Privacy Policy Cookie Policy Terms and Conditions ഓണം - വിക്കിപീഡിയ

ഓണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓണപ്പൂക്കളം.
Enlarge
ഓണപ്പൂക്കളം.

ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണത്തിനെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാളു് വരെ നീണ്ടു് നില്‍ക്കുകയും ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

[തിരുത്തുക] മഹാബലി

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനര്‍ത്ഥം 'വലിയ ത്യാഗം' ചെയ്‌തവന്‍ എന്നാണ്‌. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്‍മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. മഹാബലിയുടെ സന്ദര്‍ശനത്തിന്‌ അത്തം മുതല്‍ പത്തുദിവസത്തെ ഒരുക്കവുമായുള്ള കേരളീയന്റെ കാത്തിരിപ്പും പത്താംദിവസത്തെ ആഘോഷവും അങ്ങനെ ഓണമായി. മലയാളികളുടെ അതിശക്‌തമായ സാംസ്കാരിക വിശേഷമായിമാറിയിരിക്കുകയാണ്‌ ഈ മാവേലിക്കഥ.

മാവേലിനാടിന്റെ വിശേഷണങ്ങളുമായി ഒരു ഓണപ്പാട്ട്.

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും.
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

[തിരുത്തുക] പരശുരാമന്‍

പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനില്‍നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കല്‍പ്പമുണ്ട്‌.

[തിരുത്തുക] ശ്രീബുദ്ധന്‍

മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവര്‍ സമര്‍ത്ഥിക്കുന്നു.

[തിരുത്തുക] ചേരമാന്‍ പെരുമാള്‍

മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്‍ ഓണാഘോഷത്തെ ചേരമാന്‍പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തുപോയത്‌ചിങ്ങമാസത്തിലെ തിരുവോണത്തിന്‍ നാളിലായിരുന്നുവെന്നും ഈ തിര്‍ത്ഥാടനത്തെ ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗന്‍ പറയുന്നു. എന്നാല്‍ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും ലോഗന്‍ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌.

[തിരുത്തുക] ചരിത്രം

ഓണത്തിന്‌ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന്‌ വിശ്വസിക്കത്തക്ക രേഖകള്‍ കണ്ടുകിട്ടിയിട്ടുണ്ട്‌. ഏറ്റവും പഴയതായി ഓണത്തെപ്പറ്റി പറയുന്നത്‌ തമിഴ്‌ കൃതികളിലാണ്‌. സംഘസാഹിത്യത്തിലെ പത്തുപാട്ടുകളിലുള്‍പ്പെടുന്ന 'മധുരൈ കാഞ്ചി'യിലാണ്‌ ഓണത്തെക്കുറിച്ച്‌ പരാമര്‍ശമുള്ളത്‌. ബി.സി. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാര്‍' എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയില്‍ ഓണം ആഘോഷിച്ചിരുന്നതായി അതില്‍ വര്‍ണ്ണനയുണ്ട്‌. ശ്രാവണ പൌര്‍ണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തില്‍ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

മലബാര്‍ മാന്വലിന്റെ കര്‍ത്താവ് ലോഗന്‍ സായ്പിന്റെ അഭിപ്രായത്തില്‍ എ.ഡി. 825 മുതലാണ്‌ ഓണം ആഘോഷിച്ചു തുടങ്ങിയത്‌. മഹാബലിയുടെ ഓര്‍മ്മക്കായി ഭാസ്കര രവിവര്‍മ്മയാണിത്‌ ആരംഭിച്ചതെന്നും ലോഗന്‍ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കര്‍ത്താവ്‌ കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയില്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അറബിസഞ്ചാരി 'അല്‍ബി റൂണി'യും 1154ല്‍ വന്ന ഈജിപ്ഷ്യന്‍ സഞ്ചാരി അല്‍ ഇദ്രീസിയും 1159ല്‍ ഫ്രഞ്ച്‌ സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്‌.

ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. 10ാ‍ം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താനുംസഹായിക്കുന്നുണ്ട്‌".

പത്താം നൂറ്റാണ്ടില്‍ത്തന്നെ സ്ഥാണു രവികുലശേഖരന്‍ എന്ന രാജാവിന്റെ തിരുവാറ്റ്‌ ലിഖിതത്തിലും ഓണത്തെ പരാമര്‍ശിക്കുന്നുണ്ട്‌. വിദേശനിര്‍മ്മിത വസ്‌തുക്കള്‍ ഓണക്കാഴ്ച നല്‍കി പന്ത്രണ്ടുവര്‍ഷത്തെ ദേശീയോത്സവത്തിന്റെ മേല്‍നോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കന്‍മാരെല്ലാം ആ പള്ളിഓണത്തില്‍ പങ്കുചേരാന്‍ തൃക്കാക്കരെ എത്തിച്ചേരുക പതിവായിരുന്നു.

പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. 1286ല്‍ മതപ്രചാരണാര്‍ത്ഥം എത്തിയ ഫ്രയര്‍ ഒഡോറിക്കും 1347ല്‍ കോഴിക്കോട്‌ താമസിച്ചിരുന്ന റീഗ്‌ നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്‌. എ.ഡി. 1200ല്‍ കേരളം സന്ദര്‍ശിച്ച അഡീറിയക്കാരന്‍ 'പിനോര്‍ ജോണ്‍' തന്റെ കൃതിയായ 'ഓര്‍മ്മകളില്‍' ഇപ്രകാരം എഴുതുന്നു.

"ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്‌. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ്‌ അതില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ്‌ ഈ നാളുകളില്‍ കഴിയുന്നത്‌. പല കളികളും കാണിച്ച്‌ അവര്‍ ആഹ്ലാദം പങ്കിടുന്നു."

[തിരുത്തുക] ഓണാഘോഷം

[തിരുത്തുക] അത്തച്ചമയം

ചിങ്ങമാസത്തിലെ അത്തംനാള്‍ കേരളത്തില്‍ ഓണാഘോഷത്തിന്‌ തുടക്കമിടുന്നു. 1947 വരെ കൊച്ചി മഹാരാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയില്‍ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ല്‍ തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിര്‍ത്തലാക്കി. ഇത്‌ പിന്നീട്‌ 1961ല്‍ കേരളാ ഗവണ്‍മെന്റ്‌ ഓണം ദേശീയോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു. മഹാരാജാവിന്റെ എഴുന്നള്ളത്ത്‌ മാത്രം കേന്ദ്രബിന്ദുവാക്കിയുള്ള രാജകീയ അത്തച്ചമയത്തിന്‌ രാമവര്‍മ്മ പരീക്ഷിത്ത്‌ മഹാരാജാവാണ്‌ ഏറ്റവുമൊടുവില്‍ ദര്‍ശനം നല്‍കിയത്‌. അന്നത്തെ അത്തച്ചമയക്രമം ചിട്ടപ്പെടുത്തിക്കൊണ്ട്‌ കൊച്ചി സര്‍ക്കാര്‍ ഹുജൂര്‍ സെക്രട്ടറിയേറ്റില്‍ നിന്ന്‌ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 1947 ഓഗസ്റ്റ്‌ 20തിന്‌ നടന്ന അത്തം ഘോഷയാത്രയില്‍ 24 ഇനങ്ങളാണുണ്ടായിരുന്നത്‌.

രാജകീയ അത്തച്ചമയത്തിന്‌ മൂന്നു ദിവസംമുന്‍പ്‌ ആനപ്പുറത്ത്‌ നകാര കൊട്ടി കാഹളം മുഴക്കി ഒരു ദിവസം ഒരു കോട്ടവാതില്‍ വീതം മൂന്നു കോട്ടവാതില്‍ക്കലും ചെന്ന്‌ സര്‍ക്കാര്‍ അറിയിപ്പ്‌ വിളംബരപ്പെടുത്തുന്നു. ഇതിന്‌ "ദേശം അറിയിക്കല്‍" എന്നാണ്‌ പറയുന്നത്‌. നാലാം ദിവസം അത്തംനാള്‍ നാടുവാഴികള്‍, പ്രഭുക്കള്‍, കര്‍ത്താക്കന്‍മാര്‍, തണ്ടാന്‍, അരയന്‍, കത്തനാര്‍ തുടങ്ങിയവര്‍ എത്തിച്ചേരണമെന്നാണ്‌ കല്‍പ്പന. കരിങ്ങാച്ചിറ കത്തനാരും ചെമ്പില്‍ അരയനും നെടൂര്‍ തങ്ങളും വരാതെ അത്തച്ചമയം നടത്തില്ലെന്നാണ്‌ വയ്പ്‌. അത്തച്ചമയത്തിന്‌ തലേനാള്‍(ഉത്രം) മഹാരാജാവിന്‌ ബ്രഹ്മചര്യവ്രതമാണ്‌. വിശേഷാല്‍ പൂജയും ക്ഷദരവും നടത്തും. അത്തംനാള്‍ രാവിലെ സ്നാനം ചെയ്‌ത്‌ പൂര്‍ണത്രയീശക്ഷേത്ര ദര്‍ശനം ചെയ്‌ത്‌ അലങ്കാരമുറിയില്‍ പ്രവേശിക്കുന്ന മഹാരാജാവിനെ നമ്പൂരിമാരും തിരുമുല്‍പ്പാടുകളും ചേര്‍ന്ന്‌ ആടയാഭരണങ്ങള്‍ അണിയിച്ച്‌ ഉടവാള്‍ കൊടുക്കുന്നു. കക്കാട്‌ കാരണവര്‍ മഹാരാജാവിനെ പൂമുഖത്തേക്ക്‌ ആനയിക്കുന്നു.

വലിയ വെള്ളിവിളക്കിനും നിറപറക്കും, പച്ചക്കുല, പഴക്കുല, വീരമദ്ദളം, ചങ്ങലവട്ട, പള്ളിശംഖ്‌ എന്നിവയ്ക്കഭിമുഖമായിരുന്ന വെള്ളിസിംഹാസനത്തില്‍ അദ്ദേഹം ഉപവിഷ്ടനാകുന്നു. പെരുമാക്കന്‍മാരില്‍ നിന്ന്‌ പെരുമ്പടപ്പ്‌ സ്വരൂപത്തിന്‌ സിദ്ധിച്ചതും സാമൂതിരിയുമായുണ്ടായ യുദ്ധത്തില്‍ വന്നേരിയില്‍ നിന്ന്‌ നിഷ്കാസിതരായശേഷം കൊച്ചി രാജാക്കന്‍മാര്‍ തലയില്‍ ചൂടാത്തതുമായ രത്നക്കിരീടം മഹാരാജാവ്‌ മടിയില്‍ വയ്ക്കുന്നു. ഇതിനു ശേഷം നഗരപ്രദിക്ഷിണത്തിന്‌ മുന്നോടിയായി ശംഖനാദം മുഴങ്ങുന്നു. മഹാരാജാവ്‌ സിംഹാസനത്തില്‍നിന്നിറങ്ങി ദന്തപ്പല്ലക്കില്‍ കയറുന്നതോടെ പീരങ്കികള്‍ ആചാരവെടി മുഴക്കും. തുടര്‍ന്ന്‌ നഗരപ്രദക്ഷിണം തുടങ്ങുകയായി. എഴുന്നള്ളത്തിന്‌ ചെട്ടിവാദ്യം, പഞ്ചവാദ്യം, നെറ്റിപ്പട്ടം കെട്ടിയ മൂന്ന്‌ ആനകള്‍ എന്നിവ അകമ്പടി സേവിക്കും. വലതുഭാഗത്ത്‌ ദിവാനും മന്ത്രിമാരും. ഇടതുവശത്ത്‌ തിരൂപ്പാടും എ.ഡി.സികളും മുന്നിലും പിന്നിലുമായി ഊരിപ്പിടിച്ച വാളുകളുമായി അംഗരക്ഷകരും.

