ഏഷ്യന്‍ ഗെയിംസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യന്‍ ഗെയിംസ് അഥവാ ഏഷ്യാഡ് ഏഷ്യയിലെ രാജ്യങ്ങള്‍ക്കായി നാലുവര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന കായിക മാമാങ്കമാണ്. ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി(ഐ.ഒ.സി.)യുടെ ഭാഗമായ ഒളിമ്പിക്സ് കൌണ്‍സില്‍ ഓഫ് ഏഷ്യ(ഒ.സി.എ.)യാണ് ഏഷ്യന്‍ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഒളിമ്പിക്സിലേപ്പോലെതന്നെ ഓരോ ഇനത്തിലെയും ഒന്നാംസ്ഥാനക്കാര്‍ക്ക് സ്വര്‍ണ്ണമെഡലും രണ്ടാം സ്ഥാനക്കാര്‍ക്ക് വെള്ളിമെഡലും മൂന്നാം സ്ഥാനക്കാര്‍ക്ക് വെങ്കല മെഡലും നല്കുന്നു.
ഏതെങ്കിലും ഏഷ്യന്‍ രാജ്യത്തിന്റെ ഒളിമ്പിക് കമ്മിറ്റിയെ പ്രതിനിധീകരിച്ചാണ് കായിക താരങ്ങള്‍ ഈ മേളയില്‍ പങ്കെടുക്കുന്നത്. മെഡല്‍ വിതരണം ചെയ്യുമ്പോള്‍ താരങ്ങള്‍ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ പതാക പ്രദര്‍ശിപ്പിച്ച് ദേശീയ ഗാനം ആലപിക്കുന്ന പതിവുണ്ട്. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട രാഷ്ട്രങ്ങള്‍ക്കു മാത്രമേ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാവൂ. എന്നിരുന്നാലും ചില ഇളവുകള്‍ അനുവദിക്കാറുണ്ട്. തായ്വാന്റെ അംഗീകാരത്തെക്കുറിച്ചു തര്‍ക്കമുള്ളതിനാല്‍ ചൈനീസ് തായ്പേയ് എന്ന പേരിലാണ് അവരെ പങ്കെടുപ്പിക്കുന്നത്. 2006 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 15 വരെ ഖത്തറിലെ ദോഹയില്‍ അരങ്ങേറുന്ന പതിനഞ്ചാമത് ഏഷ്യന്‍ ഗെയിംസാണ് ഈ കായികമേളയുടെ ഏറ്റവും ഒടുവിലത്തെ പതിപ്പ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഫാര്‍ ഈസ്റ്റേണ്‍ ചാമ്പ്യന്‍ഷിപ് ഗെയിംസ്
ജപ്പാന്, ഫിലിപ്പൈന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ നടത്തിയിരുന്ന ഫാര്‍ ഈസ്റ്റേണ്‍ ചാമ്പ്യന്‍ഷിപ്പ് ഗെയിംസാണ് ഏഷ്യാഡിനു മുന്‍പ് ഏഷ്യയില്‍ അരങ്ങേറിയിരുന്ന പ്രധാന കായികമേള. 1913ല്‍ ഫിലിപ്പൈന്‍സിലെ മനിലയിലാണ് ഇത് ആദ്യമായി അരങ്ങേറിയത്. 1938-ല്‍ ജപ്പാന് ചൈനയെ ആക്രമിച്ചതോടെ ഈ കായികമേള ഇല്ലാതായി.
