Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഇന്റര്‍നെറ്റ് പബ്ലിഷിംഗ് - വിക്കിപീഡിയ

ഇന്റര്‍നെറ്റ് പബ്ലിഷിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] ഇന്റര്‍നെറ്റ്: ഒരു പുതിയ മീഡിയം

ഓരോ യുഗസന്ധ്യകളിലും, പഴയരീതികളെ മുഴുവന്‍ തുടച്ചുനീക്കാന്‍‍ കെല്‍പ്പുള്ള ഒരു പുതിയ സാങ്കേതികവിദ്യ ഉദയം ചെയ്യും. അങ്ങനെ ഒന്നായിരുന്നു അച്ചടി. പുതിയ സാങ്കേതികവിദ്യ കാര്യങ്ങളെല്ലാം എളുപ്പമാക്കുക മാത്രമല്ല ചെയ്യുന്നത്‌; അതു വരെ കാണാത്ത സാഹിത്യ സാംസ്കാരിക രൂപങ്ങളുമായാണതിന്റെ വരവ്‌. അച്ചടി അന്നുവരേക്കും ഇല്ലാതിരുന്ന എന്തൊക്കെയാണ് നമുക്കുതന്നതെന്ന്‌ വെറുതെയൊന്നാലോചിച്ചാല്‍ കാണാവുന്നതേ ഉള്ളൂ: പത്രങ്ങള്‍, കഥകള്‍, നോവലുകള്‍, ലേഖനങ്ങള്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണം... ഒക്കേയും നാളതുവരേയും ഓര്‍ത്തുവയ്ക്കാനെളുപ്പമുള്ള കാവ്യങ്ങളായി മാത്രം (അതും ഏറിയ പങ്കും വാമൊഴിയായി) എല്ലാം ശീലിച്ചവരുടെ മുന്നിലേയ്ക്ക്‌.


അതുപോലൊരു വാഗ്ദാനവുമായാണ്, ഇന്റര്‍നെറ്റിന്റെ വരവ്‌. പ്രമുഖരായ ഏതാനും ആളുകളുടെ പ്രസിദ്ധീകരണങ്ങള്‍ എളുപ്പത്തില്‍, താരതമ്യേന കുറഞ്ഞ ചെലവില്‍ അനേകം പേരുടെ അടുത്തെത്തിക്കാന്‍ അച്ചടി വഴിയൊരുക്കി. എന്നാല്‍ ഇന്റര്‍നെറ്റിന് ഒരു പടി കൂടി കടന്ന്, സാധാരണക്കാരടക്കം ഏതൊരാളെഴുതുന്നതും അനേകം വായനക്കാരുടെ അടുത്ത് ഫലപ്രദമായി എത്തിക്കാന്‍ കഴിയുന്നു. അതിലുപരി, വായനക്കാരുടെ പ്രതികരണങ്ങള്‍ സുഗമമായി എഴുത്തുകാരനു തിരിച്ചെത്തിക്കാനും ഇന്റര്‍നെറ്റിലൂടെ സാദ്ധ്യമാണ്. ആശയവിനിമയം നടത്താന്‍ കടലാസും കയ്യെഴുത്തും ആവശ്യമില്ലാത്ത ഒരു പുതിയ രീതിയാണ്‌ കമ്പ്യൂട്ടറുകളും തുടര്‍ന്നുവന്ന ഇന്റര്‍നെറ്റും നമുക്കു തന്നത്‌. തത്ഫലമായി മിക്കവാറും ചിലവൊട്ടും തന്നെയില്ലാതെ ആര്‍ക്കും എന്തും പ്രസിദ്ധീകരിക്കാമെന്നായി.


അച്ചടിച്ച പുസ്തകങ്ങള്‍, പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നീ മാദ്ധ്യമങ്ങളിലൊന്നും സാദ്ധ്യമല്ലാത്ത മറ്റു ഗുണങ്ങളും ഇന്റര്‍നെറ്റില്‍ ഉണ്ട്. സ്വന്തം താല്‍പ്പര്യത്തിന്റേയും ആവശ്യത്തിന്റേയും അടിസ്ഥാനത്തില്‍ വായിച്ചറിയേണ്ട വിശദാംശങ്ങള്‍ തെരഞ്ഞെടുക്കാം (Interactive Content selectivity) എന്നതാണ് ഇതില്‍ ഏറ്റവും ആകര്‍ഷണീയമായത്. അതുപോലെത്തന്നെ, ദശലക്ഷക്കണക്കിനുള്ള പേജുകളില്‍നിന്നും തങ്ങള്‍ക്കാവശ്യമുള്ള കൃത്യമായ വിവരങ്ങള്‍ ഞൊടിയിടയ്ക്കുള്ളില്‍ തപ്പിയെടുക്കാമെന്നതും ആവശ്യമുള്ള ഭാഗങ്ങള്‍ ശേഖരിച്ചുവെക്കുകയോ ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ക്കോ മറ്റു വായനക്കാര്‍ക്കോ ഉടനടി അയച്ചുകൊടുക്കുകയോ ചെയ്യാമെന്നതും ഇന്റര്‍നെറ്റ് ഒരുക്കുന്ന സൌകര്യങ്ങളാണ്.


അച്ചടിച്ച കടലാസിലെ വിവരങ്ങള്‍ ജഢസ്വഭാവമുള്ളതാണ്(static). എന്നുവെച്ചാല്‍, കടലാസില്‍ ഒരിക്കല്‍ തയ്യാറാക്കിയത് സാഹചര്യം മാറുന്നതിനനുസരിച്ച് അപ്പപ്പോള്‍ തിരുത്തിയെഴുതുവാന്‍ കഴിയില്ല. അതേ സമയം ഇന്റര്‍നെറ്റില്‍ ഒരു ജീവാത്മകത സ്വാഭാവികമായിത്തന്നെയുണ്ട്. കൂടാതെ, കടലാസില്‍ സന്നിവേശിപ്പിക്കാനാവാത്ത ചലനം, ശബ്ദം, തുടങ്ങിയ മറ്റ് ബഹുലമാദ്ധ്യമ‍ ഉപാധികള്‍ (Multi-Media Content) ഇന്റര്‍നെറ്റില്‍ നിഷ്പ്രയാസം ഉപയോഗിക്കാം.


ഇതുകൊണ്ടെല്ലാം കൂടിയാണ് ഇന്റര്‍നെറ്റിനെ അച്ചടിയേക്കാള്‍ മഹത്തായ കണ്ടുപിടുത്തമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌.


(ഇന്റര്‍നെറ്റ് എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് പ്രധാനമായും ഇന്റെര്‍നെറ്റിന്റെ www അഥവാ World Wide Web എന്നറിയപ്പെടുന്ന ഭാഗത്തെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, www കൂടാതെ മറ്റുപല ഘടകങ്ങളും (ഉദാ: ഈ-മെയില്‍, ചാറ്റ്, നെറ്റ്ഫോണ്‍ തുടങ്ങിയവ) കൂടി ‍ ഇന്റര്‍‍നെറ്റ് ‍എന്ന, ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന, കമ്പ്യൂട്ടര്‍ സഞ്ചയത്തിന്റെ ഭാഗമാണ്.)


ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടറുകളില്‍ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ രേഖകളുടെ (Electronic Documents or Pages) ശേഖരമാണ് വെബ് (www). പലയിടത്തായി ചിതറിക്കിടക്കുന്ന, പല സ്ഥലങ്ങളിലും പരന്നുകിടക്കുന്ന കുത്തഴിഞ്ഞ ഒരു പുസ്തകമായി അതിനെ കരുതാം. ഒറ്റനോട്ടത്തില്‍ കുത്തഴിഞ്ഞതെന്നു പറഞ്ഞെങ്കിലും, വായനക്കാരന്റെ ആവശ്യാനുസരണം വേണ്ട പേജുകള്‍ വേണ്ടപ്പോള്‍ നോക്കിയെടുക്കാന്‍ തക്ക പേജുനമ്പറുകളും സൌകര്യവും ഈ ഒറ്റപ്പുസ്തകത്തിനുണ്ട്. സാധാരണ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മൊസില്ല ഫയര്‍ഫോക്സ്, നെറ്റ്സ്കേപ്പ് തുടങ്ങിയ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ www എന്ന ഭീമമായ പുസ്തകത്തില്‍ നാം തെരഞ്ഞെടുത്ത പേജ് ആണ് നമുക്കു മുന്നില്‍ സ്ക്രീനില്‍ പ്രത്യക്ഷമാവുന്നത്.)

[തിരുത്തുക] ഇന്റര്‍നെറ്റിലെ വായനയും എഴുത്തും‍

കമ്പ്യൂട്ടറും അതിന് ഇന്റര്‍നെറ്റ് കണക്ഷനും ഉള്ള ആര്‍ക്കും ഇന്റര്‍നെറ്റിലെ പേജുകള്‍ വായിക്കാം. കമ്പ്യൂട്ടറിന്റെ സ്വാഭാവിക ഭാഷ ഇംഗ്ലീഷ് ആയതുകൊണ്ട്‌ ഇന്റര്‍നെറ്റില്‍ ഇംഗ്ലീഷ് വായിക്കാന്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. ഇംഗ്ലീഷ് പോലെ തന്നെ, ലോകത്തിലെ ബാക്കിയെല്ലാ ഭാഷകളും കമ്പ്യൂട്ടറില്‍ കാണാന്‍ തുടങ്ങിയത് വളരെ അടുത്താണ്. അതിനുവേണ്ടി മൈക്രോസൊഫ്റ്റ് അടക്കമുള്ള കമ്പനികളും ഭാഷാപണ്ഡിതരും ചേര്‍ന്ന്‌ ‘യുണീക്കോഡ്’ എന്ന ഒരു പൊതു‍വ്യവസ്ഥ(സ്റ്റാന്‍ഡേര്‍ഡ്) ഉണ്ടാക്കിയിട്ടുണ്ട്‌. കമ്പ്യൂട്ടര്‍ എന്തിനെയും മനസ്സിലാക്കുന്നത്‌ സംഖ്യകളായിട്ടാണ്. അക്ഷരങ്ങളേയും അങ്ങനെ തന്നെ. അതായത്‌ ഒരോ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കും ഓരോ സംഖ്യ. A-ക്ക്‌ 65, B-ക്ക്‌ 66 എന്നിങ്ങനെ. എന്നാലാകട്ടെ ഈ വ്യവസ്ഥിതി ഇംഗ്ലീഷിനു മാത്രമേ ഫലവത്തായി ഉപയോഗിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളു. യുണീക്കോഡെന്ന വ്യവസ്ഥയിലൂടെ, മലയാളം ഉള്‍പ്പടെയുള്ള എല്ലാ ഭാഷകളിലെ അക്ഷരങ്ങള്‍ക്കും നിശ്ചിത അക്ഷരസംഖ്യ നിശ്ചയിച്ചിരിക്കുന്നു. മലയാളം ‘അ’കാരത്തിന് 3333, 'ആ’കാരത്തിന് 3334 എന്നിങ്ങനെ.


അക്ഷരസംഖ്യ മാത്രം പോര മലയാളം കമ്പ്യൂട്ടറില്‍ കാണാന്‍; അക്ഷരരൂപവും വേണം. ഈ അക്ഷരരൂപങ്ങളുടെ പട്ടികയാണ് ഫോണ്ട് എന്നറിയപ്പെടുന്നത്‌. യുണീക്കോഡ് വ്യവസ്ഥ അനുസരിക്കുന്ന ഫോണ്ടില്‍ 3333 എന്നെഴുതിയതിനു നേരെ, ‘അ’ എന്ന രൂപം കൊടുത്തിരിക്കും. ഒരു ലേഖനത്തില്‍ 3333 എന്ന സംഖ്യ കണ്ടാല്‍ കമ്പ്യൂട്ടര്‍, ഫോണ്ടെന്ന പട്ടികയില്‍ നിന്നും ‘അ’ എന്ന രൂപം കാണിക്കുകയായി. ഇങ്ങനെയാണ് കമ്പ്യൂട്ടറുകളില്‍ മലയാളം തെളിയുന്നത്‌. ഈ വ്യവസ്ഥ പുതിയതായതുകൊണ്ടുതന്നെ, യുണീക്കോഡ് ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണമെന്നില്ല. യുണിക്കോഡ് വ്യവസ്ഥ അനുസരിക്കുന്ന ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചിട്ടപ്പെടുത്തുക(കോണ്‍ഫിഗര്‍ ചെയ്യുക) വളരെ എളുപ്പമാണ്. അഞ്ജലി, രചന എന്നിവയാണ് ഇപ്പോള്‍ പ്രചാരം നേടിയിരിക്കുന്ന മലയാളം യുണീക്കോഡ് ഫോണ്ടുകള്‍. അവയിലേതെങ്കിലും ഡൌണ്‍ലോഡ് ചെയ്ത്‌ കമ്പ്യൂട്ടറില്‍ ഫോണ്ടുകളെടുത്തു വച്ചിരിക്കുന്നിടത്തിടുകയേ വേണ്ടൂ.


ഇന്റര്‍നെറ്റിലെ വായനയും പുസ്തകവായനയില്‍ നിന്നും അല്പം വ്യത്യസ്ഥമായ രീതിയിലാണ്. ഇന്റര്‍നെറ്റിനെ ഒരു വളരെ വലിയ പുസ്തകത്തോടുപമിക്കാം. ഓരോ പേജുകളും പലകമ്പ്യൂട്ടറുകളിലായി പരന്നു കിടക്കുന്ന പുസ്തകം. ഓരോ പേജും വായിച്ചു കഴിഞ്ഞതിനു ശേഷം മറിക്കുകയല്ല ഇവിടെ ചെയ്യുന്നത്‌. പകരം, നമുക്ക്‌ ആവശ്യമെന്നുതോന്നുന്നതിനെ പറ്റി കൂടുതലറിയാനായി ഹൈലൈറ്റ് ചെയ്തിരിക്കുന്നിടത്ത്‌ ക്ലിക്ക്‌ ചെയ്യുകയാണ്. ഉടനെ, നമ്മളാവശ്യപ്പെട്ട വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ തെളിയുകയായി. പുതിയ താളിലും ഇതുപോലെ ചില വാക്കുകള്‍ ഹൈലൈറ്റ് ചെയ്തിരിക്കും. നമുക്ക്‌ കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ള സംഗതിയാണെങ്കില്‍ അതിലും ക്ലിക്ക് ചെയ്യുക, അങ്ങനെ വായനയുടെ ലോകത്തിലൂടെ ഇതൊരു മായാസഞ്ചാരമാണ്.


