊറ്റക്കും താമസിക്കുന്നവയുമുണ്ട്. തേനീച്ച, കടന്നല്‍ മുതലായവയുടെ കൂടുകള്‍ കൃത്യമായ ജ്യാമിതീയ അളവുകള്‍ പാലിക്കാറുണ്ട്. ഉറുമ്പുകള്‍, ചിതലുകള്‍ മുതലായവയുടെ കൂടുകളാകട്ടെ ഒരു വലിയ പട്ടണത്തിലേതു പോലെ കൃത്യമായി നിര്‍വ്വചിക്കപ്പെട്ടവയാണ്.
ചിലയിനം ഉറുമ്പുകളാട്ടെ എഫിഡ്(Aphid) എന്നറിയപ്പെടുന്ന ജീവികളെ തങ്ങളുടെ കൂട്ടില്‍ വളര്‍ത്താറുണ്ട്. അവയുടെ ശരീരത്തില്‍ നിന്നുമൂറി വരുന്ന പാലിനായാണിത്. എഫിഡുകള്‍ക്ക് ഭക്ഷണത്തിനായി പൂപ്പലുകള്‍ വളര്‍ത്താറുമുണ്ട്. ഉറുമ്പുകള്‍, ചിതലുകള്‍, തേനീച്ചകള്‍ എന്നിവയുടെ സമൂഹങ്ങളിലാകട്ടെ തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വര്‍ഗ്ഗീകരണവും ഉച്ചനീചത്വവും കാണാം. മനുഷ്യന്‍ സ്വന്തം ഭവനങ്ങളില്‍ താപം നിയന്ത്രണം നടത്തുന്നതിനു സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ തേനീച്ചകള്‍ തങ്ങളുടെ കൂടുകളില്‍ അതു ചെയ്തു കഴിഞ്ഞിരുന്നു.
[തിരുത്തുക] പ്രാധാന്യം
[തിരുത്തുക] പാരിസ്ഥിതിക പ്രാധാന്യം
ഒട്ടുമിക്കയിനം സസ്യങ്ങളുടേയും പരാഗണം നടത്തുന്നതിന് പ്രാണികള്‍ സഹായിക്കുന്നു. പ്രാണികളില്ലങ്കില്‍ പല സസ്യങ്ങള്‍ക്കും വംശനാശം തന്നെ സംഭവിച്ചേയ്ക്കാം. അതുപോലെ തന്നെ ചില പ്രത്യേകയിനം ഷഡ്‌പദങ്ങള്‍ മാത്രം പരാഗണം നടത്തുയിനം സസ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ചില ഷഡ്‌പദങ്ങള്‍ ജീവികളുടേയും സസ്യങ്ങളുടേയും പരാദങ്ങളെ മാത്രം ഭക്ഷിക്കുന്നതുകൊണ്ട് അങ്ങിനേയും പ്രധാനമാണ്. പ്രാണികളും അവയുടെ നിംഫുകളും പലയിനം ജന്തുക്കളുടേയും, പക്ഷികളുടേയും, മത്സ്യങ്ങളുടേയും ഭക്ഷണവുമാണ്.
[തിരുത്തുക] സാമ്പത്തിക പ്രാധാന്യം
കാര്‍ഷികവിളകളുടെ ഉത്പാദനത്തെ പരാഗണം മൂലം നിയന്ത്രിക്കാന്‍ പ്രാപ്തരാണ് പ്രാണികള്‍, അതു പോലെ തന്നെ പ്രാണികളുടെ കൂട്ടം ചിലപ്പോള്‍ കാര്‍ഷികവിളകളെ പാടെ നശിപ്പിക്കാറുമുണ്ട്. വളരെ അധികം വാണിജ്യ പ്രാധാന്യമുള്ള തേന്‍, അരക്ക്,പട്ടുനൂല്‍, മെഴുക് മുതലായവയൊക്കെ ഷഡ്‌പദങ്ങളുടെ സൃഷ്ടിയാണ്. ടൈഫോയ്‌ഡ്, ഛര്‍ദ്യതിസാരം, മന്ത്, മലമ്പനി മുതലായ മാരകരോഗങ്ങള്‍ അനിയന്ത്രിതമായി പടരുന്നതും പ്രാണികളുടെ പ്രവര്‍ത്തനഫലമായാണ്.
[തിരുത്തുക] ആവാസവ്യവസ്ഥകള്‍
ഭൂമിയില്‍ സമുദ്രങ്ങളില്‍ മാത്രമേ പ്രാണികളെ കുറവു കാണാറുള്ളു, മറ്റെല്ലായിടങ്ങളിലും ഏറ്റവും കൂടുതലുള്ള ജൈവവംശം പ്രാണികളാണ്. മണ്ണിനടിയിലുള്ള വിള്ളലുകള്‍ മുതല്‍ അന്തരീക്ഷത്തില്‍ 8000 അടി ഉയരത്തില്‍ വരെ പ്രാണികളെ കണ്ടുവരുന്നു. അന്റാര്‍ട്ടിക്കയിലും ആര്‍ട്ടിക് പ്രദേശത്തും അമ്പതിലധികം പ്രാണികളെ കണ്ടെത്തിയിട്ടുണ്ട്. കൊടുമുടികളില്‍ 20000 അടി ഉയരത്തില്‍ വരെ പാറകള്‍ക്കിടയിലും മറ്റും പ്രാണികള്‍ വസിക്കുന്നു.അല്‍പ്പായുസ്സുകളും നിസ്സാരരുമായ ഈ ജീവിവംശമാണ് ഭൂമി വാഴുന്നതെന്ന് പറയാം.