വേള്‍ഡ് വൈഡ് വെബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] വേള്‍ഡ് വൈഡ് വെബ്

വേള്‍ഡ് വൈഡ് വെബ് (www അഥവാ വെബ്) എന്നത് വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള പ്രമാണശേഖരണ രീതിയാണ്. എഴുത്തുകള്‍, പടങ്ങള്‍, ചലച്ചിത്രങ്ങള്‍ തുടങ്ങിയ എല്ലാ വിവരമാധ്യമങ്ങളും വേള്‍ഡ് വൈഡ് വെബില്‍ ലഭ്യമാണ്. വെബ്ബിലുള്ള പ്രമാണങ്ങള്‍ക്കെല്ലാം ഒരു യൂണിഫോം റിസോഴ്സ് ഐഡന്റിഫൈയര്‍ അഥവാ യു.ആര്‍.ഐ ഉണ്ടാവും. യു.ആര്‍.ഐ വഴിയാണ് ഓരോ പ്രമാണവും വെബ്ബില്‍ തിരിച്ചറിയപ്പെടുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതും വേള്‍ഡ് വൈഡ് വെബ് ഇന്‍റര്‍നെറ്റിന്‍റെ പര്യായമാണെന്ന് പൊതുവേ കരുതാറുണ്ട്. ഇന്‍റര്‍നെറ്റ് എന്നാല്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളുടെ ഒരു കൂട്ടമാണ് , ടെലിഫോണ്‍ ലൈനുകള്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍, അല്ലെങ്കില്‍ വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ തമ്മിലും കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വേള്‍ഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് ഹൈപ്പര്‍ലിങ്കുകളും , യു.ആര്‍.ഐകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ പ്രമാണങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. പ്രമാണങ്ങള്‍ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങള്‍, ശബ്ദങ്ങള്‍, എച്ച്.റ്റി.എം.എല്‍ താളുകള്‍, പ്രോഗ്രാമുകള്‍, ഇങ്ങനെ . ഇന്‍റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ രീതിയിലായിരിക്കും മേല്പറഞ്ഞ പ്രമാണങ്ങള്‍ സൂക്ഷിച്ചിരിക്കുക.

[തിരുത്തുക] പ്രവര്‍ത്തനം

ഒരു ഇന്‍റര്‍നെറ്റ് ഉപയോക്താവിന് വേള്‍ഡ് വൈഡ് വെബ്ബിലുള്ള ഏതെങ്കിലും ഒരു പ്രമാണം വേണമെന്നുണ്ടെങ്കില്‍, ഉദാഹരണത്തിന് ഒരു എച്ച്.റ്റി.എം.എല്‍ താളാകട്ടെ, അയാള്‍ ആദ്യം തനിക്കാവശ്യമുള്ള താളിന്റെ യു.ആര്‍.എല്‍ തന്റെ വെബ് ബ്രൌസറില്‍ കീബോര്‍ഡ് വഴി റ്റൈപ്പ് ചെയ്തു കൊടുക്കുകയോ, അല്ലെങ്കില്‍ പ്രസ്തുത താളിലേക്കുള്ള ഒരു ഹൈപ്പര്‍ലിങ്കില്‍ മൌസ് ഉപയോഗിച്ച് അമര്‍ത്തുകയോ ആണ് ചെയ്യുക.

