സ്റ്റീവ് ഇര്‍വിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീവ് ഇര്‍വിന്‍ അഥവാ സ്റ്റീഫന്‍ റോബര്‍ട്ട് ഇര്‍വിന്‍(1962 ഫെബ്രുവരി 22-2006 സെപ്റ്റംബര്‍ 4). ഓസ്ട്രേലിയന്‍ പ്രകൃതിജ്ഞന്‍ ആയിരുന്നു. ഡിസ്കവറി നെറ്റ്‌വര്‍ക്സ് വഴി സംപ്രേഷണം ചെയ്ത മുതലവേട്ടക്കാരന്‍(Crocodile Hunter) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനും മുതലവേട്ടക്കാരന്‍ എന്ന അപരനാമധേയനും ആയിരുന്നു. ഭാര്യ ടെറി ഇര്‍വിന്‍, മക്കള്‍ ബിന്ദി, റോബര്‍ട്ട്. ഓസ്ട്രേലിയന്‍ മൃഗശാല എന്നറിയപ്പെട്ട സ്ഥാപനത്തിന്റെ ഉടമസ്ഥനും കൈകാര്യക്കാരനുമായിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജീവിതം
[തിരുത്തുക] ചെറുപ്പകാലം
ബോബ് ഇര്‍വിന്‍, ലിന്‍ എന്നിവരുടെ പുത്രനായി ഓസ്ട്രേലിയയിലെ മെല്‍ബോണില്‍ 1962-ല്‍ ജനിച്ചു. പിതാവ് ബോബ് ഉരഗങ്ങളില്‍ താത്പര്യമുള്ള മനുഷ്യനായിരുന്നു. കൊച്ചു സ്റ്റീവും മുതലകള്‍ക്കും മറ്റുരഗങ്ങള്‍ക്കുമൊപ്പം വളരാന്‍ തുടങ്ങി. ഒന്‍പതാമത്തെ വയസ്സില്‍ സ്റ്റീവ് മുതലകളുമായി അടുത്തിടപഴകാന്‍ തുടങ്ങി.
1972-ല്‍ ക്വീന്‍സ്‌ലാന്‍ഡിലേക്കു കുടുംബം മാറി. പിതാവും മാതാവും ചേര്‍ന്ന് അവിടെ മുതലകള്‍ക്കും അപൂര്‍വ്വജീവികള്‍ക്കുമായൊരു മൃഗശാലതുടങ്ങി. അതോടെ സ്റ്റീവിനും തനിക്കിഷ്ടപ്പെട്ട വിധത്തില്‍ മൃഗങ്ങളോട് കൂടുതല്‍ അടുക്കാനവസരം ലഭിച്ചു. 1979-ല്‍ ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്റ്റീവ്, അതിനുശേഷം ജനനിബിഡമായ പ്രദേശങ്ങളിലെ അപകടകാരികളായ മുതലകളെ പിടിക്കുക എന്ന ജോലി ഏറ്റെടുത്തു. പണം വാങ്ങാതെ ചെയ്തിരുന്ന ഈ ജോലിയില്‍ പിടിക്കപ്പെട്ട മുതലയെ സ്വന്തം മൃഗശാലയിലേക്കായിരുന്നു ഇര്‍വിന്‍ മാറ്റിയിരുന്നത്. പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്ന സ്റ്റീവ് ക്വീന്‍സ്‌ലാന്‍ഡ് ഗവണ്മെന്റ് മുതല സംബന്ധ കാര്യങ്ങളുടെ നിര്‍വ്വഹണ പദ്ധതിയില്‍ സന്നദ്ധ സേവകനായിത്തീര്‍ന്നു.
[തിരുത്തുക] പ്രശസ്തിയിലേക്ക്
1991-ല്‍ മൃഗശാല സ്റ്റീവിനായി ലഭിച്ചതുമുതലാണ് ശരിക്കും പ്രശസ്തിയിലേക്കുയര്‍ന്നു തുടങ്ങിയത്. മൃഗശാലയിലെത്തുന്നവരെ വീണ്ടും ആകര്‍ഷിക്കുന്ന വ്യക്തിത്വവും അപകടകരങ്ങളായ പ്രദര്‍ശനങ്ങളും സ്റ്റീവിനെ പൊതുജനങ്ങള്‍ക്കു പരിചിതനാക്കി. ഡിസ്കവറി നെറ്റ്‌വര്‍ക്സില്‍ പ്രത്യേകിച്ച് ആനിമല്‍ പ്ലാനറ്റ് ചാനലില്‍ സംപ്രേഷണം ചെയ്തു വന്ന ദ ക്രോക്കഡൈല്‍ ഹണ്ടര്‍ എന്ന പരമ്പരയാണ്. സ്റ്റീവിനെ കൂടുതല്‍ പ്രശസ്തനാക്കിയത്. 1992-ല്‍ മൃഗശാലയിലെ പ്രകടനത്തിനിടയില്‍ വെച്ചു പരിചയപ്പെട്ട ടെറി റെയ്ന്‍സ് എന്ന യുവതിയെ ഇര്‍വിന്‍ വിവാഹം ചെയ്തു. ടെറിയുമായൊത്തുള്ള മുതലപിടുത്ത മധുവിധുവാണ് പരമ്പരയുടെ ഏറ്റവുമാദ്യത്തെ ഭാഗം.
ടെലിവിഷന്‍ പരമ്പരകള്‍ക്കു പുറമേ ഒന്നു രണ്ടു സിനിമകളിലും സ്റ്റീവ് ഇര്‍വിന്‍ അഭിനയിച്ചിട്ടുണ്ട്. തുറന്ന പെരുമാറ്റവും, ഊര്‍ജ്ജസ്വലമായ അവതരണവും, ജീവികളേയും അവയുടെ സ്വഭാവത്തെയും കുറിച്ചുള്ള അവബോധവും ഇര്‍വിനെ പൊതുജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കി. സ്റ്റീവ് ഇര്‍വിന്റെ സാന്നിദ്ധ്യം ഓസ്റ്റ്രേലിയയിലേക്കുള്ള വിനോദ സഞ്ചാരത്തിന്റെ കുതിച്ചു കയറ്റത്തിനു തന്നെ കാരണമായെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍.
[തിരുത്തുക] പരിസ്ഥിതി പ്രേമം
സ്റ്റീവ് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ചവനായിരുന്നു. കൂടാതെ പരിസ്ഥിതിവാദവും ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ വിജയിച്ചവനുമായിരുന്നു. നാശോന്മുഖ ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തിനായും ആവാസവ്യവസ്ഥകളുടെ നാശത്തിനെതിരേയും എന്നും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. “വന്യജീവികള്‍ക്കുള്ള പോരാളിയായാണ് ഞാന്‍ സ്വയം കാണുന്നത്, എന്റെ ദൌത്യം നാശോന്മുഖ ജീവികളെ സംരക്ഷിക്കലാണ്” എന്നാണ് അദ്ദേഹം സ്വയം പറഞ്ഞിട്ടുള്ളത്.
ലോക വന്യജീവി പോരാളികള്‍(Wildlife Warriors Worldwide) എന്ന സ്വതന്ത്ര പരിസ്ഥിതി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അദ്ദേഹം, ക്വീന്‍സ്‌ലാന്‍ഡ് തീരത്തു നിന്നും ഒരു പുതിയ വംശം ആമയേയും(Elseya irwini) കണ്ടെത്തിയിട്ടുണ്ട്. ഇര്‍വിന്റെ ആമ എന്നാണ് ആ ആമഗോത്രം അറിയപ്പെടുന്നതു തന്നെ.
[തിരുത്തുക] വിവാദങ്ങള്‍
2004 ജനുവരി 2-നു തന്റെ ഒരു മാസം പ്രായമുള്ള പുത്രനേയും കൊണ്ടുള്ള പ്രകടനമായിരുന്നു സ്റ്റീവിന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ വിവാദം. നാലുമീറ്റര്‍ നീളമുള്ള മുതലയ്ക്കു ഭക്ഷണം കൊടുക്കുവാന്‍ പുത്രനേയും കൊണ്ട് ഒരുമീറ്റര്‍ അടുത്തു വരെ ചെന്നു എന്നതാണ് സ്റ്റീവിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. അദ്ദേഹം കുറ്റം നിഷേധിക്കുകയും സംഭവത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം തന്റെ കൈയിലായിരുന്നുവെന്നും, കുട്ടിക്ക് യാതൊരു അപകടവുമില്ലായിരുന്നുവെന്നും അവകാശപ്പെട്ടു. കൊച്ചു കുട്ടിയെ നീന്തലു പഠിപ്പിക്കുമ്പോളുള്ള അപകട സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളു എന്നായിരുന്നു ഭാര്യ ടെറിയുടെ അഭിപ്രായം. പക്ഷെ പല ശിശു ക്ഷേമ സമിതികളും, മൃഗസംരക്ഷണ സംഘടനകളും, ടെലിവിഷന്‍ ചാനലുകളും സ്റ്റീവ് ഉത്തരവാദ രഹിതനാണെന്ന് ആരോപിച്ചുവെങ്കിലും പോലീസ് കേസൊന്നുമുണ്ടായില്ല.
2004-ല്‍ തന്നെ ജൂണ്‍ മാസത്തില്‍ അന്റാര്‍ട്ടിക്കയിലെ വന്യജീവികളെ(തിമിംഗലങ്ങള്‍, സീലുകള്‍, പെന്‍ഗ്വിനുകള്‍) സ്റ്റീവ് വല്ലാതെ അടുത്തു ചെല്ലുകയും ശല്യപ്പെടുത്തുകയും ചെയ്തു എന്നവകാശപ്പെട്ടാണ് രണ്ടാമത്തെ വിവാദം ഉണ്ടായത്. ആദ്യത്തെ വിവാദം പോലെ തന്നെ രണ്ടാമത്തെ വിവാദവും പെട്ടന്നുതന്നെ കെട്ടടങ്ങി.
[തിരുത്തുക] മരണം
സെപ്റ്റംബര്‍ നാല് 2006, ഓസ്റ്റ്രേലിയന്‍ പ്രാദേശിക സമയം 11:00 മണിക്ക് ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയര്‍ റീഫില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ സ്റ്റിങ്‌റേ എന്ന തിരണ്ടി മീനിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും മാനേജരുമായിരുന്ന ജോണ്‍ സ്റ്റൈന്റണും കുറച്ചു സഹപ്രവര്‍ത്തകരും സംഭവസമയം കൂടെയുണ്ടായിരുന്നു. ജോണ്‍ സംഭവത്തെ വിവരിച്ചത് പ്രകാരം, സ്റ്റീവ് ജലത്തിനടിയില്‍ നിന്നും സ്റ്റിങ്‌റേയുമായി പൊങ്ങി വരികയും, നെഞ്ചില്‍ തറഞ്ഞിരുന്ന തിരണ്ടിയുടെ വാല്‍ സ്വയം പറിച്ചെടുക്കുകയും തൊട്ടടുത്ത നിമിഷം മരിക്കുകയുമായിരുന്നത്രേ. ഹൃദയത്തിനേറ്റ മുറിവും ആഘാതവുമാണ് മരണകാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്. പരമ്പരയുടെ മദ്ധ്യേയുണ്ടായ സംഭവമായതിനാല്‍ വീഡിയോ ക്യാമറയില്‍ മരണം പകര്‍ത്തിയിട്ടുണ്ട്.