കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രിട്ടന്‍ പണ്ട് ഭരിച്ചിരുന്ന രാജ്യങ്ങളുടെ സ്വമേധയാ ഉള്ള ഒരു കൂട്ടായ്മയാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍. 53 സ്വതന്ത്രരാജ്യങ്ങളാണ് കോമണ്‍വെല്‍ത്തില്‍ ഉള്ളത്.
പണ്ട് ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നായിരുന്നു ഈ കൂട്ടായ്മ അറിയപ്പെട്ടിരുന്നത്. ഇതല്ലാതെ രാജ്യങ്ങളുടെ മറ്റു കൂട്ടായ്മകളും ഉണ്ട് (കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡെന്റ് സ്റ്റേറ്റ്സ്, കോമണ്‍വെല്‍ത്ത് ഓഫ് ആസ്ത്രേലിയ).
എലിസബത്ത് രാജ്ഞി (II) ആണ് കോമണ്‍വെല്‍ത്തിന്റെ തലപ്പത്ത്. കോമണ്‍വെല്‍ത്തിന്റെ അധിപ എന്ന പദവി അംഗരാഷ്ട്രങ്ങളുടെ ഇടയില്‍ എന്തെങ്കിലും നിയന്ത്രണമോ ശക്തിയോ പ്രദാനം ചെയ്യുന്നില്ല. അംഗരാഷ്ട്രങ്ങള്‍ ബ്രിട്ടീഷ് രാജവംശത്തിന്റെ ഭരണപരിധിയില്‍ വരുന്നുമില്ല. ആലങ്കാരികമാണ് ഈ പദവി എന്നു പറയാം. കോമണ്‍വെല്‍ത്തിന്റെ സെക്രട്ടറി ജനറലാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്ന സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത്.
ഈ കോമണ്‍വെല്‍ത്തിലെ 32 രാജ്യങ്ങള്‍ ജനാധിപത്യ സ്വതന്ത്ര രാഷ്ട്രങ്ങളാണ്. മറ്റുള്ളവ രാജഭരണത്തിന്‍ കീഴിലുമാണ് (ബ്രൂണൈ, ലെസോത്തോ, മലേഷ്യ, സ്വാസിലാന്റ്, റ്റോംഗാ തുടങ്ങിയവ). കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയെ കോമണ്‍വെല്‍ത്തിന്റെ അധിപയായി അംഗീകരിക്കുന്നു.
വ്യത്യസ്ത സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലമുള്ള രാജ്യങ്ങള്‍ക്ക് പരസ്പരം സഹകരിക്കുവാനുള്ള ഒരു വേദിയാണ് കോമണ്‍വെല്‍ത്ത്. കോമണ്‍വെല്‍ത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഈ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുക, ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും നല്ല ഭരണത്തെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.
കോമണ്‍വെല്‍ത്ത് ഒരു രാഷ്ട്രീയ സംഘടനയല്ല. ഈ സംഘടന ബ്രിട്ടന് ഒരു തരത്തിലുള്ള പരമാധികാരങ്ങളും നല്‍കുന്നില്ല.
എല്ലാ നാലു വര്‍ഷങ്ങളിലും കോമണ്‍വെല്‍ത്ത് അംഗങ്ങള്‍ കോമണ്‍വെല്‍ത്ത് മത്സരങ്ങാള്‍ സംഘടിപ്പിക്കുന്നു. ഒളിമ്പിക്സ് കഴിഞ്ഞാലുള്ള വ്യത്യസ്ത കായിക മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ കായിക മത്സരമാണ് കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍.