പള്ളിയോടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങള്‍ ആണ് പള്ളിയോടങ്ങള്‍ എന്നു പറയുന്നത്. കുട്ടനാട്ടിലെ ചുണ്ടന്‍വള്ളങ്ങളെ അപേക്ഷിച്ച് ഈ വള്ളങ്ങള്‍ക്ക് 5-6 കോല്‍ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളുടെ അമരം(പിന്‍ഭാഗം),കൂമ്പ്(മുന്‍ഭാഗം) എന്നിവ വെള്ളത്തിനോട് ചേര്‍ന്നു കിടക്കുമ്പോള്‍ പള്ളിയോടങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗം മാത്രമേ ജലത്തില്‍ സ്പര്‍ശിക്കുകയുള്ളൂ. അതുപോലെ തന്നെ വള്ളത്തിന്റെ 'ഉടമ'(വീതി) കുട്ടനാടന്‍ വള്ളങ്ങളെ അപേക്ഷിച്ചു കൂടുതല്‍ ആയിരിക്കും.
ഒരു വള്ളത്തില്‍ 100-110 വരെ ആള്‍ക്കാര്‍ കയറും. 4 അമരകാര്‍, 10 നിലയാള്‍, ബാക്കി തുഴക്കാര്‍ എന്നാണ് കണക്ക്.4 അമരക്കാര്‍ നാലു വേദങ്ങളെയും, കൂമ്പില്‍ ഇരിക്കുന്ന 8 തുഴകാര്‍ അഷ്ടദിക്‌ക്‍പാലകന്മാരേയും, അമരത്തിന്റെ ഇരുവശവും ഉള്ള 2 വെങ്കലകുമിളകള്‍ സൂര്യനേയും ചന്ദ്രനേയും പ്രധിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.
ഉള്ളടക്കം |
[തിരുത്തുക] നിര്‍മ്മാണ രീതി
ഒരു വള്ളം നിര്‍മ്മിക്കുന്നതിന് ഏക്ദേശം 15 ലക്ഷം രൂപ ചെലവാകും. ഇതിന്റെ നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന തടി ആഞ്ഞിലിയാണ്. പാലാ-മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് സാധാരണയായി ഇതിനു വേണ്ടിയുള്ള വലിയ ആഞ്ഞിലിത്തടികള്‍ ലഭിക്കുന്നത്.
ആറിന്റെ കരയില്‍ നിര്‍മ്മിക്കുന്ന മാലിപ്പുരകളില്‍ ആണ് വള്ളത്തിന്റെ നിര്‍മ്മാണം നടത്തുന്നത്.'ഏരാവ്-മാതാവ്' എന്ന 2 നീളമുള്ള പലകകള്‍ ആണ് ഒരു വള്ളത്തിന്റെ നട്ടെല്ല്. ആദ്യം കമഴ്ത്തിയിട്ട് ഈ 2 പലകകള്‍ ഒരു അച്ചില്‍ ഉറപ്പിച്ച് ഒരു വളവ് ഉണ്ടാക്കിയെടുത്തിട്ടാണ് വള്ളംപണി ആരംഭിക്കുന്നത്. ഈ വളവ് ഉണ്ടാക്കിയെടുക്കാന്‍ സാധാരണ 3-4 മാസം വേണ്ടിവരും.
വള്ളംപണിക്കായി എഴുതപ്പെട്ട തച്ചുശാസ്ത്രം നിലവില്ല. പ്രധാന ആശാരിയുടെ മനസ്സില്‍ രൂപപ്പെടുന്ന കണക്കുകള്‍ വെച്ചാണ് പണി പുരോഗമിക്കുന്നത്. വള്ളം പണിയാന്‍ ആവശ്യമായ 'തറകള്‍'(അഥവാ ചതുരത്തില്‍ ഉള്ള ആണികള്‍) നിര്‍മ്മിക്കുന്നത് മാലിപ്പുരയില്‍ തന്നെയാണ്. നല്ലൊരു തൂക്കം ഇരുമ്പ് വള്ളംപണിക്ക് ആവശ്യമാണ്.ഇതുകൂടാതെ തടികള്‍ക്കിടയില്‍ കൂടി വെള്ളം കയറാതിരിക്കുവാന്‍ വേണ്ടി 'ചെഞ്ചല്യം' എന്ന ഒരു കൂട്ടുപശയും ഉപയോഗിക്കും.
