മലയാള മനോരമ ദിനപത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള മനോരമ (Malayala Manorama) മലയാള ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും പ്രചാരമുള്ള ദിനപത്രമാണ്. ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങളുടെ പ്രചാരമളക്കുന്ന സ്ഥാപനമായ ഏ ബി സിയുടെ കണക്കുപ്രകാരം ഒരു ദിവസം മലയാള മനോരമയുടെ 13 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിയുന്നുണ്ട്. പത്രപ്രവര്‍ത്തന രംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഏറ്റവും വേഗത്തില്‍ നടപ്പാക്കിയാണ് ഈ ദിനപത്രം മലയാള ഭാഷയില്‍ ഒന്നാം സ്ഥാനത്തു തുടരുന്നത്. കോട്ടയം ആസ്ഥാനമായ മലയാള മനോരമ കമ്പനിയാണ് പത്രത്തിന്റെ പ്രസാധകര്‍.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1888 മാര്‍ച്ച് 14ന് കോട്ടയം ആസ്ഥാനമായി രൂപമെടുത്ത ഏകീകൃത മൂലധന സ്ഥാപനമാണ് (ജോയിന്‍റ് സ്റ്റോക്ക് കമ്പനി) മലയാള മനോരമയുടെ പിറവിയുടെ ആദ്യ ഘട്ടം. ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായാണ് പ്രസിദ്ധീകരണ രംഗത്തേക്ക് ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്. കണ്ടത്തില്‍ വറുഗീസ് മാപ്പിളയായിരുന്നു സ്ഥാപക പത്രാധിപര്‍. 1890 മാര്‍ച്ച് 22ന് മലയാള മനോരമയുടെ ആദ്യ ലക്കം പിറന്നു. കവി കേരളവര്‍മ്മ വലിയകോയിത്തമ്പുരാനാണ് ഈ പേര് നിര്‍ദ്ദേശിച്ചത്. തുടക്കത്തില്‍ സാഹിത്യത്തിനു പ്രാമുഖ്യം നല്‍കുന്ന ആഴ്ചപ്പതിപ്പായാണ് മനോരമ പുറത്തു വന്നത്.
1901 മുതല്‍ പത്രം ദ്വൈവാരികയായി. 1904 ജൂലൈ 6ന് സ്ഥാപക പത്രാധിപര്‍ മരണമടഞ്ഞു. ഈ കാലഘട്ടത്തില്‍ മനോരമയുടെ ഉള്ളടക്കത്തില്‍ കാതലായ മാറ്റം വന്നു. തിരുവതാംകൂറില്‍ ശക്തിപ്രാപിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പത്രം പിന്തുണച്ചു. 1928 ജൂലൈ 2 മുതല്‍ ദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി.
മധ്യതിരുവതാംകൂറില്‍ മനോരമ വളര്‍ത്തിയെടുത്ത സ്വാധീനം ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ ഉറക്കം കെടുത്തി. 1938 സെപ്റ്റംബര്‍ മാസത്തില്‍ അദ്ദേഹം മലയാള മനോരമ അടച്ചു പൂട്ടി മുദ്രവച്ചു. പത്രാധിപര്‍ കെ സി മാമ്മന്‍ മാപ്പിളയെ ജയിലിലടച്ചു. ഇടയ്ക്ക് കൊച്ചിയില്‍ അച്ചടിച്ച് വിതരണം ചെയ്തെങ്കിലും ഒരു ദശകത്തോളം പത്രത്തിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ഇന്ത്യ സ്വതന്ത്രമായ ശേഷം 1947 നവംബര്‍ 29ന് മനോരമ പ്രസിദ്ധീകരണം പുനരാരംഭിച്ചു.
രണ്ടാം വരവില്‍ മനോരമ വന്‍മുന്നേറ്റമാണ് നടത്തിയത്. കേരളത്തിലെ പത്രസ്ഥാപനങ്ങളുടെ കേന്ദ്രമായ കോട്ടയത്തിനപ്പുറത്തേക്ക് മനോരമയുടെ പ്രചാരം വളര്‍ന്നു. കോഴിക്കോട് ആസ്ഥനമാക്കി മലബാര്‍ പതിപ്പു പുറത്തിറങ്ങിയതോടെയാണ് പത്രത്തിന്‍റെ വളര്‍ച്ച ദ്രുതഗതിയിലായത്. 1980കളില്‍ പ്രചാരം അടിക്കടി ഉയര്‍ന്നു. ഇന്ന് കേരളത്തിനകത്ത് കോട്ടയം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം,കൊല്ലം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം കേരളത്തിനു പുറത്ത് ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ന്യൂഡല്‍ഹി എന്നിങ്ങനെ 13 കേന്ദ്രങ്ങളില്‍ നിന്നും മനോരമ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.
[തിരുത്തുക] പ്രചാരം
മലയാള മനോരമയുടെ പ്രചാരം ഇന്ന് 13 ലക്ഷത്തിലെത്തി നില്‍ക്കുന്നു. 1990കളില്‍ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഭാഷാദിനപത്രം എന്ന ബഹുമതി ഈ പത്രത്തിനായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥാനത്തേക്ക് ഹിന്ദിയിലിറങ്ങുന്ന ദൈനിക് ജാഗരണ്‍ വന്നു. എന്നാല്‍ കേരളമെന്ന കൊച്ചു ദേശത്തെ മലയാള ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ മാത്രം ഒതുങ്ങുന്ന പത്രമായിട്ടും 13 ലക്ഷം കോപ്പികളുണ്ട് എന്നത് നിസ്സാരകാര്യമല്ല. കേരളത്തില്‍ കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലൊഴികെ 12 ജില്ലകളിലും മനോരമയാണ് പ്രചാരത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. രണ്ടു ജില്ലകളില്‍ മാതൃഭൂമിയാണ് മുന്നില്‍.
