നേര്‍ധാരാ വൈദ്യുതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നേര്‍ധാരാ വൈദ്യുതി (Direct Current (DC) (ചുരുക്കം: ഡി.സി.)), വൈദ്യുത പൊട്ടന്‍ഷ്യല്‍ കുറവുള്ള ഇടത്തു നിന്ന് കൂടിയ ഇടത്തേക്ക് ഒരേ ദിശയിലുള്ള ഇലക്ട്രോണുകളുടെ തുടര്‍ച്ചയായ പ്രവാഹം.ലോഹങ്ങളിലും മറ്റും ഇലക്ട്രോണുകളാണ് വൈദ്യുതചാര്‍ജ് വഹിക്കുന്നത്‍, എന്നാല്‍ ലായനികളില്‍ (ആംഗലേയം: electrolyte) വൈദ്യുത ചാര്‍ജ് വഹിക്കുന്നത് ഇലക്ട്രോണുകളല്ല മറിച്ച് അയോണുകളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരേദിശയിലുള്ള കണങ്ങളുടെ തുടര്‍ച്ചയായ സഞ്ചാരത്തെ നേര്‍ധാര എന്നു വിളിക്കാം.
[തിരുത്തുക] ചരിത്രം
നേര്‍ധാരയെ മുന്‍കാലങ്ങളില്‍ ഗാല്‍വനിക് ധാര (ആംഗലേയം: Galvenic Current) എന്നും വിളിച്ചിരുന്നു. വ്യവസായികമായ വിദ്യുച്ഛക്തി വിതരണത്തിന് നേര്‍ധാരയായിരുന്നു ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തോമസ് ആല്‍വാ എഡിസണ്‍ ആയിരുന്നു ഈ രീതി ആദ്യമായി വികസിപ്പിച്ചത്. എന്നാല്‍ വോള്‍ട്ടതക്ക് വ്യത്യാസം വരുത്തുന്നതിലും (ആംഗലേയം: transformation) പ്രേഷണത്തിലും (ആംഗലേയം: transmission) ഉള്ള മേന്മയും ലാളിത്യവും പ്രത്യാവര്‍ത്തിധാരയുടെ ഉപയോഗം വര്‍ദ്ധിപ്പിച്ചു. ഇക്കാരണം കൊണ്ടു തന്നെ എല്ലാത്തരം വൈദ്യുതവിതരണത്തിനും പ്രത്യാവര്‍ത്തിധാരയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
[തിരുത്തുക] ഉപയോഗങ്ങള്‍
നേര്‍ധാര ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ലഭ്യമായ പ്രത്യാവര്‍ത്തിധാരയെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വോള്‍ട്ടതയിലാണ് പ്രവര്‍ത്തിക്കുന്നത്. ഉപകരണങ്ങളിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ദിശയും വളരെ പ്രധാനമാണ്. അതിനാല്‍ പ്രത്യേകതരം സോക്കറ്റുകളും സ്വിച്ചുകളും മറ്റും ഇവ ഉപയോഗപ്പെടുത്തുന്നു. കുറഞ്ഞ വോള്‍ട്ടതയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും ഉപകരണങ്ങളും നേര്‍ധാരയാണ് ഉപയോഗപ്പെടുത്തുന്നത്. ഡ്രൈസെല്‍, സൌരോര്‍ജ്ജ സെല്ലുകള്‍ പോലുള്ള ബാറ്ററികളാണ് ഇത്തരം ഉപകരണങ്ങളിലെ നേര്‍ധാരാ സ്രോതസ്സ്. വാഹനങ്ങളിലും വൈദ്യുതാവശ്യങ്ങള്‍ക്കു വേണ്ടി നേര്‍ധാര ഉപയോഗിക്കുന്നു. വാഹനങ്ങളിലെ ജനിത്രം അഥവാ ഡൈനമോ, പ്രത്യാവര്‍ത്തിധാരയാണ് ഉണ്ടാക്കുന്നതെങ്കിലും റെക്റ്റിഫയര്‍ ഉപയോഗിച്ച് നേര്‍ധാരയാക്കി മാറ്റിയാണ് ഉപയോഗിക്കുന്നത്.
മിക്കവാറും ഇലക്ട്രോണിക് ഉപകരണങ്ങളും നേര്‍ധാരയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ലഭ്യമാകുന്ന പ്രത്യാവര്‍ത്തിധാരയെ നേര്‍ധാരയാക്കി മാറ്റാനായി, ഇത്തരം ഉപകരണങ്ങളുടെ കൂടെ ഒരു നേര്‍ധാര പവര്‍ സപ്ലൈ കൂടെ ഉപയോഗിക്കുന്നു. ഇന്ധന സെല്ലില്‍ (ഹൈഡ്രജനും ഓക്സിജനും ഉപയോഗപ്പെടുത്തി ഇതില്‍ വൈദ്യുതി നിര്‍മ്മിക്കുന്നു. ഉപോല്‍പ്പന്നമായി ജലമാണ് ഇതില്‍ ഉണ്ടാകുന്നത്) നിന്നും നേര്‍ധാരയാണ് ലഭിക്കുന്നത്. നേര്‍ധാര ഉപയോഗപ്പെടുത്തുന്ന മറ്റൊരു പ്രധാന മേഖലയാണ് വിദൂര വിനിമയം (ആംഗലേയം: telecommunication). കൂടിയ വോള്‍ട്ടതയിലുള്ള നേര്‍ധാര ദീര്‍ഘദൂര വിദ്യുച്ഛക്തി പ്രേഷണത്തിന് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.