ഇങ്ങനെ ചെയ്യുമ്പോള്‍ ആദ്യമായി സംഭവിക്കുന്നത് യു.ആര്‍.എല്ലിലെ സെര്‍വറിനെ സൂചിപ്പിക്കുന്ന ഭാഗം ഐ.പി വിലാസമായി പരിവര്‍ത്തനം ചെയ്യപ്പെടും. ഉദാഹരണത്തിന് " http://ml.wikipedia.org/wiki/Special:Recentchanges " എന്നതില്‍ “ ml.wikipedia.org ” ആണ് സെര്‍വറിന്റെ പേര് സൂചിപ്പിക്കുന്ന ഭാഗം. യു.ആര്‍.എല്ലിന്റെ ബാക്കിയുള്ള ഭാഗം സൂചിപ്പിക്കുന്നത് സെര്‍വറിനുള്ളില്‍ എവിടെയാണ് യു.ആര്‍.എല്‍ വഴി നമ്മളാവശ്യപ്പെട്ട പ്രമാണം സ്ഥിതി ചെയ്യുന്നു എന്നാണ്. യു.ആര്‍.എല്ലിലെ സെര്‍വ്വര്‍ ഭാഗം ഐ.പി വിലാസമായി മാറ്റുന്നത് ഇന്‍റര്‍നെറ്റില്‍ പല സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിവരശേഖരം അതായത്, ഡാറ്റാബേസ് ഉപയോഗിച്ചാണ്. ഈ ഡാറ്റാബേസിനു ഡി.എന്‍.എസ് (DNS) അഥവാ ഡൊമൈന്‍ നെയിം സിസ്റ്റം(Domain Name System) എന്നാണു പേര്.

സെര്‍വറിന്‍റെ ഐ.പി വിലാസം കണ്ടുപിടിച്ചതിനു ശേഷം, ആ ഐ.പി വിലാസത്തില്‍ ഇന്‍റര്‍നെറ്റില്‍ സ്ഥിതി ചെയ്യുന്ന വെബ് സെര്‍വ്വറിലേക്ക് ആവശ്യമുള്ള പ്രമാണം നല്‍കാന്‍ ഒരു എച്ച്.റ്റി.റ്റി.പി അഭ്യര്‍ത്ഥന അയക്കുന്നു. ആവശ്യപ്പെട്ട പ്രമാണം വെബ്ബ് സെര്‍വര്‍ തിരിച്ചയക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരു എച്ച്.റ്റി.എം.എല്‍ വെബ് താളാണ് ഉപയോക്താവ് ആവശ്യപ്പെട്ടതെങ്കില്‍ പ്രസ്തുത താളിലുള്ള എച്ച്.റ്റി.എം.എല്‍ ഫയലും, അനുബന്ധ ഫയലുകളും ( ചിത്രങ്ങള്‍, സി.എസ്.എസ്, ജാവാസ്ക്രിപ്റ്റ്, ഫ്ലാഷ് ആനിമേഷനുകള്‍ എന്നിങ്ങനെയുള്ളവ ) വെബ് സെര്‍വ്വര്‍ തിരിച്ചയക്കുന്നു. സെര്‍വ്വറില്‍ നിന്നു ലഭിച്ച എച്ച്.റ്റി.എം.എല്‍ ഫയലില്‍ പറഞ്ഞിരിക്കുന്നതു പോലെ (അക്ഷരങ്ങളുടെ ഫോണ്ട്, വലിപ്പം, നിറം, ചിത്രങ്ങളുടെ സ്ഥാനം, ഹൈപ്പര്‍ലിങ്കുകള്‍ കൊടുക്കേണ്ട സ്ഥലങ്ങള്‍, എന്നുള്ള എല്ലാവിവരങ്ങളും എച്ച്.റ്റി.എം.എല്‍ ഫയലില്‍ പറഞ്ഞിട്ടുണ്ട് ) ഒരു താളുണ്ടാക്കുകയാണ് ബ്രൌസറിന്‍റെ ജോലി. ഇങ്ങനെ ഉപയോക്താവിന്‍റെ ബ്രൌസറിനുള്ളില്‍ ആ വെബ് താള്‍ എത്തുന്നു.

[തിരുത്തുക] വെബ്ബിന്റെ ചരിത്രം

റ്റിം ബെര്‍ണേര്‍സ് ലീ
റ്റിം ബെര്‍ണേര്‍സ് ലീ

റ്റിം ബെര്‍ണേര്‍സ് ലീ എന്ന ഗവേഷകന്റെ ആശയമാണ് വേള്‍ഡ് വൈഡ് വെബ്. 1980 ല്‍ സി.ഈ.അര്‍.എന്‍ (CERN) ല്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു ആശയം അദ്ദേഹം മുന്നോട്ട് വച്ചത്. ഹൈപ്പര്‍ ടെക്സ്റ്റ് എന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഗവേഷകര്‍ക്കിടയില്‍ വിവരങ്ങളും, പ്രമാണങ്ങളും മറ്റും പങ്കുവെക്കാനും മറ്റുമുള്ള ഒരു പദ്ധതിയാണ് അദ്ദേഹം മുമ്പോട്ട് വച്ചത്. ഈ ആശയത്തെ അടിസ്ഥാനമാക്കി എന്‍ക്വയര്‍ (ENQUIRE) എന്നൊരു സംവിധാനം അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു. കുറച്ചു നാളുകള്‍ക്ക് ശേഷം സി.ഈ.അര്‍.എന്നില്‍ നിന്നു വിട്ടുനിന്നതിനു ശേഷം ബെര്‍ണേര്‍സ് ലീ 1984 അവിടേക്ക് തിരിച്ചെത്തി. ഹൈപ്പര്‍ ടെക്സ്റ്റിനെ ഇന്‍റര്‍നെറ്റുമായി ബന്ധപ്പെടുത്തിയാലുള്ള സാധ്യതകളെപ്പറ്റി അദ്ദേഹം ചിന്തിച്ചു. 1989 ല്‍ അദ്ദേഹം വേള്‍ഡ് വൈഡ് വെബ് നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കി, 1990 ല്‍ റോബര്‍ട്ട് കെയ്‌ല്യൌ (Robert Cailliau) വിന്റെ സഹായത്തോടെ തന്റെ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ മാനേജര്‍ ആ പദ്ധതിയുമായി മുമ്പോട്ട് പോകാന്‍ അനുമതി നല്‍കുകയും ചെയ്തു.


എന്‍ക്വയറിന്‍റെ ആശയങ്ങളോട് സാമ്യമുള്ളവ തന്നെയായിരുന്നു വേള്‍ഡ് വൈഡ് വെബ്ബിനു പിന്നിലും. ഇതിനായി ലോകത്തിലെ ആദ്യത്തെ വെബ്ബ് ബ്രൌസര്‍ ബെര്‍ണേര്‍സ് ലീ നിര്‍മ്മിച്ചു വേള്‍ഡ് വൈഡ് വെബ് എന്നായിരുന്നു അതിന്‍റെയും പേര്. എച്ച്.റ്റി.റ്റി.പി.ഡി (httpd) അഥവാ ഹൈപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഡെയ്‌മണ്‍ (HyperText Transfer Protocol daemon) എന്ന ലോകത്തെ ആദ്യത്തെ വെബ് സെര്‍വ്വറും അദ്ദേഹം ഇതിനായി നിര്‍മ്മിച്ചു.

ആദ്യത്തെ വെബ് സൈറ്റ് “ http://info.cern.ch/ ” 1991 ആഗസ്റ്റ് 6 ന് ഓണ്‍ലൈനായി, അതായത് ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകൃതമായി. എന്താണ് വേള്‍ഡ് വൈഡ് വെബ്, എങ്ങനെ ഒരു വെബ് ബ്രൌസര്‍ ഉപയോഗിക്കാം, വെബ് സെര്‍വ്വര്‍ ക്രമീകരിക്കുന്നതെങ്ങനെ എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളായിരുന്നു ആ വെബ് സൈറ്റില്‍.

1991, റ്റിം ബെര്‍ണേര്‍സ് ലീ മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (World Wide Web Consortium) അഥവാ ഡബ്ല്യു3സി (W3C) എന്ന സംഘടന സ്ഥാപിച്ചു. വെബ്ബിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുകയും അവ പ്രാവര്‍ത്തികമാക്കുകയുമാണ് ഈ സംഘടനയുടെ ലക്ഷ്യം. സമാന ലക്ഷ്യങ്ങളുള്ള വിവിധ കമ്പനികളാണ് ഈ സംഘടനയിലെ അംഗങ്ങള്‍.

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്