ഏ.ആര്‍.രാജരാജവര്‍മ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാളം ഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദി വ്യവസ്ഥകള്‍ എന്നിവയ്ക്ക് നിയതമായ രൂപരേഖകളുണ്ടാക്കിയ പ്രശസ്ത പണ്ഡിതന്‍, മലയാളത്തിലെ പ്രഥമഗണ്യനായ വൈയാകരണന്‍, കവി, വിദ്യാഭ്യാസപരിഷ്കര്‍ത്താവ്. സംസ്കൃതം ഭാഷാശാസ്ത്രജ്ഞനായ പാണിനി, അഷ്ടാദ്ധ്യായി ഉള്‍പ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതം വ്യാകരണത്തിനു ശാസ്ത്രീയമായ ചട്ടക്കൂടുകള്‍ നിര്‍വ്വചിച്ചതിനു സമാനമായി കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആര്‍.രാജരാജവര്‍മ്മയുടെതായിട്ടുണ്ടു്. മലയാളം വ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതില്‍ ഏ.ആറിന്റെ സംഭാവനകള്‍ കണക്കിലെടുത്തു അദ്ദേഹത്തെ കേരളപാണിനി, അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
മലയാളിയുടെ ഭാഷാദര്‍ശനത്തിലും സാഹിത്യവിചാരത്തിലും ഗുരുപദവിയിലിരിക്കുന്ന കേരളപാണിനി എന്ന ഏ.ആര്‍. രാജരാജവര്‍മ്മ കൊല്ലവര്‍ഷം 1038 കുംഭം 9-ന് (1863 ഫെബ്രുവരി 2-ന്) ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തില്‍ ജനിച്ചു. അമ്മ, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മാതൃസഹോദരീപുത്രി ഭരണിതിരുനാള്‍ അംബാലിക(കുഞ്ഞിക്കാവു)ത്തമ്പുരാട്ടി. അച്ഛന്‍ കിടങ്ങൂര്‍ ഓണംതുരുത്തി പാറ്റിയാല്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി. അമ്മാവന്‍ രാജരാജവര്‍മ്മ. കൊച്ചപ്പന്‍ എന്നായിരുന്നു കുട്ടിയുടെ ഓമനപ്പേര്.
ലക്ഷ്മീപുരം കൊട്ടാരം അന്ന് ധനപുഷ്ടികൊണ്ട് അനുഗൃഹീതമായിരുന്നുവെങ്കിലും അന്തശ്ഛിദ്രത്താല്‍ അശാന്തമായിക്കഴിഞ്ഞിരുന്നു. തന്മൂലം അതിലെ ഒരു ശാഖ മൂത്തകോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ ആദ്യം കാര്‍ത്തികപ്പള്ളിയിലേയ്ക്കും പിന്നീട് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലേയ്ക്കും താമസം മാറ്റി. ഈ കൊട്ടാരം മഹാരാജാവിന്റെ സഹായത്തോടെ മൂത്തകോയിത്തമ്പുരാന്‍ തന്നെ പണി കഴിപ്പിച്ചതായിരുന്നു. അങ്ങനെ അനന്തപുരത്ത് താമസമാക്കിയ താവഴിയില്‍ രാജരാജവര്‍മ്മയും ഉള്‍പ്പെട്ടു. അന്നദ്ദേഹത്തിന്ന് രണ്ടു വയസ്സേ ആയിരുന്നുള്ളു.'എ.ആര്‍.'എന്ന നാമാക്ഷരിയിലെ 'എ' അനന്തപുരം കൊട്ടാരത്തേയാണ് സൂചിപ്പിക്കുന്നത്.
