ഹ്യൂഗോ ചാവെസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹ്യൂഗോ ചാവെസ് (ജനനം:ജൂലൈ 28, 1958) വെനിസ്വെലയുടെ നിലവിലുള്ള പ്രസിഡന്റാണ്. ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണരീതികള്‍ക്കൊണ്ടും അമേരിക്കന്‍ ഭരണകൂടത്തിനെതിരേ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കൊണ്ടും ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രനേതാവാണ് ചാവെസ്. ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയന്‍ വിപ്ലവം എന്ന ആശയമാണ് അദ്ദേഹം വെനിസ്വെലയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഈ വിപ്ലവത്തിലൂടെ ലാറ്റിനമേരിക്കയുടെ ഏകീകരണവും ചാവെസ് ലക്ഷ്യമാക്കുന്നതായി പൊതുവേ വിലയിരുത്തപ്പെടുന്നു.
1992-ല്‍ വെനിസ്വെല സര്‍ക്കാരിനെതിരേ നടത്തിയ അട്ടിമറി ശ്രമത്തിലൂടെയാണ് ഹ്യൂഗോ ചാവെസ് ശ്രദ്ധേയനാകുന്നത്. പരാജയപ്പെട്ട ഈ ശ്രമത്തിനുശേഷം ഇടതുപക്ഷാഭിമുഖ്യമുള്ള ഫിഫ്ത്ത് റിപബ്ലിക്ക് മൂവ്മെന്റ് എന്ന സംഘടന രൂപീകരിച്ച് 1998-ല്‍ അധികാരത്തിലെത്തി. വെനിസ്വെലയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാവങ്ങള്‍ക്കായി ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്താണ് ചാവെസ് പ്രസിഡന്റ് പദവിയിലെത്തിയത്. ബൊളിവേറിയന്‍ പദ്ധതികള്‍ എന്ന് ചാവെസ് വിശേഷിപ്പിക്കുന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെനിസ്വെലയില്‍ നടപ്പിലാക്കുന്നുണ്ട്. രോഗങ്ങള്‍, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, നിരക്ഷര എന്നിവയില്ലാതാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ വെനിസ്വെലയില്‍ ജനകീയനാക്കുന്നു. ആഗോളതലത്തില്‍ ദരിദ്ര രാജ്യങ്ങള്‍ക്കായി ബദല്‍ സാമ്പത്തിക പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ചാവെസ് ശ്രദ്ധനേടുന്നു. ഒട്ടേറെ ലാറ്റിനമേരിക്കന്‍ ദരിദ്ര രാജ്യങ്ങളെ തന്റെ ആശയങ്ങളിലേക്കടുപ്പിക്കാന്‍ അദ്ദേഹത്തിനാകുന്നുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍.
വെനിസ്വെലയിലെ മധ്യവര്‍ഗ, ഉപരിവര്‍ഗ വിഭാഗങ്ങള്‍ ചാവെസിന്റെ കടുത്ത വിമര്‍ശകരാണ്. തിരഞ്ഞെടുപ്പ് തട്ടിപ്പ്, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിങ്ങനെ വിവിധ ആരോപണങ്ങള്‍ അവര്‍ ഉയര്‍ത്തുന്നുണ്ട്. 2002ല്‍ ചാവെസിനെതിരെ ഒരട്ടിമറി ശ്രമവും അരങ്ങേറി.
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ബാല്യം, യൌവനം
വെനിസ്വെലയിലെ ബരീനാസ് സംസ്ഥാനത്ത് ഹ്യൂഗോ ദെലോസ് റെയസിന്റെയും എലീന ഫ്രിയാസിന്റെയും രണ്ടാമത്തെ പുത്രനായി ജനിച്ചു. മാതാപിതാക്കള്‍ അധ്യാപകരായിരുന്നെങ്കിലും ചാവെസിന്റെ ബാല്യകാലം കഷ്ടപ്പാടുകളുടേതായിരുന്നു. പനയോലകള്‍ക്കൊണ്ട് മറച്ച കൂരയ്ക്കു കീഴിലാണ് ചാവെസ് കുടുംബം കഴിഞ്ഞുകൂടിയത് .
ബരീനാസിലെ ഡാനിയേല്‍ ഫ്ലൊറന്‍സോ ഒലീറി സ്ക്കൂളില്‍ നിന്നും സയന്‍സില്‍ ബിരുദം നേടി.പതിനേഴാം വയസില്‍ വെനിസ്വെലന്‍ അക്കാദമി ഓഫ് മിലിട്ടറി സയന്‍സസില്‍ പ്രവേശനം നേടിയതോടെ ചാവെസിന്റെ സൈനിക ജീവിതം ആരംഭിച്ചു. മിലിട്ടറി സയന്‍സിലും എന്‍ജിനീയറിങ്ങിലും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയ ശേഷം 1975 മുതല്‍ മുഴുവന്‍ സമയ സൈനികനായി.
സൈനിക ജീവിതത്തിനിടയില്‍ രാഷ്ട്രതന്ത്ര ശാസ്ത്രത്തില്‍ മറ്റൊരു ബിരുദം നേടാന്‍ അനുവാദം കിട്ടി. വെനിസ്വെലന്‍ തലസ്ഥാനമായ കാരക്കസിലെ സൈമണ്‍ ബൊളിവര്‍ സര്‍വ്വകലാശാലയിലായിരുന്നു ചാവെസിന്റെ രാഷ്ട്രീയ പഠനം. ബിരുദം നേടിയില്ലെങ്കിലും “ബൊളിവേറിയനിസം” എന്ന പുതുരാഷ്ട്രീയ പ്രസ്ഥാനത്തിന് കൂട്ടുകാരോടൊപ്പം വിത്തുപാകാന്‍ ഈ അവസരമുപയോഗിച്ചു.
ലാറ്റിനമേരിക്കന്‍ വിമോചന നായകനായ സൈമണ്‍ ദെ ബൊളിവര്‍, പെറുവിന്റെ ഭരണാധികാരിയായിരുന്ന യുവാന്‍ വലെസ്കോ എന്നിവരുടെ പ്രബോധനങ്ങളും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളും കൂട്ടിക്കുഴച്ച തത്വസംഹിതയാണ് ബൊളിവേറിയനിസം എന്ന പുതുസംഘടനയ്ക്കായി ചാവെസും കൂട്ടരും ഒരുക്കിയത്.
കോളജ് പഠനത്തിനുശേഷം ചാവെസ് സൈനിക ജീവിതം പുനരാരംഭിച്ചു. പതിനേഴുവര്‍ഷത്തെ സൈനിക ജീവിതത്തിനിടയില്‍ ലെഫ്റ്റനന്റ് കേണല്‍ വരെയുള്ള സ്ഥാനങ്ങള്‍ നേടിയെടുത്തു. വെനിസ്വെലന്‍ മിലിട്ടറി അക്കാദമിയുടെ പരിശീലന പദ്ധതികളിലും ചാവെസ് പങ്കാളിയായി. എന്നാല്‍ ചാവെസിന്റെ പരിശീലന ക്ലാസുകളില്‍ വെനിസ്വെലന്‍ സര്‍ക്കാരിനെയും ഭരണനേതൃത്വത്തെയും വിമര്‍ശിക്കുന്ന വിപ്ലവാശയങ്ങളായിരുന്നുവെന്ന് സഹപ്രവര്‍ത്തകരില്‍ ചിലര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ എം.ബി.ആര്‍-200 അഥവാ ബൊളിവേറിയന്‍ വിപ്ലവ മുന്നേറ്റം എന്ന രഹസ്യ സംഘടനയ്ക്ക് രൂപം നല്‍കി.
[തിരുത്തുക] 1992ലെ അട്ടിമറി ശ്രമം
കാര്‍ലോസ് ആന്ദ്രേ പെരസിന്റെ ഭരണകാലത്ത് വെനിസ്വെലയില്‍ കടുത്ത അരാജകത്വവും സാമ്പത്തിക പ്രതിസന്ധിയും നടമാടിയിരുന്നു. ജനങ്ങള്‍ ആകെ അതൃപ്തരായിരുന്ന ഈ സമയം സൈനിക അട്ടിമറിക്കായി ഹ്യൂഗോ ചാവെസും കൂട്ടരും തിരഞ്ഞെടുത്തു. തന്നെ പിന്തുണയ്ക്കുന്ന സൈനികരൊടും എം.ബി.ആര്‍-200ന്റെ പ്രവര്‍ത്തകരോടുമൊപ്പം വെനിസ്വെലന്‍ ഭരണകേന്ദ്രം കീഴടക്കുകയായിരുന്നു ചാവെസിന്റെ പദ്ധതി. 1992 ഫെബ്രുവരി 4നു പ്രസിഡന്റ് പെരസ് വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തുന്ന ദിവസം അട്ടിമറി നടത്താനായി ചാവെസും കൂട്ടരും സജ്ജരായി. എന്നാല്‍ നിനച്ചിരിക്കാത്ത കാരണങ്ങള്‍ക്കൊണ്ടും കൂട്ടാളികളില്‍ ചിലര്‍ കയ്യൊഴിഞ്ഞതിനാലും ഈ അട്ടിമറിശ്രമം അമ്പേ പരാജയപ്പെട്ടു. അതേസമയം വെനിസ്വെലയുടെ ഉള്‍നാടുകളില്‍ എം.ബി.ആര്‍-200 പോരാട്ടം തുടങ്ങുകയും ചെയ്തിരുന്നു. തടവിലായ ചാവെസിനെക്കൊണ്ട് ടെലിവിഷനിലൂടെ സന്ദേശം നല്‍കിച്ച് പെരസ് ഗവണ്‍മെന്റ് ഈ വിപ്ലവ ശ്രമവും ഇല്ലാതാക്കി. എന്നാല്‍ പ്രസ്തുത ടെലിവിഷന്‍ സന്ദേശത്തില്‍ ഇതൊരു താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്ന് ചാവെസ് സൂചിപ്പിച്ചിരുന്നു.
അട്ടിമറിശ്രമം പരാജയപ്പെട്ട് ചാവെസ് തടങ്കലിലായെങ്കിലും ഈ സംഭവത്തോടെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തില്‍ നിന്നും തങ്ങളെ രക്ഷിക്കുന്ന വീരനായകനെ സാധാരണക്കാര്‍ ചാവെസില്‍ കണ്ടുതുടങ്ങി. പില്‍ക്കാലത്ത് ചാവെസിന്റെ രാഷ്ട്രീയ ഉയര്‍ച്ചയ്ക്കു വിത്തുപാകിയത് ഈ സംഭവമാണെന്നതില്‍ സംശയമില്ല.