വായിക്കാനെന്നപോലെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാനും എളുപ്പമാണ്. അതിനുവേണ്ടിയുള്ള പല പ്രോഗ്രാമുകളും ഇന്ന്‌ ലഭ്യമാണ്. ടൈപ്പിങ് പഠനകേന്ദ്രങ്ങള്‍ പഠിപ്പിക്കുന്ന മലയാളം ടൈപ്പിങ് രീതിയേക്കാള്‍ ‘മംഗ്ലീഷ്’ രീതിക്കാണ് പ്രചാരം കൂടുതല്‍. മംഗ്ലീഷ് രീതിയില്‍, ഇംഗ്ലീഷ് കീബോര്‍ഡില്‍ ‘viral' എന്നെഴുതിയാല്‍ കമ്പ്യൂട്ടറില്‍ ‘വിരല്‍’ എന്നു വന്നോളും.


എന്നാല്‍ എല്ലാ വാക്കുകളും ‘വിരല്‍’ എന്നെഴുതും പോലെ എളുപ്പമല്ല. മലയാളം വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതുന്നത്‌ പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുന്ന രീതിയിലാണ്. ഉദാഹരണത്തിന്, ‘padam' എന്ന് മംഗ്ലീഷിലെഴുതിയ മലയാളം വാക്ക്‌ എതാണെന്ന് ആലോചിക്കൂ. പദം, പടം, പാദം, പാടം, പാടാം എന്നൊക്കെ അത്‌ വായിക്കാം. സന്ദര്‍ഭത്തിനനുസരിച്ച്‌ വാക്കേതാണെന്ന്‌ ഊഹിക്കുകയാണ് നമ്മള്‍ സാധാരണ ചെയ്യുന്നത്‌. നേരത്തെ പറഞ്ഞ പ്രോഗ്രാമുകളുടെ ജോലി ഇങ്ങനെ മംഗ്ലീഷിലെഴുതിയ മലയാളം വാക്കുകളെ ശരിക്കുള്ള മലയാളത്തില്‍ അക്ഷരത്തെറ്റില്ലാതെ കാണിക്കുകയാണ്. വാക്കിന്റെ സന്ദര്‍ഭം ഏതാണെന്ന്‌ ഊഹിക്കാന്‍ അവയ്ക്കാവാത്തതുകൊണ്ട് ‘ദ’-യ്ക്ക്‌ d എന്നും, ‘ട’-ക്ക്‌ T എന്നും ഉള്ള നിയമങ്ങള്‍ ഈ പ്രോഗ്രാമുകളിലുണ്ടാവും. ഉദാഹരണത്തിന് വരമൊഴി എന്ന പ്രോഗ്രാമില്‍ മുകളില്‍ കൊടുത്ത വാക്കുകളെഴുതുന്നതിങ്ങനെയാണ്: പദം = padam, പടം = paTam, പാടം = paaTam, പറ്റം = patam.


ഇങ്ങനെ എഴുതേണ്ട മലയാളവാക്കുകള്‍ക്കു സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന മംഗ്ലീഷ് രീതിയെ ശാസ്ത്രീയമായി ലിപിമാറ്റം(Transliteration) എന്നു പറയുന്നു. ലിപിമാറ്റം തന്നെ പല രീതിയിലും ആവാം. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ലിപിമാറ്റരീതി ‘മൊഴി’ അഥവാ ‘വരമൊഴി‘ എന്ന വ്യവസ്ഥയാണ്.1998 മുതല്‍ പ്രചാരത്തിലുള്ള വരമൊഴിയുടെ പ്രത്യേകത, മലയാളി സ്വാഭാവികമായി ലിപിമാറ്റം ചെയ്യുന്ന രീതി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്‌ എന്നതാണ്. മാത്രവുമല്ല, ചില്ലക്ഷരങ്ങള്‍ക്ക്‌ പ്രത്യേക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. അതുകൊണ്ട്‌ ആര്‍ക്കും ‘മൊഴി’ സമ്പ്രദായം വളരെ കുറഞ്ഞ സമയം കൊണ്ട് (ഏകദേശം ഒരു മണിക്കൂറിനുള്ളില്‍) പഠിക്കാവുന്നതേ ഉള്ളൂ.


(വരമൊഴി ഉപയോഗിച്ച് മലയാളം വാക്കുകള്‍ തയ്യാറാക്കുമ്പോള്‍ ആവശ്യമുള്ള മലയാളം അക്ഷരങ്ങള്‍ ലഭിക്കാന്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യേണ്ട ഇംഗ്ലീഷ് ബട്ടണുകള്‍ ഏതൊക്കെയെന്നറിയാനും മറ്റു വിശദവിവരങ്ങള്‍ക്കും‍ ഈ ലേഖനം കാണുക.)


[തിരുത്തുക] ബ്ലോഗുകള്‍

ഇന്റര്‍നെറ്റില്‍ നമ്മളോരുരത്തര്‍ക്കുവേണ്ടിയും ഒരോരോ പേജുകള്‍ നീക്കിവെച്ചതായി സങ്കല്‍പ്പിക്കൂ. ഈ പേജുകളില്‍ നമുക്കോരോരുത്തര്‍ക്കും ഇഷ്ടമുള്ളത്‌ എഴുതാം. എഴുതുക മാത്രമല്ല ചിത്രങ്ങള്‍ വയ്ക്കാം, ശബ്ദങ്ങളും ചെറിയ വീഡിയോ ക്ലിപ്പിങ്ങുകളുംകളും സൂക്ഷിക്കാം. ആര്‍ക്കും വന്നവ വായിക്കാം; അഭിപ്രായങ്ങളെഴുതാം. ഇതാണ് ബ്ലോഗുകള്‍. ചുരുക്കത്തില്‍ ഒരാള്‍ക്ക്‌ പ്രസിദ്ധീകരിക്കണമെന്നു തോന്നുന്ന എന്തും വളരെ എളുപ്പത്തില്‍ ബ്ലോഗുകളിലൂടെ നിര്‍വഹിക്കാം; കമ്പ്യൂട്ടറിന്റെ ഉള്ളിലെ നൂലാമാലകളൊന്നും അറിയേണ്ട. ബ്ലോഗുകളുടെ ഈ പ്രായോഗികതയും ലളിതമായ പ്രവര്‍ത്തനരീതിയും സാധാരണജനങ്ങളെ പെട്ടന്നാകര്‍ഷിച്ചു; ബ്ലോഗുകള്‍ വളരെ പോപ്പുലറായി. ഇന്ന്‌ ഇന്റര്‍നെറ്റിലെഴുതപ്പെടുന്ന വാക്കുകളുടെ മൂന്നിലൊന്ന്‌ ബ്ലോഗുകളിലാണ്.


ഒരാള്‍ക്ക്‌ അയാളുടെ ബ്ലോഗില്‍ പരിപൂര്‍ണസ്വാതന്ത്ര്യമുണ്ട്‌. ഇഷ്ടമുള്ളത്‌ പ്രസിദ്ധീകരിക്കാം, തെരെഞ്ഞെടുത്തവരെ മാത്രം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കാം. സ്വന്തം ബ്ലോഗില്‍ അഭിപ്രായമെഴുതല്‍ പരിപൂര്‍ണമായും നിരോധിക്കാം; നിബന്ധനകളൊന്നുമില്ല; എല്ലാം ബ്ലോഗുടമസ്ഥന്റെ താത്പര്യത്തിനനുസരിച്ച്‌ മാത്രം. പ്രതിപാദിക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ച്‌ നമ്മുടെ ലേഖനങ്ങളെ തരംതിരിച്ചു വയ്ക്കാം. പഴയ കൃതികളും പുതിയവയും അവിടെ എക്കാലവും ചിതലരിക്കാതെയും മഴനനയാതെയും ഇരിക്കുന്നു. സന്ദര്‍ശകര്‍ കൂടുന്തോറും, വായനക്കാരെഴുതുന്ന അഭിപ്രായങ്ങളിലൂടെ ഒരു കൂട്ടായ്മ വളരുന്നു. ഒരേസമയം തികച്ചും വ്യക്തിപരവും എന്നാല്‍ ഒരു കൂട്ടായ്മ ഉണ്ടാക്കുന്നതുമായ രണ്ടു സ്വഭാവങ്ങള്‍ കൊണ്ട്‌, ബ്ലോഗുകളെ സ്വന്തം വെബ്‌സൈറ്റ് ആയോ ഡിസ്കഷന്‍ ബോര്‍ഡ്‌ ആയോ തെറ്റിദ്ധരിക്കുക സ്വാഭാവികമാണ്. ഇതുവരെ ബ്ലോഗുകള്‍ ഉപയോഗിക്കാത്തവര്‍ക്കാണ് ഈ സംശയങ്ങളേറെ. അല്പനാളത്തെ ഉപയോഗത്തിനുള്ളില്‍ ഇതു രണ്ടിലും കൂടുതല്‍ പലതും ബ്ലോഗുകള്‍ തരുന്നു എന്നു മനസ്സിലാവും.


ഇന്റര്‍നെറ്റില്‍ സംവാദങ്ങള്‍ക്ക്‌ വേണ്ടി പ്രത്യേകം നീക്കിവച്ചിരിക്കുന്ന പേജുകളെയാണ് ഡിസ്കഷന്‍ ബോര്‍ഡ് എന്ന്‌ പറയുന്നത്‌. അതിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌ സാധാരണ ഒന്നോ രണ്ടോ മോഡറേറ്റര്‍മാരായിരിക്കും. ബാക്കിയുള്ളവര്‍ അവിടെ വന്ന്‌ സാമൂഹിക പ്രസക്തിയുള്ളകാര്യങ്ങളെ പറ്റി അഭിപ്രായവും നിര്‍ദ്ദേശങ്ങളും വയ്ക്കുന്നു. അതിനു മറുപടിയായി പലരും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. വളരെ ക്രിയാത്മകമായ കമ്മ്യൂണിറ്റികളാണ് ഇങ്ങനെ ഇന്ന്‌ ഇന്റര്‍നെറ്റിലുള്ള ഡിസ്കഷന്‍ ബോര്‍ഡുകള്‍ പലതും. മലയാളവേദി, ചിന്ത തുടങ്ങിയ സംരംഭങ്ങള്‍ ഉദാഹരണങ്ങളാണ്. ബ്ലോഗുകളെ ഡിസ്കഷന്‍ ബോര്‍ഡില്‍ നിന്നും വേര്‍തിരിക്കുന്നതെന്താണെന്നതിനെ പറ്റി അല്പം പറയാം. ഡിസ്കഷന്‍ ബോര്‍ഡിലെ ലേഖനങ്ങള്‍ മോഡറേറ്ററുടെ ഉടമസ്ഥതയിലാണ്‌. ഏത്‌ തള്ളണം ഏത്‌ കൊള്ളണം എന്നത്‌ ഈ മോഡറേറ്റര്‍ പിന്തുടരുന്ന മൂല്യവ്യവസ്ഥയെ മാത്രം ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, സ്ഥിരവായനക്കാര്‍ക്ക്‌ വേണ്ടി ഒരു വ്യക്തിത്വം ഡിസ്കഷന്‍ ബോര്‍ഡിന്‌ പ്രദശിപ്പിക്കാനുണ്ട്‌. അതിന്‌ ഒരു മൂല്യവ്യവസ്ഥ കൂടിയേ തീരൂ താനും. അതുകൊണ്ട്‌ ഡിസ്കഷന്‍ ബോര്‍ഡില്‍ മോഡറേറ്ററുണ്ടാക്കിയ ഒരു ചട്ടക്കൂടുണ്ട്‌. അവിടെയെഴുതുന്നവര്‍ എഴുതുന്നത്‌ മോഡറേറ്ററുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്ന രീതിയില്‍ തന്നെയാണ്‌. പത്രം, ആഴ്ച്ചപ്പതിപ്പുകള്‍ തുടങ്ങി വിവിധയിനം അച്ചടി മാധ്യമങ്ങളിലും സംഭവിക്കുന്നത്‌ ഇതുതന്നെ.


അതേസമയം ബ്ലോഗുകള്‍ക്ക്‌ മോഡറേറ്റര്‍ ഇല്ല. ഇത്‌ എഴുതാന്‍ പാടില്ല; ഇന്നതാണ്‌ എഴുതേണ്ടത്‌ എന്നു എഴുത്തുകാരനെ നിര്‍ബന്ധിക്കുന്ന ഒരു പ്രക്രിയയും അവിടെയില്ല. ബ്ലോഗുകളിലെ ഈ അരാചകത്വം ക്രിയേറ്റിവിറ്റിയെ വളരെ പ്രോല്‍സാഹിപ്പിക്കുന്നു. എന്നാല്‍ ഡിസ്കഷന്‍ ബോര്‍ഡുകള്‍ വളരെ നന്നായി നിര്‍വഹിക്കുന്ന സംവാദം എന്ന പ്രക്രിയ, ബ്ലോഗുകളിലും സാധ്യമാണ്. കമന്റുകള്‍, ബാക്ക്‌ ലിങ്കുകള്‍ എന്നീ രണ്ട്‌ കാര്യങ്ങള്‍ കൊണ്ടാണത്‌ നിര്‍വഹിക്കുക. കമന്റെന്നാല്‍ ഒരു വായനക്കാരന്റെ അഭിപ്രായം എന്നാണുദ്ദേശിക്കുന്നത്‌. ഒരാളുടെ ലേഖനത്തെ പറ്റി അഭിപ്രായമെഴുതാനുള്ള സൌകര്യം എല്ലാ ബ്ലോഗുകളിലും കൊടുത്തിരിക്കുക സാധാരണമാണ്. അഭിപ്രായങ്ങള്‍ ബ്ലോഗ്‌ വായിക്കാന്‍ വരുന്ന എല്ലാവര്‍ക്കും വായിക്കാം. അവിടേനിന്ന്‌ അഭിപ്രായമെഴുതിയ ആളുടെ ബ്ലോഗിലെത്തുകയും ചെയ്യും. ബാക്ക്‌ ലിങ്കുകളെ പറ്റി അല്പം വിശദമായി പിന്നീട്‌.


[തിരുത്തുക] ഇന്നത്തെ മലയാളം ബ്ലോഗുകള്‍

ഇത്രയുമൊക്കെ സൗകര്യത്തോടെ ബ്ലോഗുകളെ, നിങ്ങളുടെ സ്വന്തം വെബ്‌ ഡയറിക്കുറിപ്പുകള്‍ ആയോ, ഒരു മാസിക/ആഴ്ച്ചപ്പതിപ്പ്‌ ആയോ ഉപയോഗിക്കാം. തികച്ചും സ്വതന്ത്രവും വ്യക്തിയിലധിഷ്ഠിതവുമാണ്‌ ബ്ലോഗുകള്‍ എന്നതുകൊണ്ടുതന്നെ വ്യവസ്ഥിതിക്കെതിരെ പ്രതികരിക്കാനുള്ള ഒരു മുഖ്യോപാധിയായും ബ്ലോഗുകള്‍ ഉപയോഗിക്കപ്പെടുന്നു.


ഏകദേശം ആഴ്ച്ചയില്‍ ഒരാളെന്ന നിലക്ക്‌ പുതിയ മലയാളം ബ്ലോഗെഴുത്തുകാരുണ്ടാവുന്നു. ഒരു ദിവസം ഏകദേശം പത്തിലധികം ബ്ലോഗ്‌ രചനകളുണ്ടാവുന്നു എന്നതാണ് ഇന്നത്തെ ബ്ലോഗുലകത്തിന്റെ വളര്‍ച്ച.


വ്യത്യസ്ഥരീതിയില്‍ ബ്ലോഗുകള്‍ ഉപയോഗിക്കുന്നതിന് ചില ഉദാഹരണങ്ങള്‍ താഴെകൊടുത്തിരിക്കുന്നു:


കഥകള്‍ നുറുങ്ങുകഥകള്‍ അക്ഷരശ്ലോകം ഒരു ദേശത്തിന്റെ കഥ സ്മരണകള്‍
കാര്‍ട്ടൂണ്‍ നര്‍മ്മം പ്രവാസിജീവിതം ഡയറിക്കുറിപ്പുകള്‍ ടെക്നോളജി
നൊസ്റ്റാള്‍ജിയ നോവല്‍ കൃഷി ഗവേഷണം ഫോറം
പുസ്തകപരിചയം സാഹിത്യാവലോകനം സമകാലികം ദേവാലയചരിത്രം ആക്ടിവിസം
ആരോഗ്യം പൊതുവികസനം‍

ബ്ലോഗുകളിലെ പുതിയ രചനകളെ അവതരിപ്പിക്കാനുള്ള ശ്രമം സമകാലികം എന്ന ബ്ലോഗില്‍ കാണാം. വെറൈറ്റി ആണ് സാംസ്കാരികമായ ഇക്കോസിസ്റ്റത്തിന്റേയും താന്‍പോരിമ വെളിവാക്കുന്നതു് എന്നുള്ളതുകൊണ്ട് ബ്ലോഗുകളിലെ വെറൈറ്റിയില്‍ മലയാളത്തിന്റെ ശോഭനമായ ഒരു ഭാവി നമുക്ക്‌ പ്രതീക്ഷികാന്‍ വകയുണ്ട്‌.

[തിരുത്തുക] ബാക്ക് ലിങ്കുകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ പോലെ, ബ്ലോഗുകളുടെ ലോകത്ത്‌ കൂട്ടായ്മ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ബാക്ക്‌ലിങ്ക്‌ എന്ന സംവിധാനത്തെ പറ്റിയും അല്പം പറയാം. അച്ചടിയുടെ ലോകത്ത്‌ ഇതുപോലൊന്ന്‌ സാധ്യമേ അല്ലെന്നോര്‍ക്കുക.


അതുല്യയുടെ ബ്ലോഗില്‍ നിന്നും ദേവാനന്ദിന്റേതിലേക്ക്‌ ഒരു ലിങ്ക് ഉണ്ടെന്നിരിക്കട്ടെ. അതുല്യയുടെ ബ്ലോഗില്‍‍ വരുന്നവര്‍ക്ക്‌ വേണമെങ്കിലതുവഴി ദേവരാഗത്തിന്റേതിലെത്താം. എന്നാല്‍ ദേവാനന്ദിന്റേതില്‍ എത്തുന്നവര്‍ക്ക്‌ അങ്ങനെ ഒരു ഹൈപ്പര്‍ലിങ്ക് ഉണ്ടെന്നുള്ളതിനെ പറ്റി ഒരു ഐഡിയയും ഉണ്ടാവില്ല. അതായത്‌ ഹൈപ്പര്‍ലിങ്കുകള്‍ ഒരു വണ്‍‌വേ ട്രാക്കാണ് എന്നര്‍ത്ഥം. ഇതിനെ ഒരു ടൂവേ ആക്കുകയാണ് ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ് കമ്പനി അവതരിപ്പിച്ച ബാക്ക്‌ ലിങ്കുകള്‍ ചെയ്യുന്നത്‌. അതായത്‌, അതുല്യയുടേതില്‍ നിന്നും ദേവാനന്ദിന്റേതിലേയ്ക്ക്‌ ഒരു ലിങ്കുകണ്ടാല്‍ ഗൂഗില്‍ തിരിച്ചൊന്ന്‌ ദേവാനന്ദിന്റേതില്‍ നിന്നും അതുല്യയുടേതിലേയ്ക്ക്‌ വയ്ക്കും. അങ്ങനെ, അതുല്യയുടെ ബ്ലോഗിലെത്തുവര്‍ക്ക്‌ ദേവാനന്ദിന്റേതിലേയ്ക്കും എളുപ്പം എത്താം. ഇന്റര്‍നെറ്റിലെ ഏതുപേജിലും ഇതു ചെയ്യാന്‍ അവര്‍ക്ക്‌ സാധിക്കില്ല; ഉദാഹരണത്തിന്‌, മനോരമയുടെ ഇന്റര്‍നെറ്റ് പേജ്‌ അവരുടെ ഉടമസ്ഥതയിലല്ല. പക്ഷെ, ഗൂഗിള്‍ മാനേജ്‌ ചെയ്യുന്ന (ബ്ലോഗ്‌സ്പോട്ടിലെ) ബ്ലോഗുകളില്‍ ഈ സംവിധാനം‍ കൊടുക്കാന്‍ അവര്‍ക്ക്‌ സാധിക്കും. ഇതിനവരെ സഹായിക്കുന്നത്‌ ഇന്റര്‍നെറ്റിലെ എല്ലാവിവരങ്ങളും സൂക്ഷിച്ചുവയ്ക്കുന്ന അവരുടെ സൂപ്പര്‍കമ്പ്യൂട്ടറുകളാണ്.