പനച്ചിക്കാട്ട് ദേവീക്ഷേത്രത്തില്‍ ഭജനയും ചുനക്കര ശങ്കുണ്ണിവാരിയരുടെ കീഴില്‍ സംസ്കൃത പഠനവുമായി അനന്തപുരത്തു രാജരാജവര്‍മ്മ രാജരാജവര്‍മ്മഎന്ന കൊച്ചപ്പന്റെ ബാല്യം കടന്നുപോയി. ആയില്യം തിരുനാള്‍ മഹാരാജാവിനാല്‍ നാടു കടത്തപ്പെട്ട കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ഹരിപ്പാട്ടു താമസമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ ഈ വിദ്യാഭ്യാസം തുടന്നു. രാജരാജവര്‍മ്മയുടെ മാതുലനായിരുന്നു കേരളവര്‍മ്മ. ആയില്യം തിരുനാളിന്റെ കാലശേഷം വിശാഖംതിരുനാള്‍ സ്ഥാനാരോഹണം ചെയ്‌തതോടെ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുവനന്തപുരത്തേയ്ക്കുതന്നെ താമസം മാറ്റി. 1056-ല്‍ അദ്ദേഹം ഭാഗിനേയനേയും അങ്ങോട്ട് കൂട്ടിക്കൊണ്ടുപോകയും മഹാരാജാസ് ഹൈസ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുകയും ചെയ്‌തു. 1059-ല്‍ അമ്മ മരിച്ചതിനാല്‍ സ്കൂളില്‍ പോകുന്നതിന്ന് തടസ്സം നേരിട്ടുവെങ്കിലും ദീര്‍ഘകാലം കഴിയും വരെ രാജകൊട്ടാരത്തില്‍ വിശാഖംതിരുനാളിന്റെ മകനോടൊത്ത് ട്യൂട്ടര്‍മാരുടെ കീഴില്‍ പഠിക്കാന്‍ അനുവാദം കിട്ടി. അങ്ങനെ മട്രിക്കുലേഷന്‍ പാസ്സാവുകയും ചെയ്‌തു.1061-ല്‍ എഫ്.എ.പരീക്ഷയും 1064-ല്‍ രസതന്ത്രം ഐച്ഛികമായെടുത്ത് ബി.എ.പരീക്ഷയും പാസ്സായി.
ബിരുദമെടുക്കുന്നതിന്ന് മൂന്നുമാസം മുമ്പ് രാജരാജവര്‍മ്മ വിവാഹിതനായി. മൂത്ത കോയിത്തമ്പുരാന്റെ തൃതീയപുത്രി മഹാപ്രഭതമ്പുരാട്ടിയായിരുന്നു വധു.
1065-ല്‍ രാജരാജവര്‍മ്മ സംസ്കൃതത്തില്‍ എം.എ. പാസ്സായി. ആയിടയ്ക്കുതന്നെയാണ് അദ്ദേഹം തിരുവനന്തപുരത്ത് സംസ്കൃതപാഠശാലാപരിശോധകനായി ഉദ്യോഗത്തില്‍ പ്രവേശിച്ചത്. നാലു കൊല്ലത്തിനുശേഷം സംസ്കൃതകോളേജ് പ്രിന്‍സിപ്പലായും 1074-ല്‍ മഹാരാജാസ് കോളേജില്‍ നാട്ടുഭാഷാപര്യവേക്ഷകനായും അദ്ദേഹം നിയമിതനായി. പതിനൊന്നു കൊല്ലം കഴിഞ്ഞ്, 1085-ല്‍ അവിടെത്തന്നെ സംസ്കൃതത്തിന്റെയും ദ്രാവിഡഭാഷകളുടെയും പ്രൊഫസറായി ചാര്‍ജ്ജെടുത്തു.
ആ സ്ഥാനത്തിരിക്കേ, സാധാരണ ജലദോഷപ്പനിയായി ആരംഭിച്ച അസുഖം സന്നിപാതജ്വരമായി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 1093 മിഥുനം 4-ന് (1918 ജൂണ്‍ 18-ന്) മാവേലിക്കര ശാരദാലയത്തില്‍ വെച്ച് 56 വയസ്സുള്ളപ്പോള്‍ ആ മഹാപ്രതിഭ, ഭാരതം കണ്ട അഭിനവപാണിനി, ഇഹലോകവാസം വെടിഞ്ഞു.
അദ്ദേഹത്തിനു മക്കളായി മൂന്ന് ആണും അഞ്ചു പെണ്ണും ഉണ്ടായിരുന്നു.
രാജരാജവര്‍മ്മയുടെ ജീവിതത്തിലെ വിശദാംശങ്ങള്‍ അറിയാന്‍ താത്പര്യമുള്ളവരെ അദ്ദേഹത്തിന്റെ മക്കളായ ഭാഗീരഥിഅമ്മത്തമ്പുരാനും എം.രാഘവവര്‍മ്മയും ചേര്‍ന്ന് എഴുതിയ ‘രാജരാജവര്‍മ്മ’ എന്ന പുസ്തകം സഹായിക്കും. മൂന്നുഭാഗങ്ങളിലായി സാമാന്യം വിസ്തരിച്ചെഴുതിയ ഈ ജീവചരിത്രഗ്രന്ഥത്തില്‍നിന്നും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ഒരേകദേശരൂപവും ലഭിയ്ക്കും.
