ഫോര്‍ട്ട് കൊച്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു മനോഹരമായ വിനോദസഞ്ചാര പട്ടണമാണ് ഫോര്‍ട്ട് കൊച്ചി. ഫോര്‍ട്ട് കൊച്ചി/മട്ടാഞ്ചേരി പ്രദേശത്തായാണ് ഫോര്‍ട്ട് കൊച്ചി സ്ഥിതിചെയ്യുന്നത്. എറണാകുളം നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഫോര്‍ട്ട് കൊച്ചി. ചീനവലകള്‍, മട്ടാഞ്ചേരി കൊട്ടാരം, സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകര്‍ഷണങ്ങളും ഫോര്‍ട്ട് കൊച്ചിയിലുണ്ട്. എറണാകുളം നഗരത്തില്‍ നിന്ന് 12 കി.മീ അകലെയാണ് ഫോര്‍ട്ട് കൊച്ചി.
കേരളത്തിലെ ആദ്യത്തെ യൂറോപ്യന്‍ ഠൌണ്‍ഷിപ്പ് ആയിരുന്നു ഫോര്‍ട്ട് കൊച്ചി. പറങ്കികളും ഡച്ചുകാരും ബ്രിട്ടീഷുകാരും ഇവിടെ താമസമുറപ്പിച്ചു. വാസ്കോ ഡ ഗാമ പള്ളി, ഡച്ച് സെമിത്തേരി, സെന്റ് ഫ്രാന്‍സിസ് പള്ളി, ചീനവലകള്‍, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോര്‍ട്ട് കൊച്ചിയിലുണ്ട്. ഒരുപാട് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികള്‍ ഫോര്‍ട്ട് കൊച്ചി സന്ദര്‍ശിക്കുന്നു. കൊച്ചി നഗരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് ബസ്സു ലഭിക്കും. മറൈന്‍ ഡ്രൈവില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് ബോട്ടും ലഭിക്കും. ഇന്ത്യന്‍ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പല്‍ ഫോര്‍ട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള തദ്ദേശീയ നിയമം ഇന്ന് നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ഫോര്‍ട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൌസുകളും രൂപാന്തരപ്പെടുത്തിയവയാണ്. മനോഹരമായ പല മണിമാളികകളും ഇവയില്‍ ഉള്‍പ്പെടും.
ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ എല്ലാ വര്‍ഷവും പുതുവര്‍ഷ ദിനത്തില്‍ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ ഈ കാര്‍ണിവല്‍ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാര്‍ണിവലിന്റെ ഭാഗമായി നടക്കുന്നു.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ - എറണാകുളം - 12 കി.മീ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 20 കി.മീ അകലെ.