പണ്ടുമുതലേ ഇതേകാര്യം കുറച്ചുകൂടി ബുദ്ധിമുട്ടി ചെയ്യുന്ന ട്രാക്ക്‌ബാക്ക്‌ എന്ന പരിപാടി ഇന്നും നിലനില്‍ക്കുന്നു. ഇന്റര്‍നെറ്റിലെ കോടിക്കണക്കിന് പേജുകള്‍ വിശകലനം ചെയ്യാന്‍ ഗൂഗിളിനോളം കെല്‍പ്പില്ലാത്ത, MSN, വേഡ്‌പ്രസ്സ് മുതലായവ ഇപ്പോഴും ട്രാക്ക്ബാക്ക്‌ തന്നെയാണ് ചെയ്യുന്നത്‌. അതില്‍ അതുല്യയുടെ ബ്ലോഗില്‍ ദേവാനന്ദിന്റേതിലെക്ക്‌ ഒരു ലിങ്കുണ്ടായാല്‍ മാത്രം തിരിച്ചുള്ള ഹൈപ്പര്‍ലിങ്കുണ്ടാവില്ല. അതുല്യ ലിങ്കിടുന്ന കൂട്ടത്തില്‍ ദേവാനന്ദിന്റെ ബ്ലോഗിരിക്കുന്ന സര്‍വീസ് പ്രൊവൈഡര്‍ക്ക്‌ (MSN, Wordpress) ഒരപേക്ഷ അയക്കണം. അപ്പോള്‍ ദേവാനന്ദിന്റെ സര്‍വീസ് പ്രൊവൈഡര്‍ അതുല്യയുടേതില്‍ നിന്നും ഒരു ലിങ്ക്‌ ദേവാനന്ദിന്റേതിലേയ്ക്കുണ്ടെന്നറിയുകയും തിരിച്ചൊരു ഹൈപ്പര്‍ലിങ്ക്‌ ഉണ്ടാക്കുകയും ചെയ്യും.


കമന്റുകളില്‍ നിന്നും വ്യത്യസ്തമായി ബാക്ക്‌ ലിങ്കുകള്‍ക്ക്‌ ചില പ്രത്യേകതകളുണ്ട്‌:

  • അതുല്യ ദേവാനന്ദിന്റെ ബ്ലോഗിനെ പറ്റിയെഴുതിയ അഭിപായം അതുല്യയുടെ സ്വന്തം ബ്ലോഗില്‍ തന്നെ ആയതുകൊണ്ട്‌ അതു പിന്നീട്‌ തിരുത്താനാവും. ആ രണ്ടു ബ്ലോഗുകള്‍ തമ്മിലുള്ള ബന്ധം ബാക്ക്‌ ലിങ്ക്‌ ഉണ്ടാക്കിയ ഹൈപ്പര്‍ ലിങ്കിലൂടെയാണ്. ദേവാനന്ദിന്റെ ബ്ലോഗില്‍ പോയി അതുല്യയിടുന്ന അഭിപ്രായങ്ങളുടെ ഉടമസ്ഥത ദേവാനന്ദിന്റെയാണ്. ഒരിക്കലെഴുതിയാല്‍ പിന്നെ‍ തിരുത്താനാവില്ല; അല്ലെങ്കില്‍ അത്‌ ദേവാനന്ദിനിഷ്ടമാവാത്തതിനാല്‍ മാച്ചുകളയാനും മതി. അഭിപ്രായമെഴുതുന്ന ആള്‍ക്ക്‌ സ്വാതന്ത്ര്യം ഇല്ല; ബ്ലോഗെഴുതുന്ന ആള്‍ക്കേ സ്വാതന്ത്ര്യം ഉള്ളൂ എന്നര്‍ത്ഥം. അതുകൊണ്ട്‌ പലരും ഒരു ബ്ലോഗിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ കുറച്ചു വാചകങ്ങളില്‍ ഒതുക്കുകയാണ് പതിവ്‌. അല്‍പ്പം ഗൌരവമായി ഒരു ബ്ലോഗിനെ പറ്റി എഴുതണമെങ്കില്‍ അത്‌ സ്വന്തം ബ്ലോഗിലാക്കി ആദ്യത്തെ ബ്ലോഗിലേയ്ക്ക്‌ ലിങ്ക്‌ കൊടുക്കും. അതുവഴി തിരിച്ചു ബാക്ക്‌ ലിങ്കും ഉണ്ടാവും എന്ന്‌ പറഞ്ഞു കഴിഞ്ഞല്ലോ.


  • ഒന്നിലധികം ലേഖനങ്ങളിലേയ്ക്കും തിരിച്ചും ബാക്ക്‌ ലിങ്കുകള്‍ ഉപയോഗിക്കാം. നമ്മള്‍ അഭിപ്രായപ്പെടാന് ഉദ്ദേശിക്കുന്ന ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകള്‍ നമ്മുടെ ബ്ലോഗില്‍ വയ്ച്ചാല്‍ മാത്രം മതി. അതുകൊണ്ടുതന്നെ, ഒരു ബ്ലോഗ് സമൂഹം വളരെ പെട്ടന്ന്‌ രൂപപ്പെടുന്നു. കമന്റുകളാണെങ്കില്‍ കൃത്യമായി ഒരാളുടേതിലേ ഇടാനാവൂ. അതുല്യയും ദേവാനന്ദും ഒരേവിഷയത്തെ പറ്റി എഴുതിയിട്ടുണ്ടെന്നു വയ്ക്കുക. ആ വിഷയത്തെ പറ്റി കമന്റെഴുതണമെങ്കില്‍ ഏതെങ്കിലും ഒരാളുടേത്‌ തിരഞ്ഞെടുക്കേണ്ടി വരും. അല്ലെങ്കില്‍ കമന്റ്‌ രണ്ടിലും കോപ്പി ചെയ്യേണ്ടി വരും.


അതേസമയം, എല്ലാവരും അവരവർക്കു് എഴുതാനുള്ള കമന്റ് ഒരു ബ്ലോഗ് ആയി എഴുതി തുടങ്ങിയാൽ കമന്റ് ട്രാക്കിങ് നടക്കില്ല. അതായത്‌, പത്തുപേർ വിശദമായി തന്നെ മറ്റൊരാളുടെ പോസ്റ്റിനെ കുറിച്ച് സ്വന്തം ബ്ലോഗിൽ അഭിപ്രായമെഴുതിയെന്നിരിക്കട്ടെ. ഈ പത്തുപേരുടെയും ബ്ലോഗുകളില്‍ ചെന്ന്‌ കമന്റുകൾ വായിക്കുകയെന്നുള്ളത് തീർത്തും ദുഷ്കരമായിരിക്കും. അതിന് ഉപാധിയായി ഏവൂരാന്‍ എന്ന ബ്ലോഗര്‍ തുടങ്ങിയപോലെ പുതുതായി ഉണ്ടാകുന്ന എല്ലാ ബ്ലോഗ് രചനകളിലേക്കും ഉള്ള ഹൈപ്പര്‍ലിങ്ക്‌ കണ്ടുപിടിച്ചു തരുന്ന ബ്ലോഗ് അഗ്രിഗേറ്റര്‍ ശ്രദ്ധിച്ചാല്‍ മതിയാവും.


[തിരുത്തുക] നാളത്തെ മാധ്യമങ്ങള്‍

ഇന്ന്‌ പത്രങ്ങള്‍ നിര്‍വഹിക്കുന്ന ധര്‍മ്മങ്ങള്‍ മൂന്നാണ്: വാര്‍ത്ത, വിശകലനം, സാഹിത്യം. പടിഞ്ഞാറില്‍ നിന്നും വ്യത്യസ്തമായി സാഹിത്യമെഴുതി കാശുണ്ടാക്കുന്നവര്‍ മലയാളത്തില്‍ വിരലിലെണ്ണാവുന്നവരായതിനാല്‍ ബ്ലോഗുകളിലേയ്ക്ക്‌ കുടിയേറാന്‍ സാഹിത്യകാരന്മാര്‍ക്ക്‌ വളരെ എളുപ്പമാണ്. നേരത്തെ പറഞ്ഞ അധികം ബുദ്ധിമുട്ടില്ലാത്ത സാങ്കേതികത പഠിച്ചെടുക്കുകയേ വേണ്ടു. അതുകൊണ്ട്‌ ഇന്നത്തെ അച്ചടി മാധ്യമങ്ങള്‍ക്ക്‌ നഷ്ടപ്പെടുന്ന ആദ്യത്തെ കൂട്ടരിവരായിരിക്കും. അതുകൂടാതെ, എഴുതാനും വായിക്കപ്പെടാനും ആഗ്രഹമുള്ള, എന്നാല്‍ പ്രമുഖ ആഴ്ച്ചപതിപ്പുകളില്‍ സ്വന്തം കൃതികള്‍ പലവിധകാരണങ്ങളാല്‍ അച്ചടിച്ചുവരാത്ത അനേകം പേര്‍ ഇന്ന്‌ കേരളത്തിലുണ്ട്. അവരായിരിക്കും സാഹിത്യകാരില്‍ തന്നെ ആദ്യത്തെ ബ്ലോഗെഴുത്തുകാര്‍. താമസമില്ലാതെ ബ്ലോഗ് നിരൂപണങ്ങളും, ബ്ലോഗ്‌ മാഗസിനുകളും ബ്ലോഗ് ബുക്കുകളും അധികം താമസിയാതെ പ്രത്യക്ഷപ്പെട്ടുതുടങ്ങും. ബ്ലോഗുകളുടെ ലോകത്തില്‍ അരാചകത്വമുണ്ട്‌; അത് ക്രിയേറ്റിവിറ്റിയെ സഹായിക്കുന്നു എന്ന്‌ നേരത്തെ പറഞ്ഞല്ലോ. അതോടൊപ്പം ബ്ലോഗുകളെ ഓര്‍ഗനൈസ് ചെയ്യാനുള്ള ശ്രമവും നടക്കേണ്ടതുണ്ട്‌. ഇതു രണ്ടും പരസ്പരപൂരകങ്ങളാണ്. ബ്ലോഗുകള്‍ എഴുത്തുകാരന് സമ്പൂര്‍ണ്ണസ്വാതന്ത്ര്യവും പ്രസിദ്ധീകരണത്തിനുള്ള സംവിധാനവും വാഗ്ദാനം ചെയ്യുമ്പോള്‍, ബ്ലോഗ്‌ മാഗസിനുകള്‍ വായനാക്കാരന്, പ്രത്യേകിച്ചും പുതിയ വായനക്കാരന്, ഒരു ഫോക്കസ് നല്‍കുന്നു; കൂടെ ഒരു പുതിയ വായനാനുഭവവും. ബ്ലോഗ് മാഗസിനുകള്‍ക്ക്‌ പലരീതിയില്‍ ബ്ലോഗ്‌ രചനകളെ അവതരിപ്പിക്കാം. ഉദാഹരണങ്ങള്‍: പ്രണയത്തെ കുറിച്ചുള്ള ഏറ്റവും നല്ല 100 ബ്ലോഗുകള്‍; ഇന്നത്തെ രാഷ്ട്രീയസ്ഥിതി മെച്ചപ്പെടുത്താനുള്ള വഴികള്‍, കവിത ഇന്നലെ, ഇന്ന്‌.


ഇന്ന്‌ മലയാളത്തെ പറ്റി കൂടുതല്‍ നൊസ്റ്റാള്‍ജിയയും തന്മൂലം താല്പര്യവുമുള്ളവര്‍ മറുനാടന്‍ മലയാളികളാണ്. എന്നാലും പോപുലറായ ഒരു പ്രസിദ്ധീകരണം തുടങ്ങാനുള്ള പണച്ചിലവും മറ്റു ബുദ്ധിമുട്ടുകളും മൂലം എല്ലാവരും ആശ്രയിക്കുന്നത്‌ കേരളത്തില്‍ നിന്നു തന്നെയുള്ള പ്രസിദ്ധീകരണങ്ങളെയാണ്. ബ്ലോഗ്‌ മാഗസിനുകളും ബ്ലോഗ്‌ സമാഹരണങ്ങളും തുടങ്ങാന്‍ ചിലവൊട്ടും തന്നെയില്ലാത്തതിനാലും സാങ്കേതികതയുടെ കാര്യത്തില്‍ മറുനാടന്‍ മലയാളികളാണ് മുന്നില്‍ നില്‍ക്കുന്നത്‌ എന്നതിനാലും ബ്ലോഗ് പ്രസിദ്ധീകരണങ്ങളുടെ സിരാകേന്ദ്രം കേരളത്തിനു പുറത്തായിരിക്കും.


ഇന്നത്തെ മലയാളം പ്രിന്റ്‌ മീഡിയയില്‍ അധികം വെറൈറ്റിയില്ല. മാതൃഭൂമി, കലാകൗമുദി, മലയാളം വാരിക എന്നയിനം ഒരു ചട്ടക്കൂട്‌ അല്ലെങ്കില്‍ മനോരമ, മംഗളം, രാഷ്ട്രദീപിക എന്നയിനവും. എന്നാലീ ചട്ടക്കൂടുകള്‍ക്ക്‌ പുറത്തൊക്കെയും അനുവാചകരുണ്ട്‌. അവര്‍ക്കുവേണ്ടി ഇന്നാളുവരെ ആരെങ്കിലും എഴുതിയിരുന്നുണ്ടായിരുന്നെങ്കില്‍തന്നേയും അതൊന്നും അവരിലെത്തിയിട്ടില്ല. ബ്ലോഗുകള്‍ അത്‌ തിരുത്തുകയാണ്‌. അതുകൊണ്ടാണ്‌ ഇപ്പോഴത്തെ അഴ്ചപ്പതിപ്പ്‌പ്രസ്ഥാനത്തേക്കാള്‍ ശക്തിയും വ്യാപ്തിയുമുള്ളൊരു മീഡിയമായി മലയാളം ബ്ലോഗുകള്‍ മാറും എന്ന്‌ കരുതപ്പെടുന്നത്‌.


മാതൃഭൂമി, മനോരമ വാരികകളുമായും ബ്ലോഗുകളെ താരതമ്യം ചെയ്യുന്നതില്‍ ഒരു വ്യത്യാസംകൂടിയുണ്ട്‌. ആഴ്ചപ്പതിപ്പില്‍ നമുക്ക്‌ വായിക്കാന്‍ ആഗ്രഹമുള്ളത്‌ അച്ചടിച്ചുകിട്ടാന്‍ കഥാകൃത്തിനും എഡിറ്റര്‍ക്കും ഒക്കെ നമ്മള്‍ പൈസകൊടുക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെ വളരെ പ്രത്യക്ഷമായ കണ്‍സ്യൂമര്‍ ബന്ധം അവരുമായി ഉണ്ട്‌. ബ്ലോഗുകളില്‍ അതേസമയം, നമുക്കിഷ്ടമുള്ളത്‌ ബ്ലോഗെഴ്ത്തുകാരന്‍ എഴുതണം എന്നാവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. കാരണം, രചയിതാവുമായി ഒരു കണ്‍സ്യൂമര്‍ ബന്ധം ഇവിടെയില്ല എന്നതുകൊണ്ടുതന്നെ.


സാഹിത്യകൃതികക്ക്‌ ശേഷം ബ്ലോഗിലേയ്ക്ക്‌ ചേക്കേറുന്നവരാണ്, രാഷ്ട്രീയവും സാംസ്കാരികവുമായ സംഗതികളെ വിശകലനം ചെയ്യുന്നവരും കലാനിരൂപകരും. ബ്ലോഗുകളില്‍ ബ്രാന്‍ഡുകളാവുന്നതോടെ വായനക്കാര്‍ കൂടുതലാശ്രയിക്കുക അവിടെ നിന്നുകിട്ടുന്ന വിശകലനങ്ങളെ ആയിരിക്കും. ഇപ്പോള്‍ അച്ചടിമാധ്യമത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന സംരംഭങ്ങളെല്ലാം തന്നെയും ബ്ലോഗുകളെയും ശ്രദ്ധിക്കേണ്ടതുണ്ട്‌. എവിടേയും വായനക്കാരുടെ എണ്ണമാണ് ശക്തി. ബ്ലോഗ് വായനക്കാരുടെ എണ്ണം കൂടി വരുംതോറും ‘മനോരമ’, മാതൃഭൂമി തുടങ്ങി വന്‍‌തോക്കുകളും വെബ്‌ദുനിയ പുഴ, ചിന്ത തുടങ്ങിയ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണരംഗത്തെ കറുത്തകുതിരകളും ഒരുപോലെ ബ്ലോഗില്‍ ഒരു ബ്രാന്‍ഡ് നേം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌. ബ്ലോഗില്‍ ബ്രാന്‍ഡ്‌ ഉണ്ടാക്കുന്നത്‌ അച്ചടി മാധ്യമത്തില്‍ പേരുണ്ടാക്കുന്ന പോലെ തന്നെയാണ് - ബ്ലോഗുലകത്തില്‍ വരുന്ന പുതിയ രചനകള്‍ ശ്രദ്ധിച്ച്‌ അതിലെ വാഗ്ദാനങ്ങളുമായി കരാറുകള്‍ ഒപ്പുവയ്ക്കുക. അവര്‍ കരാറുണ്ടാക്കിയ ബ്രാന്‍ഡിനുവേണ്ടി മാത്രം എഴുതുന്നു. അല്ലെങ്കില്‍ അവരുടെ ഏറ്റവും നല്ല ബ്ലോഗ്‌രചന ഈ മാഗസിനില്‍ മാത്രം വായിക്കുക. ഉദാഹരണത്തിന് എം.ടി.യുടെ ബ്ലോഗ്‌ മാതൃഭൂമിയുടെ ബ്ലോഗ്‌മാഗസിനില്‍ മാത്രം. വായനക്കാര്‍ക്ക്‌ വേണ്ടി ഏറ്റവും നല്ലതെന്ന്‌ തോന്നുന്ന ബ്ലോഗ് രചനകള്‍ അവതരിപ്പിക്കുക. അതും ഏറ്റവും ആകര്‍ഷകമായ പാക്കേജില്‍. അച്ചടിയിലെ പോലെ ഇവിടെ ഒരിക്കലും മോണോപ്പൊളി ഉണ്ടാവും എന്നു കരുതരുത്‌. ഒരു ബ്ലോഗ്ഗ്‌ മാഗസിന്‍ തുടങ്ങുക ബ്ലോഗു് തുടങ്ങും പോലെ തന്നെ എളുപ്പമായത്‌കൊണ്ട്‌, സമാന്തര സംരംഭങ്ങള്‍ എപ്പോഴും ഉണ്ടാവും എന്നു മറക്കരുത്‌. അതുകൊണ്ടുതന്നെ, ബ്രാന്‍ഡ് നേമുകള്‍ക്ക്‌ എന്നും അവരുദ്ദേശിക്കുന്ന മാര്‍ക്കറ്റിലേയ്ക്ക്‌ ഏറ്റവും നല്ലബ്ലോഗുരചനകളേയും ബ്ലോഗെഴുത്തുകാരേയും കണ്ടെത്താനുള്ള പ്രഷറുണ്ട്`; അത്‌ അത്യന്തികമായി മലയാളത്തിന് നല്ലതുമാണ്.


ഇനി വാര്‍ത്തകളുടെ കാര്യമെടുക്കാം. ഒരാളുടെ പേരുവിവരങ്ങള്‍ പരസ്യമാക്കാതേയോ പരസ്യമാക്കിയോ ഇന്റര്‍നെറ്റിന്റെ ലോകത്ത്‌ വിഹരിക്കാം എന്നുള്ളതുകൊണ്ട്‌ ബ്ലോഗിലെ വാര്‍ത്തകളുടെ ആധികാരികത ഒരു പ്രശ്നമാണ്‌. ഒരു വിഷയത്തെപ്പറ്റി ഒരാള്‍ എഴുതിയത്‌ ശരിയോ തെറ്റോ എന്ന്‌ പരിശോധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും. അതുകൊണ്ടുതന്നെ, ബ്ലോഗുകള്‍ വാര്‍ത്തകള്‍ക്ക്‌ പറ്റിയ മാധ്യമമല്ല. എന്നാല്‍ ഇവിടെ വിക്കിന്യൂസ് ശ്രദ്ധിക്കേണ്ട ഒരു സംരംഭമാണ്. വിക്കിപീഡിയപോലെ തന്നെ, സംഘടിതമല്ലാത്ത ഒരുകൂട്ടം ജനങ്ങള്‍ കൂടിയാണ് ഇവിടെ വാര്‍ത്തകള്‍ എഴുതുന്നത്‌. എന്നാല്‍ വാര്‍ത്തകളുടെ പ്രാഥമിക‌ഉറവിടം ഇന്നത്തെപോലെ തന്നെ എസ്റ്റാബ്ലിഷ്ഡ് ആയ പത്രസംരംഭങ്ങള്‍ തന്നെയാവും. അല്പം വൈകിയാലും വാര്‍ത്തകള്‍ കഴിയാവുന്നത്ര നിഷ്പക്ഷമായി അറിയണമെന്നുള്ളവരാവും വിക്കിന്യൂസില്‍ ചെല്ലുക. അതായത്‌, വാര്‍ത്ത എന്ന ധര്‍മ്മം ഇന്നത്തെ പത്രങ്ങളും വിക്കിന്യൂസും പങ്കുവയ്ക്കുകയാണുണ്ടാവുക.

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com