[തിരുത്തുക] ഔദ്യോഗികജീവിതവും വിദ്യാഭ്യാസപരിഷ്കാരങ്ങളും
സംസ്കൃതകോളേജിലായിരുന്ന കാലത്ത് അവിടെ സംസ്കൃതത്തിന്നു പുറമെ ഭൂമിശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ ഇതര വിഷയങ്ങള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തുക, എല്ലാ ദരിദ്രവിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിവേതനം അനുവദിക്കുക, അദ്ധ്യാപകര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പരിചയം ഉണ്ടാക്കുക, കൃത്യവും ആസൂത്രിതവുമായ സമയവിവരപ്പട്ടികകള്‍ വെച്ച് അദ്ധ്യാപനം ചിട്ടപ്പെടുത്തുക എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങള്‍ രാജരാജവര്‍മ്മ ഏര്‍പ്പെടുത്തി. സിലബസ് പരിഷ്കരണം നടപ്പിലാക്കാന്‍ ആവശ്യമായ പാഠ്യപുസ്തകങ്ങളും അദ്ദേഹം അക്കാലത്ത് വിരചിച്ചു. അഞ്ചുകൊല്ലത്തെ സേവനത്തിനുശേഷം പ്രിന്‍സിപ്പല്‍ സ്ഥാനം ഗണപതിശാസ്ത്രികളെ ഏല്‍പിച്ച് മഹാരാജാസ് കോളേജിലേയ്ക്ക് പോയെങ്കിലും മരിക്കുന്നതുവരെ സംസ്കൃതകോളേജിന്റെ കാര്യത്തില്‍ നിതാന്തശ്രദ്ധ പുലര്‍ത്തുവാനും കഴിയുന്ന സഹായങ്ങള്‍ അപ്പപ്പോള്‍ ചെയ്‌തുകൊടുക്കുവാനും അദ്ദേഹം നിഷ്കര്‍ഷിച്ചുപോന്നു.
മഹാരാജാസ് കോളേജില്‍ നാട്ടുഭാഷാസൂപ്രണ്ടും പിന്നീട് പ്രൊഫസറുമായി ജോലിനോക്കിയിരുന്ന കാലത്ത് കോളേജിലെ നാട്ടുഭാഷാധ്യാപകരുടെ ശോചനീയാവസ്ഥയ്ക്ക് അറുതിവരുത്തുവാന്‍ രാജരാജവര്‍മ്മ ചെയ്‌ത യത്നങ്ങള്‍ ശ്ലാഘനീയങ്ങളാണ്, സഫലങ്ങളാണ്. ഇതര വകുപ്പു മേധാവികളായ സായ്പുമാരുടെ ഗ്രേഡും ശമ്പളവും മലയാളം, സംസ്കൃതം തുടങ്ങിയ ഭാഷാവിഭാഗങ്ങളിലെ മേധാവികള്‍ക്കുകൂടി വകവെപ്പിച്ചെടുക്കാന്‍ ഏ.ആറിനു കഴിഞ്ഞു. കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയവ അന്ന് ക്ലാസ്സിലെ ആവശ്യത്തിനു പാകത്തില്‍ തയ്യാറാക്കിയ ഗ്രന്ഥങ്ങളാണ്. മാതുലനായ "വലിയകോയിത്തമ്പുരാന്റെ" വിയോഗം കൊണ്ടും സ്വപുത്രന്റെ അകാലമൃത്യുകൊണ്ടും മറ്റും അനുഭവിക്കേണ്ടിവന്ന തീവ്രദുഃഖം സഹനീയമായത് ഇതുപോലുള്ള ഗ്രന്ഥങ്ങളുടെ നിര്‍മ്മിതിയില്‍ മുഴുകിയതു കൊണ്ടാണെന്ന് ഏ.ആര്‍. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
പാണ്ഡിത്യം കൊണ്ടായാലും ഭാഷാസ്വാധീനം കൊണ്ടായാലും കേരളപാണിനിക്ക് സംസ്കൃതവും മലയാളവും തമ്മില്‍ ഭേദമുണ്ടായിരുന്നില്ല. കാവ്യങ്ങളും വ്യാകരണഗ്രന്ഥങ്ങളുമായി ഇദ്ദേഹത്തിന്റെ ഇരുപത്തിരണ്ടു കൃതികള്‍ സംസ്കൃതത്തിലുണ്ട്; മലയാളത്തില്‍ ഇരുപത്തൊന്നും. ഗ്രന്ഥ രചനയ്ക്കുപുറമെ തന്റേതായ ഒരു പാരമ്പര്യം മലയാളസാഹിത്യത്തില്‍ വേരുപിടിപ്പിക്കുവാനും ഏ.ആര്‍.നു കഴിഞ്ഞു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ തഴച്ചുവന്ന നിയോക്ലാസ്സിക് പ്രവണതയ്ക്ക് തക്ക സമയത്തു കടിഞ്ഞാണിടാനും, ഭാഷാസഹിതിയെ നിര്‍ണായകമായ ഒരു ദശാസന്ധിയില്‍ നേര്‍വഴിക്കു തിരിച്ചുവിടാനും ശക്‌തിയും വിവേകവും കാണിച്ചു എന്നത് അദ്ദേഹത്തിന്റെ സാഹിത്യബോധത്തിന്ന് അവകാശപ്പെടാവുന്ന ഒരു വലിയ നേട്ടമാണ്. മുന്‍തലമുറയുടെയും പിന്മുറയുടെയും കാലാഭിരുചികളോട് സുദൃഢമായി ഇണങ്ങിനില്‍ക്കാന്‍ തക്കവണ്ണം തരംഗവൈവിധ്യമാര്‍ന്ന സംവേദനശേഷിയുടെ ഉടമയായിരുന്നു രാജരാജവര്‍മ്മ. വൈയാകരണന്മാര്‍ തദ്ധിതമൂഢന്മാരായ ശുഷ്കപണ്ഡിതന്മാരാണെന്ന ജനബോധം, പുതുമക്കാര്‍ പറയുമ്പോലെ, തിരുത്തിക്കുറിക്കുകമാത്രമല്ല, താനൊരു ഗതിപ്രതിഷ്ഠാപകന്‍ (trend setter) ആണെന്ന് തെളിയിക്കുകകൂടി ചെയ്‌തു അദ്ദേഹം.
[തിരുത്തുക] രാജരാജവര്‍മ്മയുടെ കൃതികള്‍
സ്വന്തം ഉദ്യോഗമായ ഭാഷാ അദ്ധ്യയനത്തിന് പ്രയുക്തമായ പാഠപുസ്തകങ്ങളുടെ അഭാവമാണ് കേരളപാണിനിയെ ഒരു മഹദ്ഗ്രന്ഥകാരനാക്കി മാറ്റിയത് എന്നു പറയാം. എങ്കിലും പില്‍ക്കാലത്ത് ഒരു ഭാഷയുടെ തന്നെ ചട്ടക്കൂടുകള്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പോന്ന അസ്ഥിവാരക്കല്ലുകളായി അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മാറി.
ഇതുവരെ കണ്ടെടുക്കപ്പെട്ടതായി 33 മലയാളകൃതികള്‍, 66 ലേഖനങ്ങളും അവതാരികകളും, 15 സംസ്കൃതരചനകള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ കൃതികളെ കണക്കാക്കാം. ഇവയെല്ലാം വ്യത്യസ്തങ്ങളായ അദ്ദേഹത്തിന്റെ രചനാവൈഭവത്തെ എടുത്തുകാണിക്കുന്നവയുമാണ്.
രാജരാജവര്‍മ്മയുടെ വക അമൂല്യപാരിതോഷികങ്ങളായി മലയാളത്തിനു ലഭിച്ചവയാണ് ‘കേരളപാണിനീയം’ (മലയാളഭാഷാവ്യാകരണം), ഭാഷാഭൂഷണം (അലങ്കാരാദി കാവ്യനിര്‍ണ്ണയപദ്ധതി), വൃത്തമഞ്ജരി (മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതി) എന്നിവ. ഇന്നും ഈ കൃതികളാണ് പ്രസ്തുത വിഷയങ്ങളില്‍ മലയാളത്തിലെ ആധികാരിക അവലംബങ്ങള്‍.
