ഇളംകുളം കുഞ്ഞന്‍പിള്ള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ പണ്ഡിതനും ഗവേഷകനുമായ ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ള എന്ന ഇളംകുളം കുഞ്ഞന്‍പിള്ള, 1904 നവംബര്‍ 8ന് ആണ് ജനിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തുമായിട്ടായിരുന്നു ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ജീവിതം.
കൊല്ലത്തെ ഇളംകുളം പുത്തന്‍പുരക്കല്‍ കുടുംബത്തില്‍ നാണിക്കുട്ടിയമ്മയുടേയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റേയും മകനായാണ് പി.എന്‍.കുഞ്ഞന്‍പിള്ള ജനിച്ചത്.
പറവൂരിലും മണിയാംകുളത്തും പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം കുഞ്ഞന്‍പിള്ള കുറച്ചുനാള്‍ സ്കൂള്‍ അദ്ധ്യാപകനായി. കൊല്ലത്തെ മലയാളം ഹൈസ്കൂളിലും തിരുവനന്തപുരം എസ്.എം.വി. സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1927 ല്‍ ഇന്റര്‍ മീഡിയേറ്റ് പരീക്ഷയും പിന്നാലെ മലയാളം വിദ്വാന്‍ പരീക്ഷയും പാസ്സായി. തുടര്‍ന്ന് അണ്ണാമല സര്‍വകലാശാലയില്‍നിന്നും സംസ്കൃതം ഐച്ഛികമായി ബി.എ. ഓണേഴ്‌സ് എടുത്തു.
1929 ല്‍ 'സാഹിത്യമാലിക'യില്‍ അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കിശേഷം പഠിച്ച ആര്‍ട്‌സ് കോളേജില്‍തന്നെ ലക്ചററായി . യൂണിവേഴ്‌സിറ്റി കോളേജ് തുടങ്ങിയപ്പോള്‍ അവിടെ പൌരസ്ത്യഭാഷാ വകുപ്പില്‍ അദ്ധ്യാപകനായി.
തിരുവിതാംകൂര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഇദ്ദേഹം മുംബൈ, ഡല്‍ഹി, പട്‌ന, അഹമ്മദാബാദ്, കട്ടക്ക് എന്നിവിടങ്ങളില്‍ നടന്ന ഹിസ്റ്റോറിക്കല്‍ ആന്റ് ഓറിയന്റല്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുണ്ട്
തിരുവനന്തപുരത്തു വെച്ച് 1973 മാര്‍ച്ച് 3 ന് ഇളംകുളം കുഞ്ഞന്‍പിള്ള അന്തരിച്ചു.
[തിരുത്തുക] കുഞ്ഞന്‍പിള്ളയുടെ സംഭാവനകള്‍
സൂക്ഷ്‌മതയും തെളിമയാര്‍ന്ന ശൈലിയും ഇളംകുളത്തിന്റെ സവിശേഷതയായിരുന്നു. ചരിത്രാപഗ്രഥനത്തിന്റേയും ഭാഷാപഗ്രഥനത്തിന്റേയും സരളത, അദ്ദേഹത്തിന്റെ രചനകള്‍ ക്ലിഷ്ടമായ പണ്ഡിത്യപ്രകടനമാകാതെ പോകാന്‍ സഹായിച്ചു.
പഠിച്ചും പഠിപ്പിച്ചുമാണ് കുഞ്ഞന്‍പിള്ള വളര്‍ന്നത്. മലയാളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സാംസ്കാരിക ചരിത്രത്തിലും ഭാഷാ ചരിത്രത്തിലുമൊക്കെ നിറഞ്ഞുനിന്ന അബദ്ധങ്ങളാണ് ഈവിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്താന്‍ കുഞ്ഞന്‍ പിള്ളയെ പ്രേരിപ്പിച്ചത്.
കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, ജ-ന്മിസമ്പ്രദായം കേരളത്തില്‍, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍ തുടങ്ങിയ പ്രൌഢമായ ചരിത്ര കൃതികളും കേരള ഭാഷയുടെ വികാസ പരിണാമങ്ങള്‍, ഭാഷയും സാഹിത്യവും, ഉണ്ണുനീലി സന്ദേശം, കോകസന്ദേശം, നളചരിതം ആട്ടക്കഥ, ലീലാതിലകം എന്നീ ഗ്രന്ഥങ്ങളുടെ പഠനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സാഹിത്യ കൃതികളും കുഞ്ഞന്‍പിള്ള കൈരളിക്ക് സമ്മാനിച്ചു.
സ്റ്റഡീസ് ഇന്‍ കേരള ഹിസ്റ്ററി, സം പ്രോബ്ലംസ് ഇന്‍ കേരള ഹിസ്റ്ററി എന്നീ ഇംഗ്ലീഷ് കൃതികളും പണ്ടയ്യ കേരള എന്ന തമിഴ് കൃതിയും അദ്ദേഹം രചിച്ചു.
സംസ്കൃതം പഠിപ്പിച്ചത്, മലയാളവും ഭാഷാശാസ്ത്രവും, ഗവേഷണവും പെരുമയും - ചരിത്രത്തില്‍ ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ ചെയ്‌തികളെ ഇങ്ങനെ കനക്കെ ചുരുക്കാം. ഒരു മികച്ച അദ്ധ്യാപകന്‍ കൂടിയായിരുന്നു കുഞ്ഞന്‍പിള്ള.
വട്ടെഴുത്തിലും കോലെഴുത്തിലും ഗ്രന്ഥലിപിയിലുമൊക്കെ പ്രഗല്‍ഭനായ ഇദ്ദേഹം ലിപി വിജ്ഞാനീയത്തിലും ജ്യോതിശ്ശാസ്ത്രത്തിലുമൊക്കെ അഗാധ പാണ്ഡിത്യം നേടിയിരുന്നു. നിഷ്പക്ഷവും ഏകാന്തവുമായ യാത്രകളായിരുന്നു കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലൂടെ അദ്ദേഹം നടത്തിയത്. അവയൊക്കെ അന്നും ഇന്നും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകന്‍മാര്‍ക്കുമൊക്കെ പ്രയോജനകരമായി നിലകൊള്ളുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ പണ്ടാരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിച്ച വഴികാട്ടി ആയിരുന്നു അദ്ദേഹമെന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ ഇളംകുളത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന പ്രൊഫ. ഗുപ്തന്‍നായര്‍ പറയുന്നു. “ഉണ്ണുനീലി സന്ദേശം” വ്യാഖ്യാനം പ്രസിദ്ധീകരിച്ചു. ഒരു ഗവേഷകന്‍ എന്ന നിലയില്‍ വ്യക്തിത്വം ഉറപ്പിച്ചത്. ആവര്‍ഷംതന്നെ പുറത്തിറങ്ങിയ “ഉണ്ണുനീലി സന്ദേശം ചരിത്ര ദൃഷ്ടിയില്‍കൂടി” എന്ന കൃതി ഈ സന്ദേശകാവ്യത്തെ കുറിച്ചുള്ള പുതിയ വെളിപാടായി.