മതേതര സ്വഭാവമുള്ള പത്രമാണെങ്കിലും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളാണ് മനോരമയുടെ പ്രധാന വരിക്കാര്‍. അതുകൊണ്ടുതന്നെ കോട്ടയം ജില്ലയില്‍ മറ്റുപത്രങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ പത്രം. മധ്യതിരുവതാംകൂറിലെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും മനോരമയോടു കൂറുപുലര്‍ത്തുമ്പോള്‍ മലബാറിലെ ഹിന്ദുക്കളുടെ ഇടയില്‍ മാതൃഭൂമിക്കുള്ള സ്വാധീനം തകര്‍ക്കാന്‍ ഇനിയും ഈ പത്രത്തിനായിട്ടില്ല. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു പിറന്ന പത്രമാണ് മാതൃഭൂമി എന്നതുകൊണ്ട് പഴയ തലമുറയിലെ നല്ലൊരു വിഭാഗവും ഭാഷയുടെ കാര്യത്തില്‍ കടുംപിടുത്തമുള്ളവരും അതിനോടൊപ്പം നില്‍ക്കുന്നു. എന്നാല്‍ സ്ത്രീകളും യുവജനങ്ങളുമാണ് മനോരമയുടെ പ്രചാരത്തിന്റെ ശക്തി എന്നുവേണം കരുതാന്‍. ഏതായാലും മലയാള പത്രലോകത്തെ അക്കങ്ങളുടെ കളിയില്‍ മനോരമയും മാതൃഭൂമിയും തമ്മിലുള്ള മത്സരമാണ് ദശകങ്ങളായി കാണുന്നത്.
[തിരുത്തുക] ഉള്ളടക്കം
കാര്‍ട്ടൂണുകളും മുഖപ്രസംഗവുമൊഴികെ കാലാകാലങ്ങളില്‍ വ്യത്യസ്തമായ ഉള്ളടക്കമാണ് മനോരമ സ്വീകരിക്കുന്നത്. ജനപ്രിയതയ്ക്കാണ് ഉള്ളടക്കത്തിന്റെ കാര്യമെടുക്കുമ്പോള്‍ ഈ പത്രം മുന്‍തൂക്കം നല്‍കുന്നത്. ഉദാഹരണത്തിന് പത്രത്തിന്റെ ആരംഭകാലം മുതല്‍ 1990കള്‍ വരെ സാഹിത്യത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ പുതുതലമുറയില്‍ സാഹിത്യതല്‍പരര്‍ കുറവായതിനാല്‍ ഇപ്പോള്‍ മനോരമയില്‍ സാഹിത്യ വിഷയങ്ങള്‍ക്ക് പ്രാധാന്യമില്ല, സിനിമ, ഫാഷന്‍ തുടങ്ങിയ മേഖലകളിലാണ് ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ എന്നുകാണാം.
[തിരുത്തുക] എഡിറ്റോറിയല്‍ പേജ്
മുഖപ്രസംഗവും വ്യത്യസ്ത വീക്ഷണ വിചാരങ്ങളും അവതരിപ്പിക്കപ്പെടുന്ന ഈ പേജ് മനോരമയില്‍ 'കാഴ്ചപ്പാട്' പേജാണ്. മുഖപ്രസംഗത്തിലൊഴികെ മറ്റെല്ലാ മേഖലകളിലും ഏറ്റവും വ്യത്യസ്തമായ എഡിറ്റോറിയല്‍ പേജാണ് മനോരമയുടേത്. തിങ്കളാഴ്ചകളില്‍ പ്രത്യക്ഷപ്പെടുന്ന 'ആഴ്ചക്കുറിപ്പുകള്‍', ആഴ്ചയിലൊരിക്കലുള്ള മിഡില്‍പീസ് കോളം 'തരംഗങ്ങളില്‍' എന്നിവയാണ് കാഴ്ചപ്പാടു പേജില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കോളങ്ങള്‍.
[തിരുത്തുക] കാര്‍ട്ടൂണുകള്‍
ഒന്നാം പേജിലെ 'കുഞ്ചുക്കുറുപ്പ്', നാലാം പേജില്‍ പതിവായിവരുന്ന 'പൊന്നമ്മ സൂപ്രണ്ട്' എന്നിവയാണ് മനോരമയിലെ പ്രധാന കാര്‍ട്ടൂണുകള്‍. കുഞ്ചുക്കുറുപ്പില്‍ ഏതുവിഷയവും അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പൊന്നമ്മ സൂപ്രണ്ട് സര്‍ക്കാര്‍ ഉദ്യോഗവുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങള്‍ നര്‍മ്മഭാവനയില്‍ അവതരിപ്പിക്കുന്നു. ഇവയ്ക്കു പുറമേ 'വാരഫലം' എന്ന പേരിലും ഇടയ്ക്കിടെ കാര്‍ട്ടൂണുകള്‍ വരാറുണ്ട്.
മലയാള ദിനപത്രങ്ങള്‍ | |
---|---|
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൌമുദി | ദീപിക | ദേശാഭിമാനി | ചന്ദ്രിക | വര്‍ത്തമാനം | മംഗളം |ജന്മഭൂമി |