[തിരുത്തുക] ഏഷ്യന്‍ ഗെയിംസിന്റെ പിറവി
രണ്ടാം ലോകമഹായുദ്ധ ശേഷം ഏഷ്യാ വന്‍കരയിലെ നിരവധി രാജ്യങ്ങള്‍ സ്വതന്ത്രമായി. ഏഷ്യയുടെ കരുത്തും കഴിവുകളും പ്രകടിപ്പിക്കുവാന്‍ പൊതുവായ ഒരു കായികമേള ആവശ്യമാണെന്ന ചിന്ത പല പുതുരാഷ്ട്രങ്ങളും മുന്നോട്ടുവച്ചു. 1948 ഓഗസ്റ്റ് മാസം ലണ്ടനില്‍ നടന്ന പതിനാലാമത് ഒളിമ്പിക്സിനിടയില് ഇന്ത്യന്‍ ഒളിമ്പിക്സ് കമ്മിറ്റി പ്രതിനിധിയായിരുന്ന ഗുരു ദത്ത് സോന്ധി ഏഷ്യന്‍ രാജ്യങ്ങള്‍ക്കു മാത്രമായി ഒരു കായികമേള എന്ന ആശയം ഇതര രാജ്യങ്ങളിലെ പ്രതിനിധികളുമായി പങ്കുവച്ചു. ഇതേത്തുടര്‍ന്ന് ഏഷ്യന്‍ അത്ലറ്റിക് ഫെഡറേഷന് രൂപീകരിക്കാന്‍ ധാരണയായി. 1949 ഫെബ്രുവരിയില്‍ ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന് എന്നപേരില്‍ പ്രസ്തുത സംഘടന ഔദ്യോഗികമായി നിലവില്‍വന്നു. ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951ല്‍ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നടത്താനും ധാരണയായി.
[തിരുത്തുക] പുനഃക്രമീകരണങ്ങള്
ഏഷ്യന്‍ ഗെയിംസിന്റെ സംഘാടനം പുരോഗമിക്കവേ ചില രാഷ്ട്രീയ പ്രശ്നങ്ങള്‍ തര്‍ക്കങ്ങളുയര്‍ത്തി. 1962ല്‍ തായ്വാനെയും ഇസ്രയേലിനെയും ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി അംഗരാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ആ വര്‍ഷത്തെ ആതിഥേയരായിരുന്ന ഇന്തോനേഷ്യ ഈ രണ്ടു രാജ്യങ്ങളും പങ്കെടുക്കുന്നത് എതിര്‍ത്തു. 1970-ല്‍ ഉത്തര കൊറിയയില്‍ നിന്നുള്ള സുരക്ഷാ ഭീഷണികളെത്തുടര്‍ന്ന് ദക്ഷിണ കൊറിയ ആതിഥേയത്വത്തില്‍ നിന്നും പിന്മാറി. ഇതേത്തുടര്‍ന്ന് ദക്ഷിണ കൊറിയയുടെ പണമുപയോഗിച്ച് തലേപ്രാവശ്യത്തെ ആതിഥേയരായിരുന്ന തായ്ലന്ഡ് ഗെയിംസിന് ഒരിക്കല്‍ക്കൂടി ആതിഥ്യമരുളി.
ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന് അഴിച്ചുപണിയാന്‍ അംഗരാജ്യങ്ങള്‍ തീരുമാനിച്ചു. ഏഷ്യയിലെ കായിക സംഘടന ഒളിമ്പിക് കൌണ്‍സില്‍ ഓഫ് ഏഷ്യ എന്ന പേരു സ്വീകരിച്ചു. ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന് ഇല്ലാതായെങ്കിലും മുന്‍തീരുമാനമനുസരിച്ച് 1982ലെ ഏഷ്യന്‍ ഗെയിംസ് ന്യൂ ഡല്‍ഹിയില്‍ വച്ചു നടത്തപ്പെട്ടു. 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസ് മുതലാണ് ഒ.സി.എ. ഗെയിംസിന്റെ മേല്‍നോട്ടം ഔദ്യോഗികമായി ഏറ്റെടുക്കുന്നത്.
തുടര്‍ന്നുള്ള ഗെയിംസുകളില്‍ തായ്വാനെയും ഒ.സി.എയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ചൈനീസ് തായ്പേയ് എന്ന പേരിലാണ് തായ്വാന് പങ്കെടുക്കുന്നത്. ഇസ്രയേലിനെ സ്ഥിരമായി ബഹിഷ്കരിക്കാനും ഒ.സി.എ. അംഗരാജ്യങ്ങള്‍ തീരുമാനിച്ചു. ഇസ്രയേലിനോട് യൂറോപ്യന്‍ കായിക മേളയില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടു.
[തിരുത്തുക] പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍
1994-ല്‍ പല അംഗരാജ്യങ്ങളുടെയും എതിര്‍പ്പു വകവയ്ക്കാതെ പഴയ സോവ്യറ്റ് റിപബ്ലിക്കുകളായ കസാഖ്സ്ഥാന്, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, തുര്‍ക്ക്മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ഒ.സി.എയില്‍ ഉള്‍പ്പെടുത്തി.
