കുമാരനാശാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളകവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച, ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയാണ് എന്‍. കുമാരനാശാന്‍.
ഉള്ളടക്കം |
[തിരുത്തുക] ജനനം, ആദ്യകാലം
1873 ഏപ്രില്‍ 12ന് ചിറയിന്‍കീഴ് താലൂക്കില്‍പെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വിളാകം വീട്ടിലാണ് അശാന്‍ ജനിച്ചത്. അച്ഛന്‍ നാരായണന്‍ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അമ്മ കാളിയമ്മ. ഒന്‍പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരന്‍ ആശാന്‍. ആശാന് കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അഛനില്‍ നിന്നു ലഭിച്ചു. സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ പഠനവും പരമ്പരാഗത സംസ്കൃതപഠനവുമായി വിദ്യാഭ്യാസം തുടര്‍ന്നു. കുമാരു എന്നായിരുന്നു യഥാര്‍ത്ഥ നാമധേയം. കുറച്ചു കാലം വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചതോടെ കുമാരു, കുമാരനാശാനായി. 14-)മത്തെ വയസ്സില്‍ സ്കൂള്‍ വാധ്യാരായി ജോലി ലഭിച്ചെങ്കിലും ആശാന്‍ അത് സംസ്കൃത ഉപരി പഠനത്തിനു വേണ്ടി ഉപേക്ഷിച്ചു. ആശാന്‍ യോഗവും തന്ത്രവും പഠിക്കുവാനും, വൈക്കം ക്ഷേത്രത്തില്‍ ഒരു സഹായി ആയി ജോലി ചെയ്യുവാനും തുടങ്ങി. ഇവിടെ വെച്ചാണ് കാവ്യ ദേവത ആശാനെ അനുഗ്രഹിച്ചതെന്നു പറയപ്പെടുന്നു.
[തിരുത്തുക] യുവാവായ ആശാന്‍
ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അരുവിപ്പുറത്തെ അന്തേവാസിയായതോടെ ആശാന്‍ ചിന്നസ്വാമിയായി അറിയപ്പെട്ടു.
ഇരുപത്തിനാലാമത്തെ വയസ്സില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂര്‍ക്ക് പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരില്‍ ഉണ്ട്.); പിന്നീട് കല്‍ക്കത്തയിലേക്കും. മൈസൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍ പല്‍പ്പുവാണ് ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായം ചെയ്തത്. മുപ്പത്തിയഞ്ചാമത്തെ വയസ്സിലാണ് ആശാന്‍ വീണപൂവ് എന്ന ഖണ്ഡകാവ്യം എഴുതിയത്. 1907 നവംബറിലെ മിതവാദിയില്‍ ഇത് പ്രസിദ്ധീകരിച്ചു.
[തിരുത്തുക] ആശാന്റെ കൃതികള്‍
വീണപൂവ്, സിംഹപ്രസവം, നളിനി, ലീല, ശ്രീബുദ്ധചരിതം, ബാലരാമായണം, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ, പുഷ്പവാടി, മണിമാല, വനമാല ഇവയ്ക്കു പുറമേ ആദ്യകാലത്ത് ശാങ്കരശതകം, സുബ്രഹ്മണ്യശതകം എന്നിവ രചിച്ചു. മേഘസന്ദേശം, വിചിത്രവിജയം, പ്രബോധചന്ദ്രോദയം എന്നീ നാടകങ്ങള്‍ വിവര്‍ത്തനം ചെയ്തു.
[തിരുത്തുക] സമുദായോന്നമനം
1923 ല്‍ കുമാരനാശാന്‍ മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്റെ പേര്‍ക്കയച്ച ദീര്‍ഘമായ ഒരു കത്ത് പത്തുകൊല്ലത്തിനുശേഷം 'മതപരിവര്‍ത്തനരസവാദം' എന്ന പേരില്‍ മൂര്‍ക്കോത്തു കുമാരന്‍ പ്രസിദ്ധപ്പെടുത്തി. തിയ്യ സമുദായത്തിന്റെ ഉന്നമനത്തിനായുള്ള ശരിയായ മാര്‍ഗ്ഗം മതപരിവര്‍ത്തനമാണ് എന്നു വാദിച്ചുകൊണ്ട് സി.കൃഷ്ണന്‍ തന്നെയെഴുതിയ ലേഖനത്തിനുള്ള ചുട്ട മറുപടിയാണ് ആ കത്ത്.
അനാചാരങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ആശാന്‍ പറയുന്നു -
"ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യ സമുദായത്തിലെ അംഗങ്ങളാണ് , ഞങ്ങളാരും കുരുതി കഴിക്കാനും പൂരം തുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകള്‍ വേറെയും ഉണ്ട്. അവരും അതിനു പോകാറില്ല..... ഒരേ മതം അനുഷ്‌ടിക്കുന്ന ആളുകള്‍ അസംഖ്യങ്ങളായിരിക്കും., അവരുടെയെല്ലാം നടപടികള്‍ ഒന്നു പോലെ ഇരുന്നുവെന്ന് ഒരിടത്തും വരുന്നതല്ല. അതിന് സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റം പറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു."
1922-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ വച്ച് അന്നത്തെ വെയില്‍സ് രാജകുമാരന്‍ ആശാന് മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു.
[തിരുത്തുക] മരണം
“അന്തമില്ലാത്തൊരാഴത്തിലേക്കിതാ,
“ഹന്ത താഴുന്നു, താഴുന്നു ഞാനഹോ.”
-ദുരവസ്ഥ
എന്ന തന്‍റെ കവിതാശകലം അന്വര്ത്ഥമാക്കിക്കൊണ്ട് ആശാന്‍ 1924ല്‍ പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തില്‍ അന്‍പതാമത്തെ വയസ്സില്‍ മരിച്ചു.
Categories: ഉള്ളടക്കം | കേരളം | സാഹിത്യം