നൂറ്റമ്പതു പേരുള്ള ബോയ്സ്‌ സ്കൌട്ട്‌, സ്റ്റേറ്റ്‌ ബാന്റ്‌, സൈന്യാധിപന്‍ കുതിരപ്പട്ടാളം, 27 വില്ലക്കാരന്‍മാര്‍, വാളുമായി സ്ഥാനീയര്‍, നായര്‍ പട്ടാളം, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം അവയ്ക്കുപിന്നില്‍ ദാസിയാട്ടക്കാര്‍, പൌരപ്രധാനികള്‍, ഉദ്യോഗസ്ഥര്‍. എല്ലാവരും ഔദ്യോഗിക വേഷത്തിലായിരിക്കും. പുറപ്പെട്ടയിടത്തു തന്നെ തിരിച്ച്‌ എത്തുമ്പോള്‍ ഘോഷയാത്ര പൂര്‍ണ്ണമാവുന്നു. വീണ്ടും സിംഹാസനത്തില്‍ ഉപവിഷ്ടനാകുന്ന മഹാരാജാവ്‌ പ്രധാനികള്‍ക്ക്‌ 'അത്തപ്പണം' നല്‍കുന്നു. ദിവാന്‌ 101 പുത്തനും (19 പുത്തന്‍ ഒരു രൂപ) മറ്റുള്ളവര്‍ക്ക്‌ 25 പുത്തനും കക്കാട്‌ കാരണവര്‍ക്ക്‌ ഓണപ്പുടവയും നല്‍കും. പ്രത്യേക ക്ഷണിതാക്കള്‍ക്ക്‌ 64 വിഭവങ്ങളുള്ള സദ്യയുമുണ്ട്‌.

കനകക്കുന്നിലേക്ക്‌ ആസ്ഥാനം മാറ്റുംമുന്‍പ്‌ വരെ അത്തച്ചമയം കളിക്കോട്ടയില്‍ തുടങ്ങി തെക്കേ റോഡില്‍കൂടി കിഴക്കേ കോട്ടവാതില്‍ എത്തി പടിഞ്ഞാറേക്ക്‌ തിരിഞ്ഞ്‌ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രനടയിലെത്തി മഹാരാജാവ്‌ ഭഗവാനെ വണങ്ങിയശേഷം തെക്കോട്ട്‌ തിരിഞ്ഞ്‌ കളിക്കോട്ടയില്‍ തിരിച്ചെത്തി അവസാനിച്ചിരുന്നു. കനക്കുന്നിലേക്ക്‌ ആസ്ഥാനം മാറിയശേഷം പൂര്‍ണത്രയീശക്ഷേത്രനടവരെ വന്ന്‌ തിരിച്ചുപോവുകയായിരുന്നു പതിവ്‌. പിന്നീട്‌ ഇത്‌ കനകക്കുന്ന്‌ കൊട്ടാരവളപ്പില്‍ മാത്രമായി ഒതുങ്ങി. മഹാരാജാക്കന്‍മാരുടെ ആസ്ഥാനം എവിടെയാണോ അവിടെവച്ചാണ്‌ അത്തച്ചമയം നടക്കേണ്ടത്‌. ഇക്കാരണത്താല്‍ ചാഴൂര്‍ കോവിലകത്തുവച്ചും, തൃശൂര്‍, കണയന്നൂര്‍, എറണാകുളം എന്നിവടങ്ങളില്‍ വച്ചും അത്തച്ചമയം നടന്നിട്ടുണ്ട്‌. നാനാജാതിമതസ്ഥരും പങ്കെടുക്കുന്നതിനാല്‍ ഇന്ന്‌ ഇതൊരു മതേതര ആഘോഷമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു . ഔദ്യോഗികതലത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ്‌ അത്തച്ചമയം ഇന്ന്‌. തൃക്കാക്കര ക്ഷേത്രത്തില്‍ നിന്ന്‌ കൊണ്ടുവരുന്ന ഓണപതാക ഉയര്‍ത്തുന്നതോടെയാണ്‌ ഔദ്യോഗിക തുടക്കം. ചമയഘോഷയാത്രയും അതിനോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളുമാണ്‌ ഇപ്പോള്‍ അത്തച്ചമയത്തില്‍ കാണുന്നത്‌. സര്‍ക്കാര്‍ വക ബോയ്സ്‌ ഹൈസ്ക്കൂള്‍ അങ്കണത്തിലാണ്‌ ഘോഷയാത്രയുടെ തുടക്കം. നാടന്‍കലാരൂപങ്ങളും പഞ്ചവാദ്യം, പെരുമ്പറ വാദ്യം‌, താലപ്പൊലി, ഉത്‌പ്ലവന കലാദൃശ്യങ്ങള്‍ (ഫ്‌ളോട്ടുകള്‍), ഇരുചക്രവാഹനത്തിലെ പ്രച്‌ഛന്ന വേഷക്കാര്‍ തുടങ്ങിയവയും ഘോഷയാത്രയിലെ പ്രധാന ഇനങ്ങളാണ്‌. മികച്ച പ്രദര്‍ശനത്തിനു സമ്മാനങ്ങളും നല്‍കിവരുന്നു.

[തിരുത്തുക] പൂക്കളം

തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകമെഴുതി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍ പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകളും മൂന്നാം ദിവസം മൂന്നും അങ്ങനെ ഓരോ ദിവസവും വലിപ്പം കൂടി വരുന്നു. ചോതി നാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന്‍നാളില്‍ പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌.

[തിരുത്തുക] തിരുവോണനാളിലെ ചടങ്ങുകള്‍

തിരുവോണപുലരിയില്‍ കുളിച്ചു ശുദ്ധിയായി കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുന്‍പില്‍ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്‍പരൂപത്തിന്‌ മുന്നില്‍ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നത്‌. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്‌. ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഇതിനുശേഷം ഓണക്കളികളും.

തിരുവോണചടങ്ങുകളില്‍ വളരെ പ്രാധാന്യമുള്ളതാണ്‌ തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്‌. വാമനന്റെ കാല്‍പാദം പതിഞ്ഞ ഭൂമി എന്ന അര്‍ത്ഥത്തിലാണ്‌ 'തൃക്കാല്‍ക്കര' ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌.

[തിരുത്തുക] ഓണകാഴ്ച

ജന്‍മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപ്പിരിവായിരുന്നു ഓണകാഴ്ച സമര്‍പ്പണം. പണ്ടുമുതല്‍ക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നല്‍കിയിരുന്നത്‌.

കാഴ്ചക്കുല കൃഷി ഇന്നും സജീവമാണ്‌. പക്ഷേ ഇന്ന്‌ കാഴ്ചയര്‍പ്പിക്കുന്നത്‌ കുടിയാന്‍ ജന്‍മിക്കല്ലെന്ന്‌ മാത്രം. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍, പുത്തൂര്‍, പേതമംഗലം, എരുമപ്പെട്ടി പഴുന്നാന തുടങ്ങിയ സ്ഥലങ്ങളിലാണ്‌ കാഴ്ചക്കുലകൃഷി. കല്യാണം കഴിഞ്ഞ ആദ്യവര്‍ഷത്തിലെ ഓണത്തിന്‌ പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടിലേക്ക്‌ കാഴ്ചക്കുല കൊണ്ടുചെല്ലണം. സ്വര്‍ണനിറമുള്ള ഇത്തരം കുലകള്‍ പക്ഷേ ആണ്‍വീട്ടുകാര്‍ക്കുമാത്രമുള്ളതല്ല. അയല്‍ക്കാര്‍ക്കും വേലക്കാര്‍ക്കുമെല്ലാം അതില്‍ അവകാശമുണ്ട്‌. ഇത്‌ ക്രിസ്‌ത്യാനികളുടെയും ഹിന്ദുക്കളുടെയും കാരന്ദ. മുസ്ലീം സമുദായത്തിന്‌ ഒരു വ്യത്യാസമുണ്ട്‌. ഇവിടെ ആണ്‍ വീട്ടുകാര്‍ പെണ്‍വീട്ടുകാര്‍ക്കാണ്‌ കാഴ്ചക്കുല നല്‍കി വരുന്നത്‌. ഇന്ന്‌ തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങള്‍ മുടക്കി ആവേശപൂര്‍വ്വം ചെയ്യുന്ന കച്ചവടമാണ്‌.