[തിരുത്തുക] ഏഷ്യന്‍ ഗെയിംസ് ഇതുവരെ
- 1951 - ഒന്നാം ഏഷ്യന്‍ ഗെയിംസ്, ന്യൂഡല്‍ഹി, ഇന്ത്യ
- 1954 - രണ്ടാം ഏഷ്യന്‍ ഗെയിംസ്, മനില, ഫിലിപ്പൈന്‍സ്
- 1958 - മൂന്നാം ഏഷ്യന്‍ ഗെയിംസ്, ടോക്കിയോ, ജപ്പാന്
- 1962 - നാലാം ഏഷ്യന്‍ ഗെയിംസ്, ജക്കാര്‍ത്ത, ഇന്തോനേഷ്യ
- 1966 - അഞ്ചാം ഏഷ്യന്‍ ഗെയിംസ്, ബാങ്കോക്ക്, തായ്ലന്ഡ്
- 1970 - ആറാം ഏഷ്യന്‍ ഗെയിംസ്, ബാങ്കോക്ക്, തായ്ലന്ഡ്
- 1974 - ഏഴാം ഏഷ്യന്‍ ഗെയിംസ്, ടെഹ്റാന്, ഇറാന്
- 1978 - എട്ടാം ഏഷ്യന്‍ ഗെയിംസ്, ബാങ്കോക്ക്, തായ്ലന്ഡ്
- 1982 - ഒന്‍പതാം ഏഷ്യന്‍ ഗെയിംസ്, ന്യൂഡല്‍ഹി, ഇന്ത്യ
- 1986 - പത്താം ഏഷ്യന്‍ ഗെയിംസ്, സോള്‍, ദക്ഷിണ കൊറിയ
- 1990 - പതിനൊന്നാം ഏഷ്യന്‍ ഗെയിംസ്, ബീജിങ്, ചൈന
- 1994 - പന്ത്രണ്ടാം ഏഷ്യന്‍ ഗെയിംസ്, ഹിരോഷിമ, ജപ്പാന്
- 1998 - പതിമൂന്നാം ഏഷ്യന്‍ ഗെയിംസ്, ബാങ്കോക്ക്, തായ്ലന്ഡ്
- 2002 - പതിനാലാം ഏഷ്യന്‍ ഗെയിംസ്, ബുസാന്‍, ദക്ഷിണ കൊറിയ
- 2006 - പതിനഞ്ചാം ഏഷ്യന്‍ ഗെയിംസ്, ദോഹ, ഖത്തര്‍
[തിരുത്തുക] മത്സര ഇനങ്ങള്‍
- നീന്തല്‍
- അമ്പെയ്ത്ത്
- അത്ലറ്റിക്സ്
- ബാഡ്മിന്റണ്‍
- ബേസ്ബോള്‍
- ബാസ്കറ്റ്ബോള്‍
- ബില്യാര്‍ഡ്സ്, സ്നൂക്കര്‍
- ശരീര സൌന്ദര്യം
- ബോളിംഗ്
- ബോക്സിങ്
- കനോയ്, കയാക്ക്
- ചെസ്
- സൈക്ക്ലിങ്
- അശ്വാഭ്യാസം
- ഇ-സ്പോര്‍ട്സ്
- ഫെന്‍സിങ്
- ഹോക്കി
- ഫുട്ബോള്‍
- ഗോള്‍ഫ്
- ജിംനാസ്റ്റിക്സ്
- ഹാന്‍ഡ്ബോള്‍
- ജൂഡോ
- കബഡി
- കരാട്ടേ
- റോവിംഗ്
- റഗ്ബി
- സെയ്ലിംഗ്
- സെപാക് ടക്രോ
- ഷൂട്ടിങ്
- സോഫ്റ്റ്ബോള്‍
- സോഫ്റ്റ് ടെന്നിസ്
- സ്ക്വാഷ്
- ടേബിള്‍ ടെന്നിസ്
- ടാക്ക്വാന്‍ഡോ
- ടെന്നിസ്
- ട്രയാത്തലണ്‍
- വോളീബോള്‍
- ഭാരോദ്വഹനം
- ഗുസ്തി
- വുഷു