[തിരുത്തുക] പ്രധാന തച്ചന്മാര്‍
വള്ളത്തിന്റെ അവസാന അലങ്കാരപ്പണികള്‍ പ്രധാന ആശാരിയാണ് ചെയ്യുന്നത്. പണ്ടുകാലത്ത് പള്ളിയോടങ്ങള്‍ നിര്‍മ്മിച്ചിരുന്നത് റാന്നി മുണ്ടപ്പുഴ തച്ചന്മാര്‍ ആയിരുന്നു. ഇന്ന് ഈ ശാഖയില്‍ നിന്ന് ആരും തന്നെ പള്ളിയോടനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നില്ല. ഇപ്പോഴുള്ള പ്രധാന ശില്‍പ്പി ചങ്ങങ്കരി വേണു ആശാരി ആണ്. ഇതിനു മുന്‍പ് കോഴിമുക്ക് നാരായണന്‍ ആശാരിയും ചങ്ങങ്കരി തങ്കപ്പന്‍ ആശാരിയും ആയിരുന്നു വള്ളങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. കോഴഞ്ചേരി, കീഴുകര, നെല്ലിക്കല്‍,കാട്ടൂര്‍ എന്നീ പള്ളിയോടങ്ങള്‍ കോഴിമുക്ക് നാരായണന്‍ ആശാരി നിര്‍മ്മിച്ചതാണ്. പൂവത്തൂര്‍ പടിഞ്ഞാറ്, മാലക്കര, ഇടനാട് എന്നിവ തങ്കപ്പന്‍ ആചാരി നിര്‍മ്മിച്ചതാണ്. ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക ഇടയാറന്മുള, ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക്, കീഴുവന്മഴി, വന്മഴി,ഇടപ്പാവൂര്‍-പേരൂര്‍ എന്നീ വള്ളങ്ങള്‍ നിര്‍മ്മിച്ചത് വേണു ആശാരി ആണ്.
[തിരുത്തുക] പ്രധാന പള്ളിയോടങ്ങള്‍
പണ്ട് മദ്ധ്യതിരുവിതാംകൂറില്‍ പടിഞ്ഞാറു പള്ളിപ്പാട് മുതല്‍ കിഴക്ക് വടശ്ശേരിക്കര വരെയായി 48 കരകളില്‍ പള്ളിയോടങ്ങള്‍ ഉണ്ടായിരുന്നു. കാലം കടന്നുപോയപ്പോള്‍ പലവള്ളങ്ങളും ജീര്‍ണ്ണാവസ്ഥയിലും പിന്നെ കരകാരുടെ വഴക്കിലും പെട്ടു നശിച്ചു പോയി. പരുമല, ഇരമല്ലിക്കര, ഇരുവെള്ളിപ്ര, പള്ളിപ്പാട്, മേപ്രം, വാഴാര്‍മങ്കലം, പ്രയാര്‍, പാണ്ടനാട്, കീക്കൊഴൂര്‍, ഐത്തല, റാന്നി, വടശ്ശേരിക്കര എന്നിങ്ങനെ പഴയ പല വള്ളങ്ങളും ഇപ്പോള്‍ പഴമക്കാരുടെ ഓര്‍മ്മകളിലെ ഉള്ളു. അടുത്തകാലത്ത് ഓര്‍മ്മയായി മാറിക്കൊണ്ടിരിക്കുന്ന മഴുക്കീര്‍ എന്ന വള്ളവും. 90കളുടെ മദ്ധ്യത്തില്‍ എണ്ണം കുറഞ്ഞുകുറഞ്ഞു 27ല്‍ എത്തി നിന്നു. പിന്നീട് പലകരക്കാരും വളരെ ഉത്സാഹത്തോടെ വള്ളം നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു.
93 മുതല്‍ മിക്കവാറും എല്ലാവര്‍ഷവും ഒരു പുതിയ വള്ളം എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. നെല്ലിക്കല്‍, മാലക്കര, കാട്ടൂര്‍, ഇടനാട്,ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക ഇടയാറന്മുള, ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക് എന്നിങ്ങനെ പോയി അതിന്റെ കണക്ക്. ഈക്കുറി എല്ലാവരുടേയും ആവേശം കൂട്ടാനായി ആദ്യമായി 3 പുതിയ വള്ളങ്ങള്‍ ഒരുമിച്ചു നിര്‍മ്മിച്ചു. വന്മഴി, കീഴുവന്മഴി, ഇടപ്പാവൂര്‍-പേരൂര്‍ എന്നിങ്ങനെ മൂന്നു പുതിയ വള്ളങ്ങള്‍ ഈക്കുറി ഉണ്ട്. അടുത്ത വര്‍ഷവും പുതിയ 2 എണ്ണം കൂടിയുണ്ടാവും എന്നാണു കരുതപ്പെടുന്നത്. പുന്നംതോട്ടം കരക്കാര്‍ ഒരു പുതിയ വള്ളം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.
[തിരുത്തുക] ആറന്മുള വള്ളംകളിയിലെ പള്ളിയോടങ്ങള്‍
മദ്ധ്യതിരുവിതാംകൂറില്‍ പടിഞ്ഞാറു ചെന്നിത്തല മുതല്‍ കിഴക്ക് എടപ്പാവൂര്‍ വരെയുള്ള 39 പള്ളിയോടങ്ങളാണ് ആറന്മുള വള്ളംകളിയില്‍ പങ്കെടുക്കുന്നത്.
- ചെന്നിത്തല
- കടപ്ര
- വെണ്‍പാല-കദളിമങ്കലം
- വന്മഴി
- കീഴുവന്മഴി
- മുതവഴി
- ഉമയാറ്റുകര
- മുണ്ടങ്കാവ്
- കോടിയാട്ടുകര
- തൈമറവുംകര*
- മംഗലം
- ഓതറ
- ഇടനാട്
- ആറാട്ടുപുഴ
- കോയിപ്രം
- മാലക്കര
- നെല്ലിക്കല്‍
- ഇടയാറന്മുള
- ഇടയാറന്മുള കിഴക്ക്
- ളാക ഇടയാറന്മുള
- പൂവത്തൂര്‍ പടിഞ്ഞാറ്
- പൂവത്തൂര്‍ കിഴക്ക്
- തോട്ടപ്പുഴശ്ശേരി
- ഇടശ്ശേരിമല
- ഇടശ്ശേരിമല കിഴക്ക്
- മല്ലപ്പുഴശ്ശേരി
- മാരാമണ്‍
- പുന്നംത്തോട്ടം
- മേലുകര
- കീഴുകര
- നെടുമ്പ്രയാര്‍
- കോഴഞ്ചേരി
- അയിരൂര്‍
- ചെറുകോല്‍
- കുറിയന്നൂര്‍
- കോറ്റാത്തൂര്‍
- കാട്ടൂര്‍
- ഇടപാവൂര്‍-പേരൂര്‍
- ഇടപ്പാവൂര്‍
*തൈമറവുംകര വള്ളം 3-4 വര്‍ഷമായി വളരെ പരിതാപകരമായ അവസ്ഥയില്‍ ആയിരുന്നു. അവര്‍ വള്ളംകളിയില്‍ പങ്കെടുത്തിട്ട് ഇപ്പോള്‍ 3-4 വര്‍ഷം ആയി. പക്ഷെ കരക്കാരുടെ ഉത്സാഹത്തില്‍ അവരും വള്ളം പുതുക്കിപ്പണിത് അടുത്തവര്‍ഷത്തേക്ക് തിരിച്ചുവരാന്‍ ഉള്ള ശ്രമത്തിലാണ്.