ശബരിമല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തില്‍ പശ്ചിമഘട്ടം മലനിരകളിലെ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. പതിനെട്ട് മലനിരകള്‍ക്കിടയില്‍ അയ്യപ്പഭഗവാന്റെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. തമിഴ്നാടിന്റെ അതിര്ത്തിയിലായുള്ള സഹ്യപര്വതമലനിരകളിലാണ് ശബരിമല. 1260 മീറ്റര്‍ ഉയരത്തില്‍ (സമുദ്രനിരപ്പില്‍ നിന്നും 4135 അടി ഉയരത്തില്‍) ഒരു മലയുടെ മുകളിലുള്ള ഈ ക്ഷേത്രം നിബിഡ വനത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. നിലക്കല്‍, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നും ക്ഷേത്രങ്ങള്‍ കാണാം. മറ്റ് മലകളില്‍ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പന് മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.
ജാതി-മത-വര്‍ഗ്ഗ-ഭേദമന്യേ തീര്‍ത്ഥാടകര്‍ ഒരേ മന്ത്രമുരുവിട്ട് അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്തിലേക്ക് പോകുന്നത് അനിതരസാധാരണമായ കാഴ്ചയാണ്. വാഹന ഗതാഗതം പമ്പ വരെ മാത്രമേയുള്ളൂ. അതിനു ശേഷം തീര്‍ത്ഥാടകര്‍ കാട്ടുപാതയിലൂടെ യാത്ര ചെയ്താണ് സന്നിധാനത്തെത്തുന്നത്.
സന്നിധാനത്തിനു കിഴക്കായി വാവരുനട എന്ന സ്ഥാനം അയ്യപ്പന്റ്റെ ചങ്ങാതിയായിരുന്ന വാവരെന്ന (ബാബറിന്റെ പ്രാദേശികഭേദം) മുസ്ലീമിനായി സമര്‍പ്പിച്ചിരിക്കുന്നതാണ്. മണ്ഡലപൂജക്കാലത്തും (നവംബര്‍-ഡിസംബര്‍)മകരവിളക്കിനും (ജാനുവരി 15), വിഷുവിനും, മലയാള മാസം ഒന്നാം തീയതികളിലും മാത്രമേ ക്ഷേത്രം പൂജയ്ക്കായി തുറക്കാറുള്ളൂ.
[തിരുത്തുക] ശബരിമലയില്‍ എങ്ങനെ എത്തിച്ചേരാം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 115 കിലോമീറ്റര്‍ (010 ഡിഗ്രി) അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 106 കിലോമീറ്റര്‍ (018 ഡിഗ്രി)അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്.
തീര്‍ത്ഥാടനകാലത്ത് ചാലക്കയം പട്ടണം വഴിയോ അല്ലെങ്കില്‍ എരുമേലി വഴി കരിമല നടന്നു കയറിയോ(ഏകദേശം 50 കിലോമീറ്റര്‍ ) ഇവിടെയെത്താം.
ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ കോട്ടയവും ചെങ്ങന്നൂരുമാണ്.
ശബരിമലയിലേക്കുള്ള നാല് പ്രധാന വഴികള്‍ ഇവയാണ്.
1. കോട്ടയത്തു നിന്നു എരുമേലി വഴി പമ്പ; പമ്പയില്‍ നിന്ന് കാല്‍നടയായി ശബരിമല - മണിമല വഴി കോട്ടയത്തു നിന്ന് പമ്പയിലേക്ക് 136 കിലോമീറ്റര്‍
2. എരുമേലിയില്‍ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി പമ്പ - 45 കിലോമീറ്റര്‍. പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് കാല്‍നടയായി
3. വണ്ടിപ്പെരിയാര്‍ മുതല്‍ മൌണ്ട് എസ്റ്റേറ്റ് വരെ വാഹനത്തില്‍. ശേഷം കാല്‍നടയായി ശബരിമലയിലേക്ക്
4. വണ്ടിപ്പെരിയാര്‍ മുതല്‍ കോഴിക്കാനംവരെ 15 കിലോമീറ്റര്‍; കോഴിക്കാനത്ത് നിന്ന് ഉപ്പുപാറ വരെ 10 കിലോമീറ്റര്‍; ഉപ്പുപാറ മുതല്‍ ശബരിമല വരെ 3.5 കിലോമീറ്റര്‍. (ഉപ്പുപാറ വരെ വാഹനഗതാഗതം സാധ്യമാണ്).
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍
- ശബരിമലടെമ്പിള്.ഓര്‍ഗ് : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമലയെക്കുറിച്ചുള്ള വെബ് സൈറ്റ്
- പത്തനംതിട്ടയെപ്പറ്റിയുള്ള കേരളാ ഗവര്ണ്മെന്റ് വെബ് സൈറ്റില്‍ ശബരിമലയെപ്പറ്റി : ദൂരവിവരം, താമസ സൌകര്യങ്ങള്‍, വഴിപാടുകള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഈ സൈറ്റിലുണ്ട്