സാഹിത്യസാഹ്യം (ഗദ്യരചനാപാഠം), ലഘുപാണിനീയം, മണിദീപിക (സംസ്കൃതവ്യാകരണം), മധ്യമവ്യാകരണം (പ്രാരംഭമലയാളവ്യാകരണം) എന്നിവയാണ് അദ്ദേഹം രചിച്ച ഭാഷാപഠനസഹായികള്‍.
തര്‍ജ്ജമസാഹിത്യത്തില്‍ ഒരു പുതിയ വഴി തുറന്നു വിട്ടവയാണ് അഭിനവപാണിനിയുടെ സ്വപ്നവാസവദത്തം, മാളവികാഗ്നിമിത്രം, ചാരുദത്തന്‍, ഭാഷാകുമാരസംഭവം, മേഘദൂത് തുടങ്ങിയവ.
നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനമായ കാന്താരതാരകം, നളിനിയുടെ അവതാരിക, പ്രാസവാദത്തിലെ യുക്തിയുക്തമായ പ്രസ്താവങ്ങള്‍ എന്നിവ മലയാളസാഹിത്യചരിത്രത്തില്‍ അദ്ദേഹത്തിനൊരു യുഗപുരുഷന്റെ പ്രഭാവം നേടിക്കൊടുത്തു.
കാല്പനികമലയാളസാഹിത്യചരിത്രത്തിലെ വര്‍ണ്ണാഭമായ ഒരേടാണ് മലയവിലാസം.
മദ്ധ്യകാലഘട്ടത്തിനുശേഷമുള്ള മൌലികമായ സംസ്കൃതകൃതികളില്‍ `ആംഗലസാമ്രാജ്യ’ത്തിന് സമുന്നതപദവി തന്നെയുണ്ടെന്ന് പണ്ഡിതന്മാരും സമ്മതിച്ചു തന്നിട്ടുണ്ട്.
താഴെപ്പറയുന്നവയാണ് രാജരാജവര്‍മ്മയുടെ മുഖ്യ കൃതികള്‍:
[തിരുത്തുക] സംസ്കൃതം
[തിരുത്തുക] വ്യാകരണം / ശാസ്ത്രം
- ലഘുപാണിനീയം - I - 1909
- ലഘുപാണിനീയം - II -1912
- ഋഗ്വേദകാരിക
- ചിത്രനക്ഷത്രമാല
- കരണപരിഷ്കരണം
[തിരുത്തുക] സാഹിത്യം
- സാഹിത്യകുതൂഹലം (14 കൃതികളുടെ സമാഹാരം)
- ഉദ്ദാലചരിതം (Othello- Abridged Version) - 1898
- ആംഗലസാമ്രാജ്യം - 1905
- വിടവിഭാവരി
- തുലാഭാരപ്രബന്ധം
- രുക്മിണീഹരണം പ്രബന്ധം
[തിരുത്തുക] മലയാളം
[തിരുത്തുക] വ്യാകരണം / ശാസ്ത്രം
- കേരളപാണിനീയം
- ഭാഷാഭൂഷണം
- വൃത്തമഞ്ജരി
- ശബ്ദശോധിനി
- സാഹിത്യസാഹ്യം
- മദ്ധ്യമവ്യാകരണം
- പ്രഥമവ്യാകരണം
- മണിദീപിക
[തിരുത്തുക] പരിഭാഷകള്‍
- മലയാളശാകുന്തളം (കാളിദാസന്‍)
- മാളവികാഗ്നിമിത്രം (കാളിദാസന്‍)
- ഭാഷാകുമാരസംഭവം (കാളിദാസന്‍)
- മേഘദൂത് (കാളിദാസന്‍)
- സ്വപ്നവാസവദത്തം (ഭാസന്‍)
- ചാരുദത്തന്‍ (ശൂദ്രകന്‍)
[തിരുത്തുക] വ്യാഖ്യാനങ്ങള്‍
- മര്‍മ്മപ്രകാശം
- ഭാഷാശാകുന്തളം
- നളചരിതം ആട്ടക്കഥ ( കാന്താരതാരകം വ്യാഖ്യാനം)
[തിരുത്തുക] മൌലികകൃതികള്‍
- മലയവിലാസം
- പ്രസാദമാല
- പ്രബന്ധസംഗ്രഹം
Categories: ഉള്ളടക്കം | കേരളം | സാഹിത്യം | ജീവചരിത്രം