ബാലചന്ദ്രന്‍ ചുള്ളിക്കാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലചന്ദ്രന്‍ ചുള്ളിക്കാട് : 1957-ല്‍ പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദം. 1990 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള 20,000 രൂപയുടെ സംസ്കൃതി അവാര്‍ഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരില്‍ ഒരവാര്‍ഡും സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ന്യൂഡല്‍ഹി, കല്‍ക്കട്ട, ലക്നൌ, അഗര്‍ത്തല, റൂര്‍ക്കൊല, ബാംഗ്ലൂര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ നടന്ന ദേശീയ സാഹിത്യ സമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു. 1994 സെപ്റ്റംബറില്‍ ആലുവായില്‍വച്ച് സാഹിത്യ അക്കാദമിയുടെയും 'സുരഭി'യുടെയും സംയുക്താഭിമുഖ്യത്തില്‍ 22 ഇന്ത്യന്‍ഭാഷകളിലെ 220 സാഹിത്യകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'മാനസോത്സവം' ദേശീയ സാഹിത്യ സമ്മേളനത്തിന്റെ സ്വാഗതസംഘം കണ്‍വീനര്‍.
1997 ഒക്ടോബര്‍-നവംബറില്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്ത ക്ഷണമനുസരിച്ച് സ്വീഡന്‍ സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍ സാഹിത്യകാരസംഘത്തില്‍ അംഗം. 1997 നവംബര്‍ ഒന്നിന് സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് നഗരത്തില്‍ നടന്ന അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു.
പതിനെട്ട് കവിതകള്‍ (1980), അമാവാസി (1982), ഗസല്‍ (1987), മാനസാന്തരം (1994), ഡ്രാക്കുള (1998) എന്നീ കവിതാസമാഹാരങ്ങളും ചിദംബരസ്മരണ (1998) എന്ന സ്മൃതിസഞ്ചയവുമാണ് കൃതികള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ (സമ്പൂര്‍ണസമാഹാരം) 2000-ല്‍ ഡി.സി. ബുക്സ് പുറത്തിറക്കി.
ഹിന്ദി, ബംഗാളി, മറാത്തി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകള്‍ തര്‍ജമ ചെയ്യപ്പെട്ടു . ഇപ്പോള്‍ എറണാകുളം സബ്ട്രഷറിയില്‍ ജോലി ചെയ്യുന്നു. കൂടാതെ ടിവി സീരിയലുകളിലും അഭിനയിച്ചു വരുന്നു.
ഭാര്യ: വിജയലക്ഷ്മി. മകന്‍ : അപ്പു.
Categories: ഉള്ളടക്കം | കേരളം | സാഹിത്യം