ജോസഫ് ഇടമറുക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് ഇടമറുക് (ആംഗലേയം: Joseph Idamaruku) ഇടമറുക് എന്ന പേരില്‍ പൊതുവേ അറിയപ്പെടുന്നു.(സെപ്റ്റംബര്‍ 7, 1934 - 29 ജൂണ്‍ 2006), പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായി. കോട്ടയം, ദില്ലി എന്നിവിടങ്ങളാണ് പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങള്‍.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാല ജീവിതം
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരു യാഥാസ്തിക കത്തോലിക്കാ കുടുംബത്തില്‍ 1934-ല്‍ ജനിച്ചു. പിന്നീട് ആ കുടുംബം യാക്കോബായ സഭയിലേക്ക് മാറി. ചെറുപ്പത്തിലേ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ധേഹം പത്തൊമ്പതാമത്തെ വയസില്‍ ‘കൃസ്തു ഒരു മനുഷ്യന്‍‘ എന്ന പുസ്തകം എഴുതിയതിനെത്തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഈഴവ സമുദായത്തില്‍ ജനിച്ച സോളിയെ 1954-ല്‍ വിവാഹം കഴിച്ചതോടുകൂടി ബന്ധുക്കളും മറ്റും അദ്ധേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി. തൊടുപുഴയില്‍ നിന്നും ‘ഇസ്ക്ര’ (തീപ്പൊരി) എന്ന മാസിക ഇക്കാലയളവില്‍ പുറത്തിറക്കി.
[തിരുത്തുക] രാഷ്ട്രീയ പ്രവര്‍ത്തനം
മാര്‍ക്സിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിച്ചു. റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്രകമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. മലനാട് കര്‍ഷക യൂണിയന്‍ സെക്രട്ടറിയുമായിരുന്നു. 1955-ല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചു.
[തിരുത്തുക] പത്രപ്രവര്‍ത്തനം
1957 മുതല്‍ 1970 വരെ മനോരമ വാര്‍ഷിക പുസ്തകത്തിന്റെ (ആംഗലേയം: Manorama year book) പത്രാധിപരായിരുന്നു. വിളംബരം, തേരാളി, യുക്തി എന്നീ യുക്തിവാദ മാസികളില്‍ സജീവമായി പ്രവര്‍ത്തിച്ചു. തേരാളി മാസിക, പുത്രനായ സനല്‍ ഇടമറുകിന്റെ പത്രാധിപത്യത്തില്‍ ഇപ്പോള്‍ ദില്ലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.
1971-ല്‍ കേരളഭൂഷണം അല്‍മനാക്ക്, മനോരാജ്യം, കേരളഭൂഷണം, കേരളധ്വനി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. 1977-ല്‍ എറൌണ്ട് ഇന്ത്യ (ആംഗലേയം: Around India) എന്ന ആംഗലേയ മാസികയുടെ പത്രാധിപരായി ദില്ലിയിലെത്തി. അതേ വര്‍ഷം തന്നെ കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ദില്ലി ലേഖകനായി.
[തിരുത്തുക] യുക്തിവാദം
1956-ല്‍ കോട്ടയം കേന്ദ്രമാക്കി യുക്തിവാദസംഘം രൂപീകരിക്കുന്നതിന് മുന്‍കൈയ്യെടുത്തു. കേരള യുക്തിവാദി സംഘത്തിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള മിശ്രവിവാഹ സംഘം ജനറല്‍ സെക്രട്ടറി, ദില്ലി യുക്തിവാദി സംഘം പ്രസിഡണ്ട്, ലോക നാസ്തിക സംഘം വൈസ് പ്രസിഡണ്ട്, ഇന്ത്യന്‍ യുക്തിവാദി സംഘം വൈസ്പ്രസിഡണ്ട്, റാഷണലിസ്റ്റ് ഇന്റര്‍നാഷണലിന്റെ (ആംഗലേയം: Rationalist International) ഓണററി അസോസിയേറ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1978-ലെ അന്താരാഷ്ട്ര എതീസ്റ്റ് അവാര്‍ഡ് ഇദ്ധേഹത്തിനു ലഭിച്ചു.
[തിരുത്തുക] രചനകള്‍
മതം, തത്വചിന്ത മുതലായ വിഷയങ്ങളെ അധികരിച്ച് 170-ല്‍ അധികം കൃതികളുടെ രചയിതാവാണ് ഇടമറുക്. ആത്മകഥയായ ‘കൊടുങ്കാറ്റുയര്‍ത്തിയ കാലം’ എന്ന പുസ്തകത്തിന് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മറ്റു പ്രധാനപ്പെട്ട കൃതികള്‍:
- ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല
- ഉപനിഷത്തുകള്‍ ഒരു വിമര്‍ശനപഠനം
- ഖുറാന്‍ ഒരു വിമര്‍ശനപഠനം
- ഭഗവത്ഗീത ഒരു വിമര്‍ശനപഠനം
- യുക്തിവാദരാഷ്ട്രം
- കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍ (തര്‍ജമ)