[തിരുത്തുക] ഓണസദ്യ

ഓണ സദ്യയിലെ വിഭവങ്ങള്‍
Enlarge
ഓണ സദ്യയിലെ വിഭവങ്ങള്‍

ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരന്‍, 12 പലക്കാരന്‍ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയറ്‌, വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക്‌ പുറമേ പഴം നുറുക്കും പഴവും പാലടയും പ്രഥമനും. വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിര്‍ബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യക്കു ലഹരിക്ക്‌ കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിര്‍ബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങള്‍. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങള്‍.

[തിരുത്തുക] ഓണപ്പാട്ടുകള്‍

ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകള്‍ പങ്കിട്ടെടുക്കുകയാണ്‌.

കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി 
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി 
പൂവേ പൊലി പൂവേ .......
തുമ്പേലരിമ്പേലൊരീരമ്പന്‍ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും 
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.......
ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല 
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല 
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവന്‍ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീര്‍ത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ.......
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി 
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും 
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....

[തിരുത്തുക] അനുഷ്ഠാന കലകളും ചില ഓണക്കളികളും

ഓണക്കാലത്തെ അനുഷ്ഠാനകലകളില്‍ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങള്‍ക്ക്‌ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേര്‍ന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളേറെ നാട്ടിന്‍പുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക്‌ ബന്ധപ്പെട്ട നാട്ടുകാരില്‍ ഗൃഹാതുരത്വത്തിന്റെ അസ്ഥിത്വമാണുള്ളത്‌.

[തിരുത്തുക] ഓണത്തെയ്യം

തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തില്‍ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. മഹാബലി സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ 'ഓണത്താര്‍' എന്നാണ്‌ പേര്‌. വണ്ണാന്‍മാരാണ്‌ ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ ചെറിയ ആണ്‍കുട്ടികളാണ്‌ ഓണത്താര്‍ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യില്‍ മണിയും ഇടതുകൈയ്യില്‍ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാന്‍മാര്‍ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താര്‍ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂര്‍ ജില്ലകളിലാണ്‌ ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്‌.

[തിരുത്തുക] ഓണേശ്വരന്‍ (ഓണപ്പാട്ടുകള്‍)

ഓണത്തെയ്യത്തില്‍ത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരന്‍. ഇക്കാരണത്താല്‍ ഇത്‌ ഓണപ്പൊട്ടന്‍ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട്ടു ജില്ലയിലെ ഉള്‍പ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാര്‍ക്ക്‌ രാജാക്കന്‍മാര്‍ നല്‍കിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരന്‍ വീടുതോറും കയറിയിറങ്ങുന്നത്‌. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പാട്ടിന്റെ വേഷവിധാനം. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌.

[തിരുത്തുക] കൈകൊട്ടിക്കളി

സ്‌ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒരിനമാണിത്‌. മുറ്റത്ത പൂക്കളത്തിനു ചുറ്റും നടത്തിവരുന്ന കൈകൊട്ടിക്കളി വീടുകളുടെ ഉള്‍ത്തടങ്ങളിലും നടത്താറുണ്ട്‌. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ഒപ്പം വട്ടത്തില്‍ നിന്ന്‌ ചുവടുവച്ച്‌ കൈകൊട്ടിക്കളിക്കുകയുമാണ്‌ പതിവ്‌. വൃത്തത്തില്‍ നിന്നുള്ള ഈ കളിയെ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ്‌ കരുതുന്നത്‌. മാത്രവുമല്ല എല്ലാവരെയും എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയും വൃത്താകൃതി സൂചിപ്പിക്കുന്നതായി പറയുന്നു. കൂട്ടായ്മയുടെയും സാര്‍വലൌകികത്തിന്റെയും പാട്ടിന്‌ മലയാളികളുടെ ഗോത്രസംസ്കൃതിയുടെ പ്രതിഫലനമാണുള്ളത്‌.

[തിരുത്തുക] പുലിക്കളി

തൃശൂരിലെ പുലിക്കളി - ഒരു സൂഷ്മ ദൃശ്യം
Enlarge
തൃശൂരിലെ പുലിക്കളി - ഒരു സൂഷ്മ ദൃശ്യം

അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങള്‍. ബ്രീട്ടീഷുകാരുടെ നാടന്‍ പട്ടാളത്തില്‍ എണ്ണത്തിലേറെയുണ്ടായിരുന്ന മുസ്ലീം കുടുംബങ്ങളാണ്‌ ഇതിന്‌ തുടക്കമിട്ടത്‌.വെള്ളപ്പട്ട പോയപ്പോഴേക്കും ഇത്‌ തൃശൂര്‍ജനതയുടെ ഭാഗമായിത്തീര്‍ന്നു. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്‌. നാലാമോണം വൈകിട്ടാണ്‌ പുലിക്കളി. മെയ്ക്കപ്പ്‌ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. ശരീരമാകെ വടിച്ച്‌ മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ കൃത്രിമമായി നിര്‍മ്മിച്ച വനത്തില്‍ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികള്‍ നടുവിലാര്‍ ഗണപതിക്ക്‌ മുമ്പില്‍ നാളീകേരമുടച്ചാണ്‌ കളി തുടങ്ങുന്നത്‌. മെയ്‌വഴക്കവും കായികശേഷിയും കളിക്കാര്‍ക്കുണ്ടായിരിക്കേണ്ട നിര്‍ബന്ധ സവിശേഷതകളാണ്‌. വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്‌. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്‌) ഇതിലെ പ്രധാന വേഷങ്ങളാണ്‌. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു.

[തിരുത്തുക] ഓണത്തല്ല്‌

തൃശൂരിലെ പുലിക്കളി - ദൃശ്യം
Enlarge
തൃശൂരിലെ പുലിക്കളി - ദൃശ്യം

ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്‌. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌. എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച 'മധുരൈ കാഞ്ചി'യില്‍ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. പില്‍ക്കാലത്ത്‌ നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല്‌ പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂര്‍ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചുപോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല്‌ നടത്തിയത്‌ തൃശൂരിനടുത്ത്‌ കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്‌. വ്യവസ്ഥതെറ്റുമ്പോള്‍ തല്ലുകാരെ പിടിച്ചുമാറ്റുവാന്‍ റഫറി (ചായികാരന്‍മാര്‍ അല്ലെങ്കില്‍ ചാതിക്കാരന്‍മാര്‍) ഉണ്ട്‌. നിരന്നു നില്‍ക്കുന്ന രണ്ടു ചേരിക്കാര്‍ക്കും നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ്‌ തല്ലു നടക്കുക. ഇതിന്‌ ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുന്‍പ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്‍മാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ 'ചേരികുമ്പിടുക' എന്ന്‌ പറയുന്നു.

ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന്‌ പോര്‍വിളി മുഴക്കി ഒരാള്‍ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍ നിന്നും ഇറങ്ങും. തറ്റുടുത്ത്‌ ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാര്‍പ്പോടെ നിലം വിട്ടുയര്‍ന്ന്‌ കളംതൊട്ട്‌ വന്ദിച്ച്‌ ഒറ്റക്കുതിപ്പില്‍ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന്‌ ഇരുകൈകളും കോര്‍ക്കും. പിന്നെ കൈകള്‍ രണ്ടും ആകാവുന്നത്ര ബലത്തില്‍ കോര്‍ത്ത്‌ മുകളിലേക്കുയര്‍ത്തി താഴേക്ക്‌ ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആര്‍പ്പുവിളികളും. തല്ലു തുടങ്ങിയാല്‍ ഏതെങ്കിലും ഒരു പക്ഷത്തിന്‌ വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന്‌ നിയമമുണ്ട്‌.

ഓണത്തല്ലുകാര്‍ക്കിടയില്‍ ഒരു വീരനായകനുണ്ട്‌. കാവശ്ശേരി ഗോപാലന്‍ നായര്‍. സ്വന്തം ദേഹത്ത്‌ എതിരാളിയുടെ കൈ ഒരിക്കല്‍പോലും വീഴിക്കാതെ നാല്‍പതുകൊല്ലം തല്ലി ജയിച്ചയാളാണ്‌ ഇദ്ദേഹം. കടമ്പൂര്‍ അച്ചുമൂത്താനും പ്രസിദ്ധനാണ്‌. ഇയാള്‍ ആദ്യമായി പരാജയമറിഞ്ഞത്‌ അമ്പത്തഞ്ചാമത്തെ വയസ്സില്‍ കാമശ്ശേരി ഗോപാലന്‍ നായരോടാണ്‌. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂര്‍ സെയ്‌താലി, ടെപ്പാള്‍ ഗോപാലന്‍, പാത്തുക്കുടി ഉടൂപ്പ്‌ തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്‌.

[തിരുത്തുക] ആറന്‍മുള വള്ളംകളി

ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ്‌ ആറന്‍മുള വള്ളംകളി നടക്കുന്നത്‌. ഇതിന്റെ ഐതിഹ്യം ആറന്‍മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ ആറന്‍മുള ക്ഷേത്രത്തിനടുത്ത്‌ ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീര്‍ത്ഥാടകന്‌ തന്റെ വീട്ടില്‍ ഭക്ഷണം നല്‍കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീര്‍ത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാള്‍ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന്‌ പറഞ്ഞപ്പോള്‍ അതു സാദ്ധ്യമല്ലെന്നും അയാള്‍ പറഞ്ഞു. പോകാന്‍നേരം ആറന്‍മുള ക്ഷേത്രത്തില്‍ തന്നെ കാണാമെന്ന്‌ പറഞ്ഞ്‌ അയാള്‍ മറഞ്ഞു. അപ്പോഴാണ്‌ തീര്‍ത്ഥാടകന്‍ മറ്റാരുമല്ല സാക്ഷാല്‍ ശ്രീകൃഷ്ണനാണെന്ന്‌ ഭക്‌തന്‌ മനസ്സിലായത്‌. അതിന്‌ ശേഷം എല്ലാ തിരുവോണനാളിലും അയാള്‍ അരിയും മറ്റ്‌ സാധനങ്ങളും സദ്യക്കായി വള്ളത്തില്‍ കൊണ്ടുവന്നിരുന്നു. ഒരിക്കല്‍ ഈ വള്ളത്തിനു നേര്‍ക്ക്‌ ഒരാക്രമണമുണ്ടാവുകയും പിന്നീട്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയാന്‍ ചുണ്ടന്‍വള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്‌തു. ഇതാണ്‌ പിന്നീട്‌ വള്ളംകളിയായി മാറിയത്‌. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌ ചുണ്ടന്‍വള്ളങ്ങളുടെ മത്സരമാണ്‌. മുപ്പതടിയോളം നീളമുള്ള ചുണ്ടന്‍വള്ളങ്ങളില്‍ നാല്‌ അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu