മണ്ണുത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് മണ്ണുത്തി. തൃശ്ശൂര്‍ സ്വരാജ് റൌണ്ടില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് മണ്ണുത്തി. ദേശീയപാത 47-ല്‍ പാലക്കാട്-തൃശ്ശൂര്‍ ബൈപാസ്സ് മണ്ണുത്തിയിലൂടെ കടന്നുപോവുന്നു. കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ദേശീയപാതയുടെ സംഗമം ആയതുകൊണ്ട് യാത്രക്കാരുടെ ഒരു പ്രധാന വിശ്രമ സ്ഥലമാണ് ഇന്ന് മണ്ണുത്തി. ഒരുപാട് താമസ-ഭക്ഷണ സ്ഥലങ്ങള്‍ മണ്ണുത്തിയില്‍ ഉണ്ട്. മിക്കവാറും അതിഥിഗൃഹങ്ങളും രാത്രി മുഴുവന്‍ തുറന്നിരിക്കുന്നു. ഇന്ത്യന്‍ കോഫി ഹൌസ് മണ്ണുത്തിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അകത്തിരുന്നും പുറത്തിരുന്നും ഭക്ഷണം കഴിക്കാവുന്ന ഒരു ഭക്ഷണശാല തുറന്നിരിക്കുന്നു.
പല സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും മണ്ണുത്തിയില്‍ ഉണ്ട്. ഇവയില്‍ പ്രധാനമായവ കോളെജ് ഓഫ് വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സസ്, കോളെജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജി, കാര്‍ഷിക ഗവേഷണ നിലയം, ഡോണ്‍ ബോസ്കോ വിദ്യാലയം, സി.എം.എസ് വിദ്യാലയം, ഡോണ്‍ ബോസ്കോ ഐ.സി.എസ്.സി വിദ്യാലയം, ഡോണ്‍ ബോസ്കോ സെമിനാരി, വി.വി.എസ്. വിദ്യാലയം എന്നിവയാണ്.
പീച്ചി, വാഴാനി അണക്കെട്ടുകളും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും മണ്ണുത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. മണ്ണുത്തിയില്‍ 1955-ല്‍ സ്ഥാപിച്ച മൃഗങ്ങളെക്കുറിച്ച് പഠിക്കാനുള്ള കലാലയത്തിന്റെ (കോളെജ് ഓഫ് വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സസ്) ആരംഭത്തോടെ ആണ് മണ്ണുത്തിയുടെ വികസനം തുടങ്ങുന്നത്. 2005-ല്‍ ഈ സ്ഥാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
മണ്ണുത്തിയിലെ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കൃഷിക്ക് അനുയോജ്യമാണ്. ഇതുകൊണ്ടു തന്നെ ധാരാളം ചെടി വളര്‍ത്തു കേന്ദ്രങ്ങള്‍ മണ്ണുത്തിയിലുണ്ട്. ഇവിടെ വിവിധ തരം സസ്യങ്ങള്‍ വില്പനയ്ക്കു വെച്ചിരിക്കുന്നു. മണ്ണുത്തിയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള വെള്ളാണിക്കരയിലാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല സ്ഥിതിചെയ്യുന്നത്.
മണ്ണുത്തിയിലെ ചെടി വളര്‍ത്തു കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ലോകമെമ്പാടും പ്രചരിപ്പിക്കുവാനുമായി തുടങ്ങിയിരിക്കുന്ന ഒരു വാണിജ്യ വെബ് വിലാസമാണ് http://www.mannuthynursery.com