രാജരാജേശ്വര ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Template:Unreferenced
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ ഒരു മനോഹരമായ ശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശിവന്റെ പല പേരുകളില്‍ ഒന്നാണ് രാജരാജേശ്വരന്‍.
കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടായാല്‍ പരിഹാരത്തിനായി "പ്രശ്നം" വയ്ക്കുന്നത് ഇവിടെയാണ്. ക്ഷേത്രത്തിനു പുറത്തുള്ള ഒരു ഉയര്‍ന്ന പീഠത്തിലാണ് പ്രശ്നം വയ്ക്കുക.
ദീര്‍ഘചതുരാകൃതിയിലുള്ള ഈ ക്ഷേത്രത്തിന് രണ്ട് തട്ടുകളുള്ള ഒരു മേല്‍ക്കൂരയാണ് ഉള്ളത്. ക്ഷേത്രത്തിനു മുന്‍പില്‍ "നമസ്കാര മണ്ഡപം" ഉണ്ട്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ ഉള്ളതുപോലെ ഈ ക്ഷേത്രത്തിന് കൊടിമരം ഇല്ല.
ഉള്ളടക്കം |
[തിരുത്തുക] രാജരാജേശ്വര ക്ഷേത്രത്തിന്റെ ഐതീഹ്യം
ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. ഇവിടെയാണ് സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് എന്നു കരുതപ്പെടുന്നു.
ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട് എന്നു കരുതപ്പെടുന്നു. ശിവന്‍ പാര്‍വ്വതിക്ക് ആരാധിക്കുവാനായി മൂന്നു ശിവലിംഗങ്ങള്‍ നല്‍കി എന്നാണ് ഐതീഹ്യം. ഒരിക്കല്‍ മാന്ധത മഹര്‍ഷി ശിവനെ പൂജകള്‍ കൊണ്ട് സംപ്രീതനാക്കി. പൂജയില്‍ പ്രസാദവാനായ ശിവന്‍ ഒരു ശിവലിംഗം സമ്മാനിച്ചിട്ട് ശ്മശാനങ്ങളില്ലാത്ത ഒരു സ്ഥലത്തുമാത്രമേ ഇതു പ്രതിഷ്ഠിക്കാവൂ എന്ന് പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും അലഞ്ഞു നടന്ന മഹര്‍ഷി തളിപ്പറമ്പ് ഏറ്റവും പരിശുദ്ധമായ സ്ഥലമായി കണ്ടെത്തി ശിവലിംഗം ഇവിടെ പ്രതിഷ്ഠിച്ചു. മഹര്‍ഷിയുടെ മരണശേഷം ശിവലിംഗം ഭൂമിക്കടിയിലേക്ക് താണുപോയി. അദ്ദേഹത്തിന്റെ മകനായ മുചുകുന്ദന്‍ പ്രാര്‍ത്ഥിച്ച് ശിവനില്‍ നിന്ന് രണ്ടാമതൊരു ശിവലിംഗം നേടി. ഈ ശിവലിംഗവും കാലക്രമത്തില്‍ ഭൂമിക്ക് അടിയിലേക്ക് താണുപോയി. ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ സതസോമന് ആണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകള്‍ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത്. രാജാവ് ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു. ലങ്കയില്‍ നിന്ന് വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമന്‍ ഇവിടെ വന്ന് ശിവന്‍ പൂജകള്‍ അര്‍പ്പിച്ചു എന്നാണ് വിശ്വാസം. ശ്രീരാമന്റെ ബഹുമാനാര്‍ത്ഥം ഇന്നും ഭക്തജനങ്ങള്‍ക്ക് നമസ്കാര മണ്ഡപത്തില്‍ പ്രവേശനമില്ല. |
[തിരുത്തുക] മതാചാരങ്ങളും അനുഷ്ഠാനങ്ങളും
കൂടിയാട്ടം, ചാക്യാര്‍ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. എല്ലാ പുതിയ കൂടിയാട്ടങ്ങളും രൂപകല്പനയ്ക്കു ശേഷം ആദ്യം അവതരിപ്പിക്കുന്നത് ഇവിടെയാണ്. ചാക്യാര്‍ സമുദായത്തിലെ "മാണി" കുടുംബത്തിനു മാത്രമേ ഇവിടെ കൂടിയാട്ടം നടത്തുവാന്‍ അവകാശമുള്ളൂ. പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാര്‍ ഇവിടെ ദശാബ്ദങ്ങളായി കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് "വിദൂഷകരത്നം" പട്ടം സമ്മാനിച്ചത് ഈ ക്ഷേത്രത്തില്‍ വെച്ചാണ്.
ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നുള്ള "വീരശൃംഘല". ഈ ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഘല നല്‍കപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാര്‍ക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഘല സമ്മാനിച്ചത്. വീരശൃംഘല ലഭിക്കുമ്പോള്‍ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവന് ഭക്ഷിക്കുവാനായി ചെറിയ മണ്‍പാത്രങ്ങളില്‍ നെയ്യ് ക്ഷേത്രത്തിലേക്കു നയിക്കുന്ന പടികളില്‍ വയ്ക്കുന്നു. ഇതിന് മലയാളത്തില്‍ “നെയ്യമൃത്” എന്നുപറയുന്നു.
പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ദിവസവും ചിലനേരങ്ങളില്‍ മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമുള്ളൂ.
തദ്ദേശീയരായ ഹിന്ദുസ്ത്രീകള്‍ ഗര്‍ഭവതികളായിരിക്കുമ്പോള്‍ മൂന്നു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും തൃച്ചമ്പ്രത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രവും തളിപ്പറമ്പില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങള്‍. ശിവന്‍ കുഞ്ഞിന് പ്രതാപവും തൃച്ചമ്പ്രത്തെ ശ്രീ കൃഷ്ണന്‍ കുഞ്ഞിന് നല്ല സ്വഭാവവും കാഞ്ഞിരങ്ങാട്ടേ ദേവത ദീര്‍ഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഇന്ന് പഴയപോലെ അധികം സ്ത്രീകള്‍ ഈ ആചാരം അനുഷ്ഠിക്കാറില്ല.
[തിരുത്തുക] ഇതും കാണുക
- തളിപ്പറമ്പ്
- പറശ്ശിനിക്കടവ്
- പറശ്ശിനിക്കടവ് ക്ഷേത്രം
- മുത്തപ്പന് ക്ഷേത്രം
- കുന്നത്തൂര്‍ പടി
- മാണി മാധവ ചാക്യാര്‍
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രം.
- Scholars രാജരാജേശ്വര ക്ഷേത്രത്തില്‍ ആദരിക്കപ്പെട്ട കലാകാരന്മാര്
- രാജരാജേശ്വര ക്ഷേത്രത്തിന്റെ ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും