മട്ടാഞ്ചേരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി കോര്‍പ്പറേഷന്റെ വടക്കുഭാഗത്തായാണ് മട്ടാഞ്ചേരി സ്ഥിതിചെയ്യുന്നത്. എറണാകുളം പട്ടണത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് മട്ടാഞ്ചേരി. എറണാകുളം പട്ടണത്തില്‍ നിന്നും മട്ടാഞ്ചേരിയിലേക്ക് എപ്പോഴും ബസ്സും ബോട്ടും ലഭിക്കും. ബോട്ടുകള്‍ എറണാകുളത്തെ സുഭാഷ് പാര്‍ക്കിനടുത്തുള്ള പ്രധാന ബോട്ട് ജട്ടിയില്‍ നിന്നും പുറപ്പെടുന്നു.
[തിരുത്തുക] ആകര്ഷണങ്ങള്
- മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം) - കൊച്ചി രാജാക്കന്മാരുടെ വാസസ്ഥലമായിരുന്നു മട്ടാഞ്ചേരി കൊട്ടാരം. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള വര്‍മ്മയ്ക്ക് (1537-1565) 1555-ല്‍ സമ്മാനിച്ച ഈ കൊട്ടാരം 1663-ല്‍ ഡച്ചുകാര്‍ പുതുക്കിപ്പണിതതോടെ 'ഡച്ച് പാലസ്' എന്ന് അറിയപ്പെട്ടു തുടങ്ങി. ഇന്ന് കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ഇന്ത്യയിലെ തന്നെ സവിശേഷമായ പല ചുവര് ചിത്രങ്ങളും ഇവിടെ ഉണ്ട്.
- പരദേശി സിനഗോഗ് - കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍വെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568-ല്‍ കൊച്ചിയിലെ മലബാര്‍ യഹൂദന് ജനങ്ങളാണ് ഈ സിനഗോഗ് നിര്‍മ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. മട്ടാഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ വര്‍മ്മ ജൂത സമുദായത്തിനു ദാനം നല്കിയ സ്ഥലത്താണ് ഈ സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും ഈ സിനഗോഗിനും ഇടയില്‍ ഒരു മതില് മാത്രമേ ഉള്ളൂ.
[തിരുത്തുക] എത്താനുള്ള വഴി
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം - കൊച്ചിയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ.
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്: എറണാകുളം ജംക്ഷന് - മട്ടാഞ്ചേരിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ.
- ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്റ്: എറണാകുളം കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റ്.