ഉല്‍കൃഷ്ട വാതകങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആവര്‍ത്തനപ്പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പിലെ മൂലകങ്ങളെയാണ് ഉല്‍കൃഷ്ടവാതകങ്ങള്‍ (noble gases). ഇവയെ അലസവാതകങ്ങള്‍ എന്നും വിശിഷ്ടവാതകങ്ങള്‍ എന്നും വിളിക്കാറുണ്ട്. മറ്റു മൂലകങ്ങളുമായും സംയുക്തങ്ങളുമായും ഇവ വിരളമായേ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുള്ളൂ എന്നതാണ് ഈ മൂലകങ്ങളുടെ പ്രധാന സവിശേഷത. ആറ്റോമിക ഭാരത്തിന്റെ ക്രമത്തില്‍ ഹീലിയം, നിയോണ്‍, ആര്‍ഗണ്‍, ക്രിപ്റ്റണ്‍, ക്സെനോണ്‍, റഡോണ്‍ എന്നിവയാണ് അലസവാതകങ്ങള്‍.
[തിരുത്തുക] സംയുക്തങ്ങള്‍
ഈ മൂലകങ്ങളിലെ ബാഹ്യതമ ഇലക്ട്രോണ്‍ അറ സമ്പൂര്‍ണ്ണമായതിനാല്‍ മറ്റു മൂലകങ്ങളുമായോ സംയുക്തങ്ങളുമായോ ഉള്ള പ്രതിപ്രവര്‍ത്തനം തന്നെ അസാധ്യമാണെന്നായിരുന്നു ആദ്യകാല വിലയിരുത്തല്‍. എന്നാല്‍ ഇത് ശരിയല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 1962 ല്‍ ബ്രിട്ടീഷ് രസതന്ത്രജ്ഞനായ നീല്‍ ബാര്‍ലെറ്റ് കാനഡയില്‍ വച്ച്, ക്സെനോണിന്റെ ഒരു സങ്കീര്‍ണ്ണ സംയുക്തം ഉണ്ടാക്കുന്നതില്‍ വിജയം വരിച്ചു. പിന്നീട് അമേരിക്കയിലെ ഇല്ലിനോയ്സിലെ ആര്‍ഗണ്‍ നാഷണല്‍ ലബോറട്ടറിയില്‍ ക്സെനോണിന്റേയും ഫ്ലൂറിന്റേയും ലഘുസംയുക്തമായ ക്സെനോണ്‍ ടെട്രാക്ലോറൈഡ് നിര്‍മ്മിച്ചു. തുടര്‍ന്ന് അവര്‍തന്നെ റഡോണിന്റേയും ക്സെനോണിന്റേയും സമാനസംയുക്തങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഫ്ലൂറിനുമായി ക്സെനോണും റഡോണും താരതമ്യേന എളുപ്പത്തില്‍ പ്രവര്‍ത്തിക്കുമെങ്കിലും, ക്രിപ്റ്റണിന്റെ സംയുക്തങ്ങളുടെ നിര്‍മ്മാണം താരതമ്യേന ബുദ്ധിമുട്ടേറിയതാണ്. ഹെല്‍സിങ്കി യൂണിവേര്‍സിറ്റിയിലെ ശാസ്ത്രകാരന്മാര്‍ ആദ്യത്തെ ആര്‍ഗണ്‍ സംയുക്തമായ, ആര്‍ഗണ്‍ ഫ്ലൂറോഹൈഡ്രൈഡ് (HArF) 2000മാണ്ടില്‍ നിര്‍മ്മിച്ചെടുത്തു.
ക്സെനോണിന്റേയോ റഡോണിന്റേയോ ഫ്ലൂറൈഡ് ഉണ്ടാക്കുന്നതിന് വേണ്ടുന്ന ഊര്‍ജ്ജം, ആണവ പ്രതിപ്രവര്‍ത്തനം തുടങ്ങുന്നതിനു വേണ്ടുന്നതിനേക്കാള്‍ അധികമാണ്. ഇതില്‍നിന്നുണ്ടാകുന്ന സംയുക്തങ്ങള്‍ നിലനില്‍ക്കുന്നതുമാണ്. ക്സെനോണിന്റെ ഓക്സൈഡുകളും ഫ്ലൂറൈഡുകളുകളും ശക്തമായ ഓക്സീകാരികളാണ് (oxidizing agents).
റഡോണ്‍ സംയുക്തങ്ങളുടെ ഉപയോഗങ്ങള്‍ പൊതുവേ കുറവാണ്. റഡോണ്‍ തന്നെ റേഡിയോ പ്രവര്‍ത്തനം ഉള്ള മൂലകമാണ്. അതിന്റെ അര്‍ദ്ധായുസ്സ് 3.82 ദിവസമാണ്.
ഹീലിയം, നിയോണ്‍, ആര്‍ഗണ്‍ എന്നീ മൂലകങ്ങളുടെ ഇലക്ട്രോണുകള്‍ അതിന്റെ അണുകേന്ദ്രത്തോട് വളരെ അടുത്തായതിനാല്‍ ഇവയുടെ സംയുക്തങ്ങള്‍ നിര്‍മ്മിക്കുക എന്നത് അസാധ്യമാണെന്നു തന്നെ പറയാം.
[തിരുത്തുക] ഉപയോഗങ്ങള്‍
- ദ്രവീകരിച്ച വിശിഷ്ടവാതകങ്ങള്‍, ക്സെനോണ്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോസ്പിയില്‍ ഉപയോഗിക്കുന്നു.
- ദ്രവ ഹീലിയം അതിശീതശാസ്ത്രത്തില്‍ വളരെയധികം ഉപയോഗിക്കപ്പെടുന്നു.
- നിയോണ്‍ വിളക്കുകളുടേയും ഫിലമെന്റുള്ള ഇന്‍കാന്‍ഡസെന്റ് വിളക്കുകളുടേയും നിര്‍മാണത്തിന് അലസവാതകങ്ങള്‍ അവിഭാജ്യ ഘടകമാണ്.
- അലസവാതക വെല